1 GBP = 102.88
breaking news

ജനപ്രിയ നടന്‍ വില്ലനായി ജയിലിലേക്ക്

ജനപ്രിയ നടന്‍ വില്ലനായി ജയിലിലേക്ക്

കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തിയതില്‍ ഗൂഢാലോചന വ്യക്തമായതോടെ മലയാള സിനിമയെ മൊത്തത്തില്‍ നിയന്ത്രിച്ചിരുന്ന ജനപ്രിയനായകന്‍ ദിലീപ് (48) അറസ്റ്റിലായി. വ്യക്തിവൈരാഗ്യം മൂര്‍ച്ഛിച്ചതോടെ ഇവരെ വരുതിയിലാക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്നാണ് വിവരം. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ കഴിഞ്ഞ അഞ്ചു ദിവസം ചോദ്യം ചെയ്തതോടെയാണ് ഗൂഢാലോചനയെക്കുറിച്ചുള്ള നിര്‍ണാകയ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചത്. ഇയാളുമായി ദിലീപിന് വര്‍ഷങ്ങളായി അടുത്തബന്ധമുണ്ടെന്നും വ്യക്തമായി. ഇന്നലെ രാവിലെ പള്‍സര്‍ സുനിയെ കോടതിയില്‍ മടക്കി ഏല്‍പ്പിച്ചതിന് തൊട്ടു പിന്നാലെ ഒരു മുന്നറിയിപ്പു പോലും നല്‍കാതെയും ആരുമറിയാതെയും ദിലീപിനെ വിളിച്ചുവരുത്തി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി.

ഏഴു മണിക്കൂര്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിനൊടുവില്‍ രാത്രി ഏഴു മണിയോടെ ആലുവ പൊലീസ് കഌിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ദിലീപിന്റെ അടുത്ത സുഹൃത്തുക്കള്‍ ഉള്‍പ്പെടെ കൂടുതല്‍ പേരുടെ അറസ്റ്റിന് വരും ദിവസങ്ങളില്‍ സാദ്ധ്യതയുണ്ട്. ദിലീപ് ഇപ്പോഴും ആലുവ പൊലീസ് കഌിലാണ്. സിനിമാലോകത്തെ ഞെട്ടിപ്പിച്ച പൊലീസ് നീക്കം നാടകീയവും അതീവരഹസ്യവുമായിരുന്നു. അറസ്റ്റിനുശേഷമാണ് വാര്‍ത്ത പുറത്തുവന്നത്. കഴിഞ്ഞ മാസം 28 ന് ദിലീപ്, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരെ 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. അന്ന് അറസ്റ്റിലേക്ക് ചോദ്യം ചെയ്യല്‍ എത്തിയെങ്കിലും ഉന്നതര്‍ ഇടപെട്ടതോടെ വിട്ടയച്ചു. അന്ന് ദിലീപ്, നാദിര്‍ഷ, അപ്പുണ്ണി എന്നിവര്‍ നല്‍കിയ മൊഴികള്‍ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ്. വിശദമായ പരിശോധനയിലൂടെയും ശാസ്തീയ മാര്‍ഗങ്ങളിലൂടെയും മുന്നേറിയ അന്വേഷണസംഘം കഴിഞ്ഞ ദിവസം സുനിയെ ചോദ്യം ചെയ്തതോടെ ഗൂഢാലോചനയിലെ വ്യക്തമായ തെളിവുകള്‍ കൈക്കലാക്കി. കോടതിയില്‍ തെളിവുകള്‍ നിലനില്ക്കുമെന്ന് നിയമോപദേശം ലഭിക്കുകകൂടി ചെയ്തതോടെ ഉന്നത പൊലീസ് നേതൃത്വം ദിലീപിന്റെ അറസ്റ്റിന് അനുമതി നല്‍കി.

മുഖ്യമന്ത്രി പിണറായി വിജയനെയും കൃത്യമായി കാര്യങ്ങള്‍ ധരിപ്പിച്ചു. നടപടിക്രമങ്ങളില്‍ ഒരു വീഴ്ചയുമുണ്ടാകാതെ അതീവജാഗ്രതയിലാണ് അറസ്റ്റ് പൂര്‍ത്തിയാക്കിയത്. ചോദ്യം ചെയ്യലില്‍ ദിലീപ് കുറ്റം സമ്മതിച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഫെബ്രുവരി 17 ന് രാത്രിയിലാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന നടിയുടെ വാഹനം തട്ടിയെടുത്ത് അക്രമിച്ചത്. കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെ അറസ്റ്റിലായ ഏഴു പേര്‍ക്കെതിരെ കുറ്റപ്പത്രം സമര്‍പ്പിച്ചിരുന്നു . അതിനു ശേഷമാണ് ഗൂഢാലോചനയില്‍ വിശദമായി അന്വേഷണം നടന്നത്. ഇത് ഒരാളുടെ ക്വട്ടേഷനാണെന്ന് നടി വെളിപ്പെടുത്തിയതും, ഗൂഢാലോചനയും ക്വട്ടേഷനും സിനിമാരംഗത്തെ ഉന്നതന്റേതാണെന്ന് പള്‍സര്‍ സുനി പറഞ്ഞെന്ന സഹതടവുകാരന്റെ മൊഴിയും മാധ്യമങ്ങളാണ് ആദ്യം പുറത്തുകൊണ്ടുവന്നത്.

അറസ്റ്റിലേക്ക് നീങ്ങിയ വഴികള്‍

1 സഹതടവുകാരന്‍ ജിന്‍സന്റെ മൊഴി
പള്‍സര്‍ സുനിക്കൊപ്പം കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞ മോഷണക്കേസ് പ്രതി തൃശൂര്‍ സ്വദേശി ജിന്‍സന്റെ വെളിപ്പെടുത്തല്‍ നിര്‍ണായകമായി. ദിലീപിന്റെ ക്വട്ടേഷനാണെന്ന് സുനി പറഞ്ഞെന്ന വിവരം ഇയാള്‍ പൊലീസിന് കൈമാറി. ഇതോടെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കി.

2 പള്‍സര്‍ ദിലീപിനെഴുതിയ കത്ത്
സൗണ്ട് തോമാ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങള്‍ ആരോടും പറഞ്ഞിട്ടില്ലെന്നും ദിലീപേട്ടനെ സേഫാക്കിയെ നിന്നിട്ടുള്ളുവെന്നും ഭീഷണിയുടെ ഭാഷയില്‍ പള്‍സര്‍ സുനി എഴുതിയ കത്ത്. കാക്കനാട്ടെ ഷോപ്പിലെത്തിയെങ്കിലും എല്ലാവരും ആലുവയിലാണെന്ന് അറിഞ്ഞെന്നും പരാമര്‍ശം. പറഞ്ഞ പണം നല്‍കാന്‍ സമയം അനുവദിക്കാമെന്നും കത്തില്‍ പറയുന്നു. കത്തെഴുതിയത് ഏപ്രില്‍ 12 ന്. ദിലീപ് 20 ന് ഡി.ജി.പിക്ക് പരാതി നല്‍കി. എന്നാല്‍, കേസെടുക്കാതെ ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെടുത്തി വിശദമായ അന്വേഷണമാണ് പൊലീസ് നടത്തിയത്.

3 തെളിവായി ജയിലിലെ ഫോണ്‍വിളി
സുനി മൊബൈല്‍ ഫോണിലൂടെ അപ്പുണ്ണിയെ നിരവധി തവണ വിളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്ന് ജിന്‍സന്‍ മൊഴി നല്‍കി. ഇവര്‍ സംരക്ഷിക്കുമോയെന്ന് ചോദിച്ചപ്പോള്‍ ദിലീപിനും നാദിര്‍ഷയ്ക്കും തന്നെ ഒഴിവാക്കാന്‍ കഴിയില്ലെന്ന് സുനി പറഞ്ഞതായും ജിന്‍സണ്‍ വ്യക്തമാക്കി. ഒരു സ്ത്രീയെക്കുറിച്ച് സംസാരമില്ലേയെന്നും സുനി ചോദിച്ചു. ഇക്കാര്യങ്ങള്‍ മജിസ്‌ട്രേട്ടിന് നല്‍കിയ രഹസ്യമൊഴിയില്‍ ജിന്‍സന്‍ ആവര്‍ത്തിച്ചു.

4 കാക്കനാട്ടെ ഷോപ്പ്
സുനി കത്തില്‍ പരാമര്‍ശിച്ചിരുന്ന കാക്കനാട്ടെ ഷോപ്പ് കാവ്യാ മാധവന്റേതാണെന്ന് വ്യക്തമായി. ഇവിടെ നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ഏല്‍പ്പിച്ചെന്നാണ് സുനിയുടെ മൊഴി. ഷോപ്പിലെ സി.സി.ടി.വി കാമറിയിലെ ഹാര്‍ഡ് ഡിസ്‌ക്ക് ഫോറന്‍സിക് പരിശോധനയ്ക്ക് കൈമാറിയിരുന്നു. ഇവിടെ നിന്ന് അന്ന് സുനി പൈസ വാങ്ങിയെന്ന ആരോപണവും അന്വേഷണവിധേയമായിരുന്നു.

5 ദൈവം കൈയൊപ്പിട്ട ദൃശ്യം
പള്‍സര്‍ സുനിയെ കണ്ടിട്ടുമില്ല അറിയുകയുമില്ല എന്നു പറഞ്ഞ ദിലീപിനെ വെട്ടിലാക്കി ജോര്‍ജേട്ടന്‍സ് പൂരത്തിലെ ഷൂട്ടിംഗ് ലൊക്കേഷനിലെ ദൃശ്യങ്ങള്‍ പുറത്തായി. തൃശൂര്‍ നഗരത്തിലെ പ്രഖുഖ കഌില്‍ ഷൂട്ടിംഗ് നടക്കുന്നതിനിടെ അവിടുത്തെ ജീവനക്കാര്‍ ദിലീപിനൊപ്പം സെല്‍ഫിയെടുത്തപ്പോള്‍ അതിന് പിന്നിലായി പള്‍സര്‍ സുനി നില്ക്കുന്നത് കാണാം. 2016 നവംബര്‍ 13 ന് ദിലീപും പള്‍സര്‍ സുനിയും ഒരേ മൊബൈല്‍ ടവറിലുള്ളതിനെക്കുറിച്ചുള്ള അന്വേഷണമാണ് ഷൂട്ടിംഗ് ലൊക്കേഷനിലെത്തിച്ചത്.

6 അറസ്റ്റ് നടന്ന ദിവസം
ദിലീപിനെതിരെയുള്ള തെളിവുകളുമായാണ് കഴിഞ്ഞ ദിവസം സുനിയുടെ മുന്നില്‍ അന്വേഷണസംഘമെത്തിയത്. തെളിവുകള്‍ ഒന്നൊന്നായി പുറത്തേക്കിട്ടു. സുനി എല്ലാ തുറന്നു പറഞ്ഞു. ദിലീപിന്റെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തി.

നടിയെ അക്രമിച്ച കേസ്, ദിലീപ് രണ്ടാം പ്രതിയായേക്കും, ഗൂഢാലോചന രണ്ട് ഘട്ടമായി , ദിലീപിന് എതിരേയുള്ളത് 19 ശക്തമായ തെളിവുകള്‍

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more