1 GBP = 101.45
breaking news

ലണ്ടൻ ബോറോ ഓഫ് എൻഫീൽഡ് യൂത്ത് കൗൺസിൽ തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴക്കാരന് ഉജ്ജ്വല വിജയം; യൂത്ത് മേയർ പദവി ഡാരൻ പോളിന്റെ അതുല്യ പ്രതിഭക്കുള്ള അംഗീകാരം.

<strong>ലണ്ടൻ ബോറോ ഓഫ് എൻഫീൽഡ് യൂത്ത് കൗൺസിൽ തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴക്കാരന് ഉജ്ജ്വല വിജയം; യൂത്ത് മേയർ പദവി ഡാരൻ പോളിന്റെ അതുല്യ പ്രതിഭക്കുള്ള അംഗീകാരം.</strong>

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: ലണ്ടൻ ബോറോ ഓഫ് എൻഫീൽഡ് യൂത്ത് കൗൺസിൽ തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴക്കാരൻ ഡാരൻ പ്രിൻസ് പോളിന് ഉജ്ജ്വല വിജയം. ലണ്ടൻ ബോറോ ഓഫ് എൻഫീൽഡ് യൂത്ത് കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച 32 പ്രഗത്ഭരായ മത്സരാർഥികളിൽ നിന്നും വലിയ ഭൂരിയപക്ഷത്തോടെ കൗണ്സിലറായി തെരഞ്ഞെടുക്കപ്പെട്ട ഡാരൻ പോൾ, തുടർന്ന് തെരഞ്ഞെടുക്കപ്പെട്ട 20 കൗൺസിലർമാർക്ക് ഒന്നിച്ചു കൂടുവാനും, പരസ്പരം പരിചയപ്പെടുത്തുന്നതിനും, ആശയങ്ങളും, ലക്ഷ്യങ്ങളും, പദ്ധതികളും പ്രകടിപ്പിക്കുവാനും കിട്ടിയ വേദിയാണ് ഡാരൻ തനിക്കു അനുകൂലമാക്കിയത്.

ഡാരൻ മുന്നോട്ടു വെച്ച തന്റെ പ്രകടനപത്രികയിലൂടെ യുവജനത നേരിടുന്ന പ്രശ്നങ്ങളും, പ്രതിസന്ധികളും,സുരക്ഷാ വീഴ്ചകളും വ്യക്തതയോടെ അവതരിപ്പിക്കുകയും, അതിനുള്ള കൃത്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുകയായിരുന്നു. തന്നിലുള്ള മികച്ച വാഗ്മി, ദീർഗ്ഗ വീക്ഷണം, സാമൂഹിക പ്രതിബന്ധത, നേതൃത്വ പാഠവം എന്നിവ സദസ്സിൽ പ്രതിഫലിപ്പിക്കുവാനും, കായിക-വിദ്യാഭ്യാസ, കലാ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ നിരത്തിവെക്കുവാനും തനിക്കു ലഭിച്ച ഹൃസ്യ സമയത്തിനുള്ളിൽ ഏവരുടെയും ശ്രദ്ധപിടിച്ചു നേടുവാനും, അവർക്കു പ്രചോദനമാകുവാനും കഴിഞ്ഞ ഡാരൻ പോളിന് മേയർ പദവി ‘ഈസി വാക്കോവർ’ ആവുകയായിരുന്നു.

ഡാരൻ പ്രിൻസ് പോൾ ഇനി എൻഫീൽഡിലും പരിസരത്തുമായി നിവസിക്കുന്ന പതിനൊന്നിനും, പതിനേഴിനും ഇടയിൽ പ്രായമുള്ള ആയിരക്കണക്കിന് വരുന്ന യുവജനതയെ പ്രതിനിധീകരിച്ച് അവരുടെ ആരോഗ്യ-സുരക്ഷ-മാനസ്സിക-ക്ഷേമ മേഖലകളിൽ ആവശ്യമായ സേവനങ്ങൾ സംജാതമാക്കുക, യുവാക്കളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണുക, പ്രാദേശിക വിഷയങ്ങളിൽ കൗൺസിൽ എടുക്കുന്ന നയങ്ങളെയും, പ്രധാന തീരുമാനങ്ങളെയും ക്രിയാത്മകമായി സ്വാധീനിക്കുക, സമൂഹത്തിൽ യുവജനതക്കായി ശബ്ദിക്കുക, കൗണ്സിലമാരുടെ പ്രവർത്തനങ്ങളിൽ സഹായിക്കുക അടക്കം ഇനി യൂത്ത് മേയർ എന്ന പദവിയിൽ ഡാരൻ പ്രിൻസ് എൻഫീൽഡ് ബോറോയിലെ യുവാക്കൾക്കിടയിൽ മുഖ്യ നേതൃത്വം വഹിക്കും.

എൻഫീൽഡിലെ യുവാക്കളുടെ താൽപ്പര്യങ്ങൾ
രാഷ്ട്രീയനേതൃത്വത്തിലും, എൻഫീൽഡ് നിവാസികൾക്കിടയിലും, NHS പോലുള്ള പൊതു സേവനമേഖലകളിലും ഇനി യുവജനതയെ പ്രതിനിധീകരിക്കുക ഈ മിടുക്കനായിരിക്കും. കൗൺസിൽ അസംബ്ലിയിലെ എല്ലാ പ്ലാനിങ്, അഡ്മിനിസ്‌ട്രേറ്റീവ് മേഖലകളിലും ഡാരൻ പങ്കെടുക്കും. പ്രാദേശിക യൂത്ത് ബജറ്റ് തയ്യാറാക്കുവാൻ സഹായിക്കുക, ചില സുപ്രധാന പരിപാടികളിൽ മേയർക്കൊപ്പം പങ്കു ചേരുക, ഫുൾ കൗൺസിൽ മീറ്റിംഗുകളിൽ പങ്കെടുക്കുക, പ്രാദേശികമായി തിരഞ്ഞെടുക്കുന്ന നല്ല ചാരിറ്റി പ്രവർത്തനത്തിൽ നേതൃത്വം വഹിക്കുക എന്നിവ ഉത്തരവാദിത്വങ്ങളിൽ പെടും. എന്നിരുന്നാലും വോട്ടിങ് അധികാരം ഉണ്ടായിരിക്കില്ല.

അദ്ധ്യാപകരുടെ താൽപ്പര്യവും പ്രോത്സാഹനവുമാണ് യൂത്ത് കൗൺസിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരാർത്ഥിയാകുവാൻ ഉള്ള പ്രചോദനം ഡാരന് ലഭിച്ചതെന്ന വസ്തുത തന്നെ ഡാരന്റെ അർഹമായ അംഗീകാരത്തിന്റെ സാക്ഷ്യപത്രമാണ്.

നാനാ മേഖലകളിൽ മികവ് പുലർത്തുന്ന ഡാരൻ, ജീവകാരുണ്യ പ്രവർത്തനങ്ങളിലും, ആല്മീയ കാര്യങ്ങളിലും സജീവമാണ്. ലണ്ടൻ എൻഫീൽഡ് ഡിസ്ട്രിക്ട് ഫുട്ബോൾ ടീം, ലിമിറ്റ്‌ലെസ് ഫുട്‌ബോൾ അക്കാദമി തുടങ്ങിയ ടീമുകളിലെ മികച്ച കളിക്കാരനും, താൻ പഠിക്കുന്ന ലാറ്റിമേർ സ്കൂളിലെ സ്പോർട്സ് ക്യാപ്റ്റനും, തായ്‌ക്വോണ്ടോ ബ്ളാക്ക് ബെൽറ്റ് ജേതാവുമാണ്. ഈ ചെറുപ്രായത്തിൽത്തന്നെ തായ്‌ക്വോണ്ടോ മത്സരങ്ങളിലെ നാഷണൽ അംഗീകൃത റഫറിയാണെന്നുള്ളതും ശ്രദ്ധേയമാണ്. കൊച്ചുകുട്ടികൾക്ക് തായ്‌ക്വോണ്ടോയിലും ഫുട്‌ബോളിലും പരിശീലനം നൽകുവാനും ഡാരൻ സമയം കണ്ടെത്താറുണ്ട്.

സ്കിറ്റുകൾ തയ്യാറാക്കി സംവിധാനം ചെയ്യാറുള്ള ഡാരൻ പഠനത്തിൽ സ്ഥിരതയാർന്ന ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുന്നുണ്ട്. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബൈബിൾ കലോത്സവത്തിൽ ഇംഗ്ലീഷ് പ്രസംഗത്തിനു നാഷണൽ ലെവൽ മത്സരത്തിൽ പലതവണയും പങ്കെടുത്തിട്ടുള്ള മിടുക്കൻ വാൽത്താംസ്‌റ്റോ ബ്ലെസ്സഡ് കുഞ്ഞച്ചൻ മിഷനിൽ സജീവമായി പങ്കെടുക്കാറുണ്ട്.

ഡാരന്റെ 10 വയസ്സുള്ള സഹോദരൻ അഡ്രിയാൻ പോൾ ഹസ്റ്റ് ഡ്രൈവ് പ്രൈമറി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. ജ്യേഷ്‌ഠനെ പിന്തുടരുന്ന അഡ്രിയാൻ പഠനത്തിലും,തായ് ക്വോണ്ട, ഫുട്ബാൾ എന്നിവയിലും ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്നു.

ബാങ്കിങ് മേഖലയിൽ അസോസിയേറ്റ് ഡയറക്ടറായ പ്രിൻസ് പോളിന്റെയും, ക്ലിനിക്കൽ സർവീസ് മേധാവിയായ ജോമോൾ പോളിന്റെയും മകനാണ് ഡാരൻ. പ്രിൻസ് പോൾ മൂവാറ്റുപുഴ, ആനിക്കാട്ട് , വടക്കുംപാടം കുടുംബാംഗമാണ്. നോർത്ത് ലണ്ടനിൽ, എൻഫീൽഡിലാണ് ഇവരുടെ കുടുംബം താമസിക്കുന്നത്.

ബാംബോസ് ചാരലംബൗസ് (എംപി), ഡോറിസ് ജിയഗേ (മേയർ) തുടങ്ങി നിരവധി വ്യക്തികൾ ഡാരൻ പോളിനെ അഭിനന്ദിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more