1 GBP = 103.12

സെൽഫിയെടുക്കുന്നതിനിടെ മിന്നലേറ്റു; രാജസ്ഥാനിൽ മരിച്ചത് 20 പേർ

സെൽഫിയെടുക്കുന്നതിനിടെ മിന്നലേറ്റു; രാജസ്ഥാനിൽ മരിച്ചത് 20 പേർ

ആമേർ വാച്ച് ടവറിൽ എത്തിയ വിനോദസഞ്ചാരികളടക്കമുള്ളവരാണ് അപകടത്തിൽപെട്ടത്.

ജയ്പൂർ: രാജസ്ഥാനിൽ മിന്നലേറ്റ് കുട്ടികളടക്കം മരിച്ചവരുടെ എണ്ണം 20 ആയി. ഞായറാഴ്ച്ചയാണ് രാജസ്ഥാനിലെ വിവിധ ജില്ലകളിൽ ശക്തമായ മിന്നലുണ്ടായത്. പതിനേഴോളം പേർക്ക് പരിക്കേറ്റു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്ററിൽ കുറിച്ചു.

മരിച്ചവരിൽ പതിനൊന്ന് പേർ ജയ്പൂരിലാണ്. മൂന്ന് പേർ ധോൽപൂരിലും നാലുപേർ കോട്ട ജില്ലയിലുമുള്ളവരാണ്. ബറാൻ, ഝൽവാർ എന്നിവിടങ്ങളിലാണ് രണ്ടുപേർ മരിച്ചത്. പതിനേഴ് പേർക്കാണ് മിന്നലേറ്റ് പൊള്ളലേറ്റത്. ഇവർ ജയ്പൂരിലെ സവായ് മാൻസിംഗ് ആശുപത്രിയിൽ ചികിത്സയിലാണ്.രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖെലോട്ട് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ലക്ഷം അടിയന്തര ദുരിതാശ്വാസ ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നുമാണ് നൽകുക.

ശക്തമായ മഴയായിരുന്നു രാജസ്ഥാനിൽ കഴിഞ്ഞ ദിവസം. ഇതിന് പിന്നാലെയാണ് ഇടിമിന്നലുണ്ടായത്. മരിച്ചവരിൽ ഏഴ് പേർ കുട്ടികളാണ്. പരിക്കേറ്റവരിലും കൂടുതൽ കുട്ടികളാണ്. ജയ്പൂരിലെ ആമേർ മേഖലയിലാണ് 11 പേർ മരിച്ചത്. കാഴ്ച്ചകൾ കാണാൻ ഒരുക്കിയ ടവറിൽ കയറിയവരാണ് അപകടത്തിൽപെട്ടത്. വിനോദസഞ്ചാരികളും പ്രദേശവാസികളുമാണ് ഇവിടെ അപകടത്തിൽപെട്ടത്.

അതേസമയം, മധ്യപ്രദേശിലും കഴിഞ്ഞ ദിവസമുണ്ടായ മിന്നലിൽ ഏഴ് പേർ മരണപ്പെട്ടു. ഷിയോപൂർ, ഗ്വാളിയാർ, ശിവപുരി ജില്ലകളിലാണ് അപകടമുണ്ടായത്. ഷിയോപൂരിൽ രണ്ട് പേരും ഗ്വാളിയാറിൽ രണ്ടുപേരും മരിച്ചു. ശിവപുരി, അനുപ്പൂർ ജില്ലകളിൽ ഒരാൾ വീതവും മിന്നലേറ്റ് മരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more