1 GBP = 104.27
breaking news

‘വാക്സിനേഷനില്ല ആഹാരമില്ല’: ക്യൂബയിൽ സർക്കാരിനെതിരെ ആയിരക്കണക്കിന് ജനത തെരുവിൽ

‘വാക്സിനേഷനില്ല ആഹാരമില്ല’: ക്യൂബയിൽ സർക്കാരിനെതിരെ ആയിരക്കണക്കിന് ജനത തെരുവിൽ

ഹവാന: ക്യൂബയിൽ സർക്കാരിനെതിരെ വൻ പ്രതിഷേധം. സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം ക്യൂബ നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്കും കൊറോണ വൈറസ് അണുബാധയുടെ റെക്കോഡ് വർദ്ധനവിനുമിടയിലാണ് വൻ പ്രതിഷേധ പ്രകടനം പൊട്ടിപ്പുറപ്പെട്ടത്. കോവിഡിനെ ചെറുക്കുന്നതിനായി വാക്സിൻ പോലുള്ള അടിസ്ഥാന വസ്തുക്കളുടെ ലഭ്യത കുറവ്, പൗരസ്വാതന്ത്ര്യം തടയൽ, മഹാമാരി കൈകാര്യം ചെയ്യുന്നതിലെ സർക്കാരിന്റെ വീഴ്ച എന്നിവയാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.

പ്രസിഡന്റ് മിഗുവൽ ഡയസ് – കാനൽ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് ഞായറാഴ്ച തെരുവിലിറങ്ങിയത്. ഹവാനയിൽ നിന്ന് സാന്റിയാഗോ വരെയായിരുന്നു പ്രതിഷേധ പ്രകടനം. പതിറ്റാണ്ടുകളായി കമ്യൂണിസ്റ്റ് അധികാരത്തിലുള്ള ദ്വീപിൽ നടന്ന ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രകടനങ്ങളിൽ ഒന്നാണിത്.

ഹവാനയുടെ വിവിധ ഭാഗങ്ങളിൽ ‘ഡയസ്-കാനൽ രാജി വയ്ക്കുക’ എന്ന മുറവിളിയുമായി പ്രതിഷേധക്കാർ രംഗത്തെത്തി. പ്രതിഷേധക്കാർ രാത്രി 9 മണിയോടെ മടങ്ങിയതിന് ശേഷവും തലസ്ഥാന നഗരി കനത്ത പൊലീസ് കാവലിൽ ആയിരുന്നു.

‘ഞങ്ങൾ വളരെ പ്രയാസകരമായ സമയങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ ഭരണത്തിന് ഒരു മാറ്റം ആവശ്യമാണ്,’ ഹവാനയിലൂടെ മാർച്ച് നടത്തിയ ആയിരക്കണക്കിന് പ്രക്ഷോഭകരോടൊപ്പം ചേർന്ന നൃത്ത അധ്യാപികയായ 53 കാരി മിറാൻഡ ലസാര പറഞ്ഞു.

എന്നാൽ, പ്രക്ഷോഭത്തിന് കാരണം അമേരിക്കയാണെന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ തലവനായ ഡയസ് – കാനൽ കുറ്റപ്പെടുത്തി. നിരവധി പ്രതിഷേധക്കാർ യുഎസ് സംഘടിപ്പിച്ച സോഷ്യൽ മീഡിയ കാമ്പെയ്‌നുകളിൽ വീണുപോയവരും ‘കൂലിപ്പടയാളികളുമാണെന്നും’ ഡയസ്-കാനൽ കൂട്ടിച്ചേർത്തു. ‘പ്രകോപനങ്ങൾ’ അനുവദിക്കില്ലെന്നും കാനൽ മുന്നറിയിപ്പ് നൽകി.

ഹവാനയിലെ പ്രതിഷേധത്തിൽ നിരവധി പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പ്രതിഷേധക്കാരെ തടയുന്നതിനായി പൊലീസ് ലാത്തിയും പെപ്പർ സ്പ്രേ ഉപയോഗിച്ചു. പ്രതിഷേധക്കാർക്കൊപ്പം അസോസിയേറ്റഡ് പ്രസ്സിലെ ഫോട്ടോഗ്രാഫർക്കും പൊലീസിന്റെ മർദ്ദനത്തിൽ പരിക്കേറ്റു.

ഹവാനയിലെ ഒരു പ്രദേശത്ത്, ആളൊഴിഞ്ഞ പൊലീസ് വാഹനം പ്രതിഷേധക്കാർ ഉന്തി നീക്കുകയും കല്ലെറിഞ്ഞ് തകർക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ കണ്ട് പ്രതിഷേധത്തിന്റെ ഭാഗമായവരും നിരവധിയാണ്. മൊബൈൽ ഇന്റർനെറ്റ് പ്രതിഷേധത്തിൽ വലിയൊരു പങ്കുവഹിച്ചതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

1.1 കോടി ആളുകൾ താമസിക്കുന്ന കരീബിയൻ ദ്വീപ് രാജ്യത്ത് പൊതുജനങ്ങളുടെ വിയോജിപ്പുകൾ സാധാരണഗതിയിൽ പുറത്തു വരാറില്ല. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് പ്രതിഷേധ പ്രകടനങ്ങൾ വർദ്ധിച്ചു വരികയാണ്. 1994ന് ശേഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രകടനത്തിനാണ് ഞായറാഴ്ച്ച ക്യൂബ സാക്ഷ്യം വഹിച്ചതെന്ന് ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയിലെ ലാറ്റിൻ അമേരിക്കൻ ഹിസ്റ്ററി അസിസ്റ്റന്റ് പ്രൊഫസർ മൈക്കൽ ബുസ്റ്റാമന്റെ പറഞ്ഞു.

ഹവാനയുടെ അതിർത്തിയിലുള്ള ആർട്ടെമിസ പ്രവിശ്യയിലെ സാൻ അന്റോണിയോ ഡി ലോസ് ബാനോസ് മുനിസിപ്പാലിറ്റിയിലാണ് ഞായറാഴ്ച ഉച്ചയോടെ പ്രകടനങ്ങൾ ആരംഭിച്ചത്. ആയിരക്കണക്കിന് ആളുകൾ സർക്കാർ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും കൊറോണ വൈറസ് വാക്സിനുകൾ മുതൽ കോവിഡ് പ്രതിരോധ അവശ്യ വസ്തുക്കൾ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യുന്നത് സോഷ്യൽ മീഡിയയിലെ വീഡിയോകളിൽ കാണാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more