1 GBP = 96.43
breaking news

യുക്മ സാംസ്കാരിക വേദി ലൈവ് ഷോ “Let’s Break It Together” ൽ, സ്നേഹ സംഗീതത്തിന്റെ കേളി കൊട്ടുണർത്തിയ സാന്ദ്ര സന്ധ്യയിൽ അനർഗ്ഗള സംഗീതത്തിന്റെ ഉറവുകൾ തീർത്ത് ഡെന്ന ആൻ ജോമോനും ഡിയോൺ ജോമോനും സംഗീത സദസ്സിന് പുതു മാനം നൽകി…

യുക്മ സാംസ്കാരിക വേദി ലൈവ് ഷോ “Let’s Break It Together” ൽ, സ്നേഹ സംഗീതത്തിന്റെ കേളി കൊട്ടുണർത്തിയ സാന്ദ്ര സന്ധ്യയിൽ അനർഗ്ഗള സംഗീതത്തിന്റെ ഉറവുകൾ തീർത്ത് ഡെന്ന ആൻ ജോമോനും ഡിയോൺ ജോമോനും സംഗീത സദസ്സിന് പുതു മാനം നൽകി…

കുര്യൻ ജോർജ്ജ്

(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)


കോവിഡ് – 19 എന്ന മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരവർപ്പിക്കുന്ന യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ഇന്നലെ ആസ്വാദകർക്ക് മുന്നിൽ സംഗീതത്തിന്റെ നാദനിറവ് തീർത്തത് ബെഡ്ഫോർഡിലെ സഹോദരങ്ങൾ ഡെന്നയും ഡിയോണും.സ്നേഹത്തിൻ അൾത്താരയിൽ എന്ന ആൽബത്തിലെ”ദൈവം തന്നതല്ലാതൊന്നും” എന്ന് തുടങ്ങുന്ന ഭക്തി ഗാനത്തോടെ  ഷോ ആരംഭിച്ച ഡെന്ന അടുത്തതായി പാടിയത് ഇത് ഞങ്ങളുടെ കഥ എന്ന സിനിമയിലെ “സ്വർണ്ണമുകിലേ സ്വർണ്ണമുകിലേ” എന്ന് തുടങ്ങുന്ന ഏറെ പ്രശസ്തമായ ഗാനമാണ്.


തുടർന്ന് കീബോർഡ് വായിച്ച് ഡെന്ന പാടിയത് ലൂയിസ് കപ്പാൾഡിയുടെ ഏറെ പ്രശസ്തമായ “ബിഫോർ യു ഗോ” എന്ന ഗാനമാണ്. ഗോളാന്തര വാർത്ത എന്ന ചിത്രത്തിന് വേണ്ടി ജോൺസൺ മാഷ് സംഗീതം നൽകി കെ.എസ്സ്. ചിത്ര പാടിയ അതി മനോഹര ഗാനം “പൊന്നമ്പിളി കാത്ത് നിൽപ്പൂ” എന്ന ഗാനം അതിന്റെ മുഴുവൻ ഭംഗിയോടും കൂടി പാടിയ ഡെന്ന ആസ്വാദക ഹൃദയങ്ങൾ കീഴടക്കി. കലാ രംഗത്ത് അരങ്ങേറ്റം കുറിച്ച ഡിയോൺ കീബോർഡിൽ വായിച്ച് ഡെന്ന പാടിയ “മൈ ഹാർട്ട് വിൽ ഗോ ഓൺ” എന്ന സെലിൻ ഡിയോൺ ഗാനം ആസ്വാദക ഹൃദയങ്ങൾ കീഴടക്കി എന്നതിന്റെ തെളിവായി ലൈവിൽ വന്ന കമന്റുകൾ.

ഡെന്ന ആൻ ജോമോനും ഡിയോൺ ജോമോനും യുക്മ സാംസ്കാരിക വേദിയുടെ Let’s Break it Together ൽ ഇന്നലെ നടത്തിയ സംഗീത പരിപാടി കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 
മലയാളം, ഇംഗ്ളീഷ്, ഹിന്ദി സിനിമകളിൽ നിന്നുള്ള ഏറെ പ്രശസ്തമായ ഗാനങ്ങൾ പാടിയും കീബോർഡിൽ വായിച്ചും ഷോയിൽ നിറഞ്ഞ് നിന്ന ഡെന്നയും ഡിയോണും ആസ്വാദകർക്കായി തുറന്നത് പാട്ടിന്റെ വർണ്ണ വിസ്മയ ലോകമാണ്. ആ രാത്രി എന്ന ചിത്രത്തിലെ കിളിയേ കിളിയേ, എടക്കാട് ബറ്റാലിയനിലെ നീ ഹിമമഴയായ്, ചാമരം സിനിമയിലെ നാഥാ നീ വരും എന്നീ സൂപ്പർ ഹിറ്റ് മലയാള ഗാനങ്ങളോടൊപ്പം അലൻ വാക്കറിന്റെ ഫെയ്ഡഡ്, ആന്ദ്ര ഡേയുടെ റൈസ് അപ്, എഡ് ഷീരൻ പാടിയ പെർഫക്ട് എന്നീ ഇംഗ്ളീഷ് ഹിറ്റ് ഗാനങ്ങളും ആഷിക്കി 2 എന്ന ഹിന്ദി ചിത്രത്തിലെ സുൻ രഹാ ഹേ എന്ന സൂപ്പർ ഡ്യൂപ്പർ ഗാനവും ആലപിച്ച് ഷോ മുന്നേറിയപ്പോൾ സംഗീതത്തിന്റെ നവവസന്തം വിരിയുകയായിരുന്നു.


“LET’S BREAK IT TOGETHER” ലൈവ് ടാലന്റ് ഷോയുടെ സംഘാടകരായ യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർക്ക് നന്ദി പറഞ്ഞു കൊണ്ട്, ലൈവിൽ വന്ന ഡെന്നയുടേയും ഡിയോണിന്റേയും മാതാപിതാക്കൾ ജോമോൻ മാമ്മൂട്ടിലും ജിൻസി ജോമോേനും കുട്ടികളിലെ കലാവാസനകൾ പരിപോഷിപ്പിക്കുവാൻ യുക്മ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുകയും യുക്മ നേതൃത്വത്തിന് പ്രത്യേകം നന്ദി അർപ്പിക്കുകയും ചെയ്തു. പ്രേക്ഷകർ ഷോയുടെ ആദ്യാവസാനം നൽകിയ അഭൂതപൂർവ്വമായ പിന്തുണയ്ക്കും പ്രോത്സാഹനങ്ങൾക്കും  ജോമോനും ജിൻസിയും ഹൃദയപൂർവ്വം നന്ദി പറഞ്ഞു. യുകെയിലെ അറിയപ്പെടുന്ന ഗായകനായ ജോമോൻ ഡെന്നയോടൊപ്പം ചേർന്ന് പാടിയ “ഏയ് മെരേ ഹം സഫർ” എന്ന സൂപ്പർ ഹിറ്റ് ഗാനം ആസ്വാദകർ നെഞ്ചേറ്റിയതിന്റെ തെളിവായി ലൈവിൽ വന്ന കമന്റുകൾ. “Let’s Break It Together” പ്രേക്ഷകരുടെ മനസ്സുകളിൽ ഇടം പിടിച്ച ഡെന്ന, തേസാബ് എന്ന ഹിന്ദി ചിത്രത്തിന് വേണ്ടി അൽക്ക യാഗ്നിക് പാടി മാധുരി ദീക്ഷിത്  തകർത്തഭിനയിച്ച “ഏക് ദോ തീൻ” എന്ന ഗാനം പാടി ഷോ അവസാനിപ്പിക്കുമ്പോൾ പ്രേക്ഷകർ നിറഞ്ഞ ഹൃദയത്തോടെ ഡെന്നയേയും ഡിയോണിനേയും അഭിനന്ദിക്കുകയായിരുന്നു.

പഠനത്തിലും സംഗീതത്തിലും കലാ കായിക രംഗങ്ങളിലും ഒരു പോലെ മികവ് പുലർത്തുന്ന ഡെന്ന ആൻ ജോമോനും ഡിയോൺ ജോമോനും യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.


“LET’S BREAK IT TOGETHER”ഷോയുടെ അടുത്ത ലൈവ് 23/07/2020 വ്യാഴം വൈകുന്നേരം 5 ന് ( ഇൻഡ്യൻ സമയം രാത്രി 9:30) ആയിരിക്കും.


കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ  എൻ എച്ച് എസ്    ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്. 

എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.


യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ്  യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.


ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.

 
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.


പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602), യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more