1 GBP = 103.96

യുക്മ ദേശീയ കലാമേള : ആവേശം നിറഞ്ഞ മത്സരങ്ങൾക്കൊടുവിൽ കലാതിലകം – കലാപ്രതിഭ പട്ടങ്ങൾ ഈസ്റ്റ് ആംഗ്ലിയയിലേക്ക്…….. എൻഫീൽഡിന്റെ ദേവനന്ദക്കും ല്യൂട്ടൻ കേരളൈറ്റ്‌സിന്റെ ടോണിക്കും യുക്മ ദേശീയ കമ്മറ്റി സ്വീകരണം ഒരുക്കുന്നു

യുക്മ ദേശീയ കലാമേള : ആവേശം നിറഞ്ഞ മത്സരങ്ങൾക്കൊടുവിൽ കലാതിലകം – കലാപ്രതിഭ പട്ടങ്ങൾ ഈസ്റ്റ് ആംഗ്ലിയയിലേക്ക്…….. എൻഫീൽഡിന്റെ ദേവനന്ദക്കും ല്യൂട്ടൻ കേരളൈറ്റ്‌സിന്റെ ടോണിക്കും യുക്മ ദേശീയ കമ്മറ്റി സ്വീകരണം ഒരുക്കുന്നു
പത്താമത് യുക്മ ദേശീയ കലാമേള നിരവധി അപൂർവ്വതകൾക്ക് സാക്ഷിയായി. അതിൽ പലതിനും അവകാശികളായി യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൺ മാറി എന്നത് യാദൃശ്ചികം ആകാം. നോർവിച്ച് അസോസിയേഷനിലെ കേവലം മൂന്ന് വയസ്സ് മാത്രം പ്രായമുള്ള ടിയ മരിയ പ്രിൻസ് യുക്മ ദേശീയ കലാമേള ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായി വേദികൾ കീഴടക്കിയത് ആ അപൂർവ്വതകളിൽ ഒന്ന് മാത്രം. റീജിയണൽ വൈസ് പ്രസിഡന്റ് സോണി ജോർജ്ജിന്റെയും, ഈസ്റ്റ് ആംഗ്ലിയയിൽ നിന്നുള്ളദേശീയ ജോയിന്റ് സെക്രട്ടറി സെലീന സജീവിന്റേയും നേതൃത്വത്തിൽ യുക്മ ദേശീയ കലാമേളക്ക് മാഞ്ചസ്റ്ററിലെത്തിയ എത്തിയ ചുണക്കുട്ടികൾ ചരിത്ര നേട്ടവുമായാണ് മടങ്ങിയത്.
യുക്മ ദേശീയ കലാതിലകവും കലാപ്രതിഭയും ഒരേ റീജിയൺ നേടുകയെന്നത് അപൂർവ്വങ്ങളിൽ അപൂർവ്വം ആണ്. അതിനുള്ള ഭാഗ്യമാണ് 2019 യുക്മ ദേശീയ കലാമേളയിൽ ഈസ്റ്റ് ആംഗ്ലിയ സ്വന്തമാക്കിയത്. എൻഫീൽഡ് മലയാളി അസോസിയേഷനിലെ ദേവനന്ദ ബിബിരാജ്, ല്യൂട്ടൻ കേരളൈറ്റ്സ്ന്റെ ടോണി അലോഷ്യസ് എന്നിവരാണ് ഈ അപൂർവ്വ ബഹുമതിക്ക് ഈസ്റ്റ് ആംഗ്ലിയ റീജിയനെ അർഹമാക്കിയത്.
കലാതിലകം പട്ടം നേടിയ ദേവനന്ദ ബിബിരാജ് എന്ന ഏഴുവയസ്സുകാരി മൂന്നാം ക്‌ളാസ് വിദ്യാർത്ഥിനിയാണ്. ലണ്ടൻ നഗരത്തിനടുത്തുള്ള ചെഷൻഡ് നിവാസികളായ ബിബിരാജ് രവീന്ദ്രൻ (മനോജ്) – ദീപ്തി വിജയൻ ദമ്പതികളുടെ മൂത്തകുട്ടിയാണ് ഈ കൊച്ചുമിടുക്കി. എൻഫീൽഡ് മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ചാണ് ദേവനന്ദ യുക്മ കലാമേളയിൽ പങ്കെടുത്തത്. സ്റ്റോറി ടെല്ലിംഗ്, സിനിമാറ്റിക് ഡാൻസ് ഇനങ്ങളിൽ മത്സരിച്ച് ഒന്നാംസ്ഥാനം നേടിയാണ് ദേവനന്ദ കലാതിലകം പുരസ്‌ക്കാരവും കിഡ്‌സ് വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യൻഷിപ്പും കരസ്ഥമാക്കിയത്.
ല്യൂട്ടൻ കേരളൈറ്റ്‌സ് അസോസിയേഷനിലെ അലോഷ്യസ് – ജിജി ദമ്പതികളുടെ മകനാണ് കലാപ്രതിഭ പട്ടം നേടിയ ടോണി അലോഷ്യസ്. പത്താം ക്ലാസ് വിദ്യാർത്ഥിയായ ടോണി ജൂനിയർ വിഭാഗത്തിൽ ഇംഗ്ലീഷ് പ്രസംഗ മത്സരം, സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് കലാപ്രതിഭ ആകുവാൻ അർഹത നേടിയത്. ജൂനിയർ വിഭാഗം വ്യക്തിഗത ചാമ്പ്യനും ടോണി തന്നെയാണ്. ജൂനിയർ വിഭാഗത്തിൽ മോഹിനിയാട്ടത്തിന് ഒന്നാം സ്ഥാനം നേടിയ ആനി അലോഷ്യസ് സഹോദരിയാണ്.
ചരിത്ര നേട്ടം കൈവരിച്ച ദേവനന്ദക്കും ടോണി അലോഷ്യസിനും യുക്മ ദേശീയ കമ്മറ്റി ലണ്ടനിൽ വച്ച് സ്വീകരണം നൽകുകയാണ്. സ്വീകരണ പരിപാടികളുടെ വിശദാംശങ്ങൾ ഉടൻ തന്നെ അറിയിക്കുന്നതാണെന്ന് ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, ദേശീയ ജോയിന്റ് സെക്രട്ടറി സെലീന സജീവ് എന്നിവർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more