1 GBP = 103.80

അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ല; ഗൂഢാലോചന കേസിൽ പ്രതികൾ ഫോണുകൾ ഇന്ന് കൈമാറില്ല

അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ല; ഗൂഢാലോചന കേസിൽ പ്രതികൾ ഫോണുകൾ ഇന്ന് കൈമാറില്ല

നടൻ ദിലീപ് ഉൾപ്പെട്ട ഗൂഢാലോചന കേസിൽ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട ഫോണുകൾ പ്രതികൾ ഇന്ന് കൈമാറില്ല. ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി അഭിഭാഷകനെ ഏൽപിച്ചെന്നാണ് പ്രതിഭാഗത്തിന്റെ വിശദീകരണം. അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്തതിനാലാണ് ശാസ്ത്രീയ പരിശോധനയ്ക്കായി ഫോണുകൾ അഭിഭാഷകനെ ഏൽപിച്ചതെന്ന് പ്രതിഭാഗത്തിന്റെ വിശദീകരണം. ഫോണുകൾ ഹാജരാക്കില്ലെന്ന വിവരം പ്രതികൾ രേഖാമൂലം അറിയിക്കും.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഡാലോചനയിൽ കേസ് എടുത്തതിന് പിന്നാലെ ദിലീപ് അടക്കമുള്ള പ്രതികൾ ഒളിപ്പിച്ച മൊബൈൽ ഫോണുകൾ ഇന്ന് ഉച്ചയോടെ ഹാജരാക്കണമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചിരുന്നു എന്നാൽ ഫോണുകൾ പ്രതികൾ ഇന്ന് കൈമാറില്ല. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുൻപ് ക്രൈം ബ്രാ‌ഞ്ചിന് മുന്നിൽ ഫോണുകൾ ഹാജരാക്കാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്. ദിലീപ്, സഹോദരൻ അനൂപ്, അപ്പു അടക്കം മൂന്ന് പ്രതികൾക്കാണ് ക്രൈം ബ്രാ‌ഞ്ച് നോട്ടീസ് നൽകിയത്.

ഡിസംബർ ഒമ്പതിന് വധഭീഷണി കേസ് എടുത്തതിന് പിന്നാലെ പ്രതികൾ ഉപയോഗിച്ച അഞ്ച് ഫോണുകൾ പെട്ടെന്ന് മാറ്റുകയും പുതിയ ഫോണുകളിൽ സിംകാർഡ് ഇട്ടുവെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. ഗൂഡാലോചനയുടെ നിർണ്ണായക തെളിവുകൾ ലഭിക്കുമായിരുന്ന ഫോൺ ഒളിപ്പിച്ചത് തെളിവ് നശിപ്പിക്കാൻ ആണെന്നാണ് ക്രൈം ബ്രാ‌ഞ്ച് വിലയിരുത്തൽ.

പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്ത ഫോൺ പുതിയവയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ദിലീപ് അടക്കമുള്ള പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരായതും പുതിയ ഫോണുകളുമായാണ്. ഇന്ന് ഉച്ചയോടെ ഫോൺ ഹാജരാക്കിയില്ലെങ്കിൽ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ച് പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് ഫലം ഇന്നലെ ഉച്ചയ്ക്ക് മാത്രമാണ് ലഭിച്ചത്. ഇതിൻമേൽ ചോദ്യം ചെയ്യാനാണ് കോടതിയുടെ അനുമതി തേടുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more