1 GBP = 103.92
breaking news

പി ജയരാജന് സീറ്റ് നല്‍കാത്തതില്‍ പ്രതികരിച്ച ധീരജ്കുമാറിനെ പുറത്താക്കി

പി ജയരാജന് സീറ്റ് നല്‍കാത്തതില്‍ പ്രതികരിച്ച ധീരജ്കുമാറിനെ പുറത്താക്കി

മുതിര്‍ന്ന നേതാവ് പി ജയരാജന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച എന്‍ ധീരജ് കുമാറിനെ സിപിഐഎം പുറത്താക്കി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടി. പാര്‍ട്ടിയുടെ യശസ്സിന് കളങ്കം വരുത്തുന്ന നിലയില്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാല്‍ സിപിഐഎമ്മില്‍ നിന്നും പുറത്താക്കിയതായി കണ്ണൂര്‍ ജില്ലാകമ്മിറ്റി അറിയിച്ചു. പള്ളിക്കുന്ന് ലോക്കലിലെ ചെട്ടിപ്പീടിക ബ്രാഞ്ച് അംഗമായിരുന്നു ധീരജ്കുമാര്‍.

സിപിഐഎം സംസ്ഥാന സമിതിയുടെ നിയമസഭാ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ നേതൃത്വത്തിനെതിരെ ധീരജ്കുമാര്‍ രംഗത്തെത്തിയിരുന്നു. കണ്ണൂരിലെ ഏറ്റവും ജനകീയനായ നേതാവിനെ ഒതുക്കുന്ന നിലപാട് അംഗീകരിക്കാന്‍ കഴിയാത്തതിനാല്‍ സ്‌പോട്‌സ് കൗണ്‍സില്‍ സ്ഥാനം രാജിവെയ്ക്കുകയാണെന്ന് ധീരജ് കുമാര്‍ പറഞ്ഞിരുന്നു.

സിപിഐഎമ്മിന്റെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് രാജിവെയ്ക്കുന്നില്ലെന്നും ധീരജ് കുമാര്‍ വ്യക്തമാക്കിയിരുന്നു. 2014ല്‍ ബിജെപി-ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ച് ധീരജിന്റെ നേതൃത്വത്തില്‍ 50ലേറെ ബിജെപിക്കാര്‍ സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു. ബിജെപിയുടെ ശക്തികേന്ദ്രമായിരുന്ന തളാപ്പ് അമ്പാടിമുക്കില്‍ നിന്ന് ഇവരെ പാര്‍ട്ടിയിലെത്തിച്ചത് അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനാണ്.

പി ജയരാജന് സീറ്റില്ലെന്ന് ഉറപ്പായതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി ഒരു വിഭാഗം അണികള്‍ രംഗത്തെത്തിയിരുന്നു. പി ജെ ആര്‍മി ഉള്‍പ്പെടെയുള്ള ഗ്രൂപ്പുകളിലും പേജുകളിലും വിമര്‍ശനങ്ങളുയര്‍ന്നു. ധീരജ് കുമാറിന്റെ രാജിയ്ക്കും സമൂഹമാധ്യമങ്ങളിലെ ഫാന്‍ പേജ് പ്രതികരണങ്ങള്‍ക്കും പിന്നാലെ നിലപാട് വ്യക്തമാക്കി പി ജയരാജനെത്തി.

സോഷ്യല്‍മീഡിയയിലെ പിജെ ആര്‍മി എന്ന ഗ്രൂപ്പമായി തനിക്കൊരു ബന്ധവുമില്ലെന്ന് സിപിഐഎം നേതാവ് പറഞ്ഞു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് അവര്‍ പാര്‍ട്ടിക്കെതിരെ പ്രചരണം നടത്തുന്നതെന്നും ഇത് തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്നും പി ജയരാജന്‍ വ്യക്തമാക്കി. ഒരു പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലക്ക് ഏത് ചുമതല നല്‍കണമെന്നത് പാര്‍ട്ടിയാണ് തീരുമാനിക്കുക. അങ്ങിനെ തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കാന്‍ പാര്‍ട്ടി സംഘടനക്ക് വെളിയിലുള്ള ആര്‍ക്കും സാധ്യമാവുകയില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more