1 GBP = 103.21

പ്രമുഖ കമ്പനികൾക്ക് പിന്നാലെ ഡബൻഹാംസും ജീവനക്കാരെ കുറയ്ക്കുന്നു; നഷ്ടമാകുന്നത് 320 മാനേജ്‌മെന്റ് റോളുകൾ

പ്രമുഖ കമ്പനികൾക്ക് പിന്നാലെ ഡബൻഹാംസും ജീവനക്കാരെ കുറയ്ക്കുന്നു; നഷ്ടമാകുന്നത് 320 മാനേജ്‌മെന്റ് റോളുകൾ

ലണ്ടൻ: ചിലവ് ചുരുക്കലിന്റെ ഭാഗമായി ഡബൻഹാംസും ജീവനക്കാരെ വെട്ടിച്ചുരുക്കുന്നു. 320 ഓളം മാനേജ്‌മെന്റ് തലത്തിലുള്ള ജീവനക്കാരെയാണ് കുറയ്ക്കുന്നത്. വില്പനയിലുണ്ടായ വലിയ കുറവാണ് ഡബൻഹാംസ് അധികൃതർ ജീവനക്കാരെ കുറയ്ക്കാൻ കാരണമായത്. ഇന്നലെ കമ്പനി അധികൃതർ ഇറക്കിയ കുറിപ്പിലാണ് യുകെയിലെ നാലിലൊന്ന് ഡിപ്പാർട്ട്മെന്റ് സ്റ്റോർ മാനേജർമാർക്കും തത്സ്ഥാനം ഒഴിയേണ്ടി വരുമെന്ന് പറഞ്ഞത്. അതേസമയം ഈ ജീവനക്കാർക്ക് മറ്റ് തസ്തികകളിൽ ജോലിക്ക് മാറാവുന്നതാണ്. മാർച്ച് അവസാനത്തോടെ ജീവനക്കാരുടെ ഘടനയിൽ മാറ്റം വരുത്തുവാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ഓഹരി വിപണിയിൽ 24 ശതമാനം കുറവ് രേഖപ്പെടുത്തിയതും ക്രിസ്തുമസ് വില്പന നിരാശാജനകമായതും ആണ് ഈ വർഷം കൂടുതൽ ചിലവുകൾ ചുരുക്കി പിടിച്ച് നിൽക്കാൻ ശ്രമിക്കുന്നതെന്ന് മാനേജ്‌മെന്റ് പറഞ്ഞു. 240 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഡബൻഹാംസ് ഏറ്റവും അവസാനമായാണ് ജീവനക്കാരെ കുറയ്ക്കുന്ന തീരുമാനത്തിലെത്തിയത്. കഴിഞ്ഞ ഒക്ടോബറിന് ശേഷം യുകെയിലെ പ്രമുഖ റീട്ടെയ്ൽ സ്ഥാപനങ്ങളെല്ലാം തന്നെ ഈ വർഷം ജീവനക്കാരെ കുറയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു.

മാർക്സ് & സ്‌പെൻസർ, ടെസ്‌കോ, സെയിൻസ്ബറീസ്, അസ്ദ, മോറിസൺ, ബി & ക്യൂ, ഹോം ബേസ് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം തന്നെ ജീവനക്കാരുടെ കഞ്ഞികുടി മുട്ടിക്കുന്ന തീരുമാനത്തിലെത്തിയിരുന്നു. എന്നാൽ ജീവനക്കാരുടെ കാര്യത്തിൽ കുറച്ച് മമത കാണിച്ചിട്ടുള്ളത് ഡബൻഹാംസ് മാത്രമാണ്. ജോലി നഷ്ടപ്പെടുന്ന ജീവനക്കാരെ കമ്പനി ഇതിനകം തന്നെ വിവരമറിയിക്കുകയും മറ്റ് ഡിപ്പാർട്ട്മെന്റുകളിൽ ജോലി കണ്ടുപിടിക്കുന്നതിനുള്ള അവസരം നൽകുകയും ചെയ്തു.

കഴിഞ്ഞ വർഷം ആദ്യ ക്വാർട്ടറിന് ശേഷം കമ്പനി വിറ്റുവരവിൽ 2.6 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 83മില്യൺ ലാഭം പ്രതീക്ഷിച്ചിരുന്ന കമ്പനിക്ക് ലഭിച്ചത് 55നും 65 നും ഇടക്ക് മില്യൺ പൗണ്ട് മാത്രം. മാർക്സ് & സ്‌പെൻസർ കഴിഞ്ഞയാഴ്ച 14 ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾക്കാണ് താഴിട്ടത്. 468 ജീവനക്കാരുടെ കാര്യവും പരിങ്ങലിലാണ്. ബ്രിട്ടനിലെ ഏറ്റവും വലിയ റീടൈലറായ ടെസ്‌കോ 1700 ഓളം ജീവനക്കാരെയാണ് കുറയ്ക്കാൻ പോകുന്നത്.

നാഷണൽ മിനിമം വേതനത്തിലെ വർദ്ധനവും ബിസിനെസ്സ് റേറ്റിൽ ഉണ്ടാകുന്ന വർദ്ധനവും കമ്പനികളെ മുന്നോട്ട് പോകാൻ കഴിയാത്ത തരത്തിലാക്കുന്നുവെന്ന് കമ്പനി അധികൃതർ പറയുന്നു. ബ്രെക്സിറ്റ്‌ റഫറണ്ടത്തിന് ശേഷം പൗണ്ട് താഴോട്ട് പോയതും ചിലവുകൾ വര്ധിപ്പിക്കുന്നുവെന്നും അവർ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more