1 GBP = 104.12

അസാധാരണ നടപടിക്ക് കാരണം അസാധാരണ സാഹചര്യം; മുഖ്യമന്ത്രിക്ക് മറുപടിയുമായി സി പി ഐ യുടെ ജനയുഗം

അസാധാരണ നടപടിക്ക് കാരണം അസാധാരണ സാഹചര്യം; മുഖ്യമന്ത്രിക്ക് മറുപടിയുമായി സി പി ഐ യുടെ ജനയുഗം

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ നിന്ന് സി.പി.ഐയുടെ നാല് മന്ത്രിമാർ വിട്ടു നിന്നത് അസാധാരണമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവനയ്‌ക്ക് സി.പി.ഐയുടെ മറുപടി. അസാധാരണ സാഹചര്യം ഉടലെടുത്തതുകൊണ്ടാണ് അസാധാരണ നടപടി ഉണ്ടായതെന്ന് സി.പി.ഐ. പാർട്ടി മുഖപത്രമായ ജനയുഗത്തിന്റെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച പ്രത്യേക മുഖപ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുഖപ്രസംഗത്തിന്റെ പൂർണരൂപം-
ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ നിന്നും സിപിഐ പ്രതിനിധികളായ നാല് മന്ത്രിമാരും വിട്ടുനിൽക്കുകയുണ്ടായി. പാർട്ടി നിർദ്ദേശാനുസരണമാണ് തങ്ങൾ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന വിവരം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചിരുന്നു. മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിൽ സിപിഐ മന്ത്രിമാരുടെ നടപടി അസാധാരണമാണെന്ന് പറയുകയുണ്ടായി. തങ്ങളുടെ നടപടി അസാധാരണമാണെന്ന ഉത്തമബോധ്യത്തോടെയാണ് സിപിഐ മന്ത്രിമാരും അവരെ നയിക്കുന്ന പാർട്ടിയും അതിന് മുതിർന്നത്. അസാധാരണമായ സാഹചര്യമാണ് അസാധാരണമായ നടപടിക്ക് സിപിഐയെ നിർബന്ധിതമാക്കിയത്. അത് പ്രതീക്ഷിച്ച ഫലപ്രാപ്തിയിലേക്കാണ് കേരള രാഷ്ട്രീയത്തെ നയിച്ചത്.

കഴിഞ്ഞ ദിവസത്തെ കേരളാ ഹൈക്കോടതി വിധിയും കോടതി നടത്തിയ മൂർച്ചയേറിയ പരാമർശങ്ങളും തോമസ് ചാണ്ടിയുടെ മന്ത്രിസഭയിൽ തുടർന്നുള്ള നിലനിൽപ്പിന്റെ സാധുതയെയാണ് ചോദ്യം ചെയ്തത്. സർക്കാരിനെയും ചീഫ് സെക്രട്ടറിയേയും എതിർകക്ഷികളാക്കി ഒരു മന്ത്രിസഭാംഗം നൽകിയ ഹർജി ഭരണഘടനാവിരുദ്ധവും അപക്വവുമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. മന്ത്രിപദവിയിലിരുന്നുകൊണ്ട് സർക്കാരിന്റെ നടപടികളെ ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമാണെന്ന് തിരിച്ചറിയാൻ ഹൈക്കോടതി വിധി കാത്തിരിക്കേണ്ടതില്ല. വസ്തുത അതായിരിക്കെ കോടതിയുടെ രൂക്ഷമായ പരാമർശം കൂടി പുറത്തുവന്നതോടെ തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നതുതന്നെ മന്ത്രിസഭയെ സംബന്ധിക്കുന്ന ജനാധിപത്യമൂല്യങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും ലംഘനമാണെന്ന് വ്യക്തമായി. ഈ അസാധാരണ സാഹചര്യമാണ് മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിൽക്കുകയെന്ന അസാധാരണ നടപടിയിലേയ്ക്ക് സിപിഐയെ നയിച്ചത്.

ഉന്നതമായ നീതിബോധവും രാഷ്ട്രീയ പ്രബുദ്ധതയുമുള്ള ജനതയാണ് കേരളത്തിലേത്. അന്ധമായ രാഷ്ട്രീയവിരോധമോ അമിതമായ വിധേയത്വമോ പ്രകടിപ്പിക്കാതെ തികഞ്ഞ പക്വയോടെ തെരഞ്ഞെടുപ്പുകളിൽ സമ്മതിദാന അവകാശം പ്രകടിപ്പിക്കാനുള്ള തങ്ങളുടെ വിവേകം അവർ ആവർത്തിച്ചു തെളിയിച്ചിട്ടുണ്ട്. അഴിമതി, സ്വജനപക്ഷപാതം, അധികാര ദുർവിനിയോഗം തുടങ്ങി രാഷ്ട്രീയത്തെ സ്വാധീനിക്കാവുന്ന തിന്മകൾക്കെതിരെ ജാഗ്രയോടെ പ്രതികരിക്കാനുള്ള ശേഷിയും അവർ ആവർത്തിച്ചു പ്രകടിപ്പിച്ചിട്ടുണ്ട്. യുഡിഎഫ് സർക്കാരിന്റെ അഴിമതിയും അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും രാഷ്ട്രീയ മൂല്യച്യൂതിയുമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വീകാര്യതയ്ക്ക് കാരണമായത്. രാഷ്ട്രീയ ജീവിതത്തിൽ സംശുദ്ധിയും സുതാര്യതയും സാമൂഹ്യതിന്മകൾക്കെതിരായ ജാഗ്രതയും അവർ എൽഡിഎഫിൽ നിന്നും പ്രതീക്ഷിക്കുക സ്വാഭാവികമാണ്. നാളിതുവരെയുള്ള എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ആ മൂല്യങ്ങളും തത്വാധിഷ്ഠിത നിലപാടുകളും വലിയൊരളവ് ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ തോമസ് ചാണ്ടിക്കെതിരെ ഉയർന്ന കായൽ കയ്യേറ്റ ആരോപണവും തുടർന്നുള്ള നടപടികളും ജനങ്ങൾ എൽഡിഎഫിൽ അർപ്പിച്ച വിശ്വാസത്തിന് തെല്ലെങ്കിലും മങ്ങലേൽപ്പിക്കാൻ ഇടയായിട്ടുണ്ടെങ്കിൽ അത് വിമർശനബുദ്ധ്യാ തിരിച്ചറിഞ്ഞ് തിരുത്താൻ മുന്നണിയും അതിലെ ഓരോ ഘടകകക്ഷിയും ബാധ്യസ്ഥരാണ്. ആ തിരിച്ചറിവാണ് സിപിഐയെ കർക്കശ നിലപാടുകൾക്ക് നിർബന്ധിതമാക്കിയത്.

തോമസ് ചാണ്ടിക്കും കുടുംബത്തിനും മുഖ്യ പങ്കാളിത്തമുള്ള ലേക് പാലസ് റിസോർട്ടിനെതിരെ ഉയർന്നിട്ടുള്ള കായൽ കയ്യേറ്റ ആരോപണങ്ങളിൽ നാളിതുവരെ നടന്ന അന്വേഷണങ്ങൾ എല്ലാം അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സ്ഥാപനത്തെയും പ്രതിക്കൂട്ടിൽ നിർത്തുന്നവയാണ്. കളക്ടറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാമായിരുന്നിട്ടും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന് ഭംഗം വരുത്തുന്ന യാതൊരു നടപടിക്കും റവന്യൂവകുപ്പ് മന്ത്രി മുതിർന്നില്ല. ഏ ജിയുടെ നിയമോപദേശം, ഹൈക്കോടതിയിൽ തോമസ്ചാണ്ടി നൽകിയ ഹർജിയിലെ തീർപ്പ് തുടങ്ങിയ നിയമപരമായ എല്ലാ സാധ്യതകൾക്കും സിപിഐ ക്ഷമാപൂർവം കാത്തിരുന്നു. പൊതുവേദിയിൽ വച്ചുയർന്ന വെല്ലുവിളിയിലും സിപിഐ ജനറൽ സെക്രട്ടറിക്കെതിരായ അടിസ്ഥാനരഹിതമായ ആരോപണത്തിൽപ്പോലും പ്രകോപനം തെല്ലും കൂടാതെ മുന്നണി മര്യാദകൾ ഉയർത്തിപ്പിടിക്കാൻ സിപിഐ ബദ്ധശ്രദ്ധമായിരുന്നു. എല്ലാ സാധ്യതകളും പൂർണമായി പ്രയോജനപ്പെടുത്തിയശേഷവും എൽഡിഎഫിനെ സ്‌നേഹിക്കുന്ന മുഴുവൻ ജനങ്ങളുടെയും ന്യായമായ വികാരങ്ങളെ നിരാകരിക്കുന്നിടത്തോളം സംഭവങ്ങൾ എത്തിച്ചേർന്ന ഘട്ടത്തിലാണ് കർശനമായ നിലപാടുകളിലേയ്ക്ക് നീങ്ങാൻ സിപിഐ നിർബന്ധിതമായത്.

കേരളവും രാജ്യവും ഇന്ന് നേരിടുന്ന കടുത്ത വെല്ലുവിളികളെ അതിജീവിക്കാൻ ഉതകുന്ന ബദൽ രാഷ്ട്രീയമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി ഉയർത്തിപ്പിടിക്കുന്നത്. അഴിമതിക്കും കോർപ്പറേറ്റ് പ്രീണനത്തിനും വർഗീയ ഫാസിസ്റ്റ് പ്രവണതകൾക്കുമെതിരായ ജനകീയ ചെറുത്തുനിൽപ്പിന്റെ ശക്തികേന്ദ്രമാണ് ഇടതുപക്ഷ ഐക്യമെന്ന് സിപിഐ തിരിച്ചറിയുന്നു. രാജ്യത്ത് അനിവാര്യമായും വളർന്നുവരേണ്ട ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യ ഐക്യനിരയെന്ന ആശയത്തിലും ലക്ഷ്യത്തിലുമാണ് സിപിഐ അതിന്റെ നങ്കൂരം ഉറപ്പിച്ചിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more