1 GBP = 103.85
breaking news

ഡിജിറ്റൽ ഇന്ത്യ ഇടനിലക്കാരെ ഒഴിവാക്കി;സബ്സിഡിയിൽ 65,000 കോടി ലാഭം: മോദി

ഡിജിറ്റൽ ഇന്ത്യ ഇടനിലക്കാരെ ഒഴിവാക്കി;സബ്സിഡിയിൽ 65,000 കോടി ലാഭം: മോദി

ന്യൂഡൽഹി:ഡിജിറ്റൽ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയതിലൂടെ സബ്സിഡി ഇനത്തിൽ 65,000 കോടി രൂപ ലാഭിക്കാൻ കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
ജനങ്ങൾക്ക് സബ്സിഡികൾ നേരിട്ടു നൽകാൻ (ഡയറക്‌ട് ബെനിഫിറ്റ് ട്രാൻസ്‌ഫർ– ഡി. ബി.ടി) സാങ്കേതികവിദ്യയുടെ സമന്വയം ഏറെ സഹായിച്ചു. ജൻധൻ അക്കൗണ്ട്, ആധാർ, സ്‌മാർട്ട് ഫോൺ എന്നിവ സമന്വയിപ്പിച്ച ‘ജാം’ അഴിമതി കുറച്ചു, സുതാര്യത കൂട്ടി. അങ്ങനെ സബ്സിഡികൾ നൽകുന്നതിൽ ഇടനിലക്കാരെ ഒഴിവാക്കിയതോടെയാണ് ഇത്രയും വലിയ തുക ലാഭിക്കാനായത്. ‘ഡിജിറ്റൽ ഇന്ത്യ’ ലോകത്തെ ഏറ്റവും വലിയ സാങ്കേതിക വിദ്യാധിഷ്ഠിത പരിപാടിയാണ്. സാങ്കേതിക വിദ്യ ഒന്നുകൊണ്ടു മാത്രമാണ് ഇന്ത്യയെ പോലൊരു വികസ്വര രാജ്യത്തിന് വികസിത രാജ്യങ്ങളുമായി മത്സരിക്കാൻ കഴിയുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അഞ്ചാമത് സൈബർ സ്പേസ് ആഗോള സമ്മേളനം (ജി.സി.സി.എസ് ) ഡൽഹിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസത്തെ സമ്മേളനത്തിൽ 120 രാജ്യങ്ങളിലെ 10,000 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.

രണ്ട് പതിറ്റാണ്ടിൽ സാങ്കേതിക വിദ്യ ലോകത്തെ മാറ്റിമറിച്ചു. എഴുപതുകളിലെ ഭീമൻ മെയിൻ ഫ്രെയിം കംപ്യൂട്ടറുകളിൽ‌ നിന്ന് കൈവെള്ളയിലെ സ്‌മാർട്ട് ഫോണിലേക്കും മറ്റ് ഗാഡ്‌ജറ്റുകളിലേക്കും സാങ്കേതികവിദ്യ ചുരുങ്ങി. ഇ മെയിലും പേഴ്സണൽ കംപ്യൂട്ടറും തൊണ്ണൂറുകളിൽ വലിയ വിപ്ലവം കൊണ്ടു വന്നു. ഇപ്പോൾ ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐ.ഒ.ടി ), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ. ഐ) തുടങ്ങിയവ സർവസാധാരണമായി.

മികച്ച സേവനവും ഭരണവും വിദ്യാഭ്യാസ, ആരോഗ്യ പരരക്ഷയും ജനങ്ങൾക്ക് എത്തിക്കാൻ സാങ്കേതികവിദ്യ സഹായിക്കുന്നു. നരേന്ദ്ര മോദി ആപ് ജനങ്ങളുമായി ആഴത്തിൽ ബന്ധപ്പെടാൻ തന്നെ സഹായിക്കുന്നു. ഇന്റർനെറ്റ് എല്ലാവർക്കും വേണ്ടിയുള്ളതാണ്. ആരെയും ഒഴിവാക്കുന്നില്ല. ഇന്ന് സംവാദത്തിന്റെ അജണ്ടകൾ നിശ്‌ചയിക്കുന്നത് ഫെയ്സ് ബുക്കും ട്വിറ്ററും ഇൻസ്റ്റഗ്രാമും ഉപയോഗിക്കുന്നവരാണ്. പക്ഷേ, ഇന്റർനെറ്റിൽ പഴുതുകളുണ്ട്. അതിനെതിരെ ജാഗ്രത പുലർത്താൻ നമുക്ക് സൈബർ പോരാളികളെ വേണം. സൈബർ സുരക്ഷ ആകർഷകമായ ജോലിയാകണം. ഡിജിറ്റൽ വേദി ഭീകരരെയും മതമൗലികവാദികളെയും പോലുള്ള ദുഷ്ടശക്തികളുടെ വിഹാര രംഗമാകരുത്. അതിൽ രാജ്യങ്ങൾ ജാഗ്രത പുലർത്തണം. സ്വകാര്യതയും സുതാര്യതയും തമ്മിൽ സന്തുലനം വേണം. രാജ്യസുരക്ഷയുടെ കാര്യത്തിൽ അത് വളരെ പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more