1 GBP = 103.92
breaking news

ധർമ്മടത്ത് സി രഘുനാഥ്; ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ധർമ്മടത്ത് സി രഘുനാഥ്; ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സി രഘുനാഥ്. കണ്ണൂര്‍ ഡിസിസി സെക്രട്ടറി സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപനത്തിന് മുന്‍പേ മറ്റ് നേതാക്കള്‍ക്കൊപ്പം എത്തി പത്രിക സമര്‍പ്പിച്ചു. ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന് കണ്ണൂര്‍ എംപി കെ സുധാകരന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണിത്. ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യപനം ദില്ലിയില്‍ വെച്ച് ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്നായിരുന്നു കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചിരുന്നത്.

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് യുഡിഎപ് പിന്തുണ നല്‍കുന്നത് പരിഗണിച്ചിരുന്നെങ്കിലും പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ആലോചന പാതിവഴിയില്‍ ഉപേക്ഷിക്കുകയാണുണ്ടായത്. മുതിര്‍ന്ന ബിജെപി നേതാവ് സി കെ പത്മനാഭനാണ് ധര്‍മ്മടത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

2016ല്‍ 36,905 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയന്‍ ധര്‍മ്മടത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. പിണറായി 87,329 വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മമ്പറം ദിവാകരന്‍ 50,424 വോട്ടുകളുമാണ് നേടിയത്. ബിജെപി സ്ഥാനാര്‍ത്ഥി മോഹനന്‍ മനന്തേരിയ്ക്ക് 12,763 പേര്‍ വോട്ട് ചെയ്തു.

മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ്, കെപിസിസി നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നെങ്കിലും നിയമസഭയിലേക്ക് ജനവിധി തേടുന്നില്ലെന്ന് സുധാകരന്‍ പറഞ്ഞു. മത്സരിക്കാന്‍ കഴിയാത്ത ചുറ്റുപാട് ആണുള്ളത്. മണ്ഡലങ്ങളില്‍ നിരവധി തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചെയ്ത് തീര്‍ക്കേണ്ടതുണ്ടെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

‘മത്സരിക്കാന്‍ കെപിസിസിയും ഹൈക്കമാന്‍ഡും എന്നോട് ആവശ്യപ്പെട്ടിരുന്നു. അതിന് നിര്‍ദേശം നല്‍കിയെൈ ഹക്കമാന്റിനോടും കെപിസിസിയോടും നന്ദി പറയുന്നു. അത് ജില്ലാ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തി. കണ്ണൂര്‍ ജില്ലയിലെ അഞ്ച് നിയോജക മണ്ഡലത്തില്‍ യുഡിഎഫിനെ വിജയിപ്പിക്കുകയെന്നതാണ് രാഷ്ട്രീയ അജണ്ട. അത് പ്രാവര്‍ത്തികമാകണമെങ്കില്‍ പുറത്ത് എന്റെ സജീവസാനിധ്യം ഉണ്ടാവണം. ഇരിക്കൂറില്‍ അടക്കം ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് തീര്‍ക്കാന്‍ എന്റെ സാന്നിധ്യം ആവശ്യമാണ്. മത്സരിക്കാന്‍ സന്തോഷമെയുള്ളൂ. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലമാണ് എന്റെ മുഖ്യലക്ഷ്യം. മത്സരിക്കാന്‍ സാധിക്കാത്ത ചുറ്റുപാട് ഉണ്ടായിട്ടുണ്ടെന്ന് കെപിസിസി നേതൃത്വത്തെ അറിയിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ചെയ്ത് തീര്‍ക്കേണ്ട പ്രാഥമിക നടപടികള്‍ ചെയ്ത് തീര്‍ക്കേണ്ടതുണ്ട്. നേതൃത്വത്തിന്റെ തീരുമാനത്തെ ധിക്കരിക്കുന്നതല്ല.’ സുധാകരന്‍ പ്രതികരിച്ചു.

ധര്‍മ്മടത്ത് കെ സുധാകരന്‍ മത്സരിക്കണമെന്ന സമ്മര്‍ദം ശക്തമായിരുന്നു. കെപിസിസി ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചപ്പോള്‍ തനിക്ക് ആലോചിക്കണമെന്നും ചിന്തിച്ച് ഒരു മണിക്കൂറില്‍ പറയാമെന്നും സുധാകരന്‍ നേതാക്കളെ അറിയിച്ചത്. പിന്നാലെയാണ് പ്രതികരണം. കരുത്തനായ സ്ഥാനാര്‍ഥി ധര്‍മടത്തു വരണമെന്നാണ് ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രിയോടു മുഖാമുഖം പൊരുതാന്‍ കെല്‍പുള്ള സ്ഥാനാര്‍ത്ഥിയെ ആണ് പാര്‍ട്ടി തേടുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. സമ്മര്‍ദവുമായി പ്രാദേശിക നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ധര്‍മടത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ കെ. സുധാകരനെ കാണാനെത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more