1 GBP = 104.17

നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യംചെയ്യലിൽ തീരുമാനമായി

നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യംചെയ്യലിൽ തീരുമാനമായി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യംചെയ്യലിൽ തീരുമാനമായി. ജയിലിൽ കഴിയുന്ന ഒന്നാംപ്രതി പൾസർ സുനി, നടൻ ദിലീപ് എന്നിവരെയാണ് പ്രധാനമായി ലക്ഷ്യമിടുന്നത്. ഇരുവരെയും എന്ന് ചോദ്യംചെയ്യണമെന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ചോദ്യാവലിയും തയ്യാറാക്കി.

പ്രത്യേക അന്വേഷണസംഘം കൊച്ചിയിൽ യോഗം ചേർന്നാണ് പുനരന്വേഷണത്തിൽ ആരെയെല്ലാം ചോദ്യംചെയ്യണമെന്ന് തീരുമാനിച്ചത്.

കേസിൽ അടുത്തമാസം 16-ന് വിചാരണ പൂർത്തിയാക്കി വിധിപറയേണ്ടതുള്ളതിനാൽ ഈമാസം 20-നകം അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിക്കണം.

13 അംഗ അന്വേഷണസംഘത്തിലെ ഓരോരുത്തർക്കും പ്രത്യേക ചുമതലകൾ ഏൽപ്പിച്ചിട്ടുണ്ട്. ഡിജിറ്റൽ തെളിവടക്കം ശാസ്ത്രീയ പരിശോധന നടത്താനും പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ കൊച്ചി സിറ്റി പോലീസ് ക്ലബ്ബിലാണ് പ്രത്യേക അന്വേഷണസംഘം യോഗം ചേർന്നത്. ക്രൈംബ്രാഞ്ച് ഐ.ജി. ഫിലിപ്പ്, എസ്.പി.മാരായ കെ.എസ്. സുദർശൻ, എം.ജെ. സോജൻ, ഡിവൈ.എസ്.പി. ബൈജു പൗലോസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

പൾസർ സുനിയെ ചോദ്യംചെയ്തശേഷം ദിലീപിനെ ചോദ്യംചെയ്താൽ മതിയെന്നാണ് തീരുമാനം. പൾസർ സുനി അമ്മ ശോഭനയ്ക്ക് അയച്ച കത്ത് പുറത്തുവന്നിരുന്നു. കത്ത് അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സുനിയുടെ കൈയക്ഷരവുമായി ഇത് ഒത്തുനോക്കും.

ദിലീപ് പറഞ്ഞിട്ടാണ് കുറ്റകൃത്യം ചെയ്തതെന്ന് മകൻ പറഞ്ഞിരുന്നതായി ശോഭന മാധ്യമങ്ങളോടും വെളിപ്പെടുത്തിയിരുന്നു.

ഇതോടൊപ്പം, സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളിലെ കാര്യങ്ങളും തിരക്കും. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപ് കണ്ടു, വി.ഐ.പി. വഴി ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചു, ദിലീപും ഒന്നാംപ്രതി പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ട് തുടങ്ങിയവയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ.

ബാലചന്ദ്രകുമാറിൽനിന്ന് വിശദമായി മൊഴിയെടുക്കാനും തീരുമാനമായി. ആരോപണങ്ങളിലെ തെളിവുകളും ശേഖരിക്കും.

കഴിഞ്ഞദിവസം എളമക്കര എ.എസ്.ഐ.യെ ആക്രമിച്ച കേസിൽ അറസ്റ്റിലായ വിഷ്ണു അരവിന്ദിനെ ചോദ്യംചെയ്യുന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more