1 GBP = 103.70

നിയന്ത്രണങ്ങൾക്കിടയിലും കുറയാതെ ടിപിആർ; ആശങ്കയായി സംസ്ഥാനത്തെ സാഹചര്യം

നിയന്ത്രണങ്ങൾക്കിടയിലും കുറയാതെ ടിപിആർ; ആശങ്കയായി സംസ്ഥാനത്തെ സാഹചര്യം

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിക്കണമെങ്കിൽ ടി.പി.ആർ പത്തിന് താഴേക്കെത്തണമെന്നാണ് വിദഗ്ദ സമിതിയുടെ നിലപാട്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രാദേശിക നിയന്ത്രണങ്ങൾ തുടരുന്നുവെങ്കിലും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയായി 10.41 ആണ് ശരാശരി ടി.പി.ആർ. പത്തിൽ താഴെ എത്തിക്കാനുള്ള ആരോഗ്യവകുപ്പ് ശ്രമങ്ങൾ ഫലം കാണുന്നുമില്ല. 11 ആയിരുന്നു കഴിഞ്ഞദിവസം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 15 ദിവസത്തിനിടെ രണ്ട് ദിവസം മാത്രമാണ് ടി.പി.ആർ പത്തിന് താഴെക്കെത്തിയത്.

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിക്കണമെങ്കിൽ ടി.പി.ആർ പത്തിന് താഴേക്കെത്തണമെന്നാണ് വിദഗ്ദ സമിതിയുടെ നിലപാട്. 29.75 ശതമാനമായിരുന്ന ടി.പി.ആർ ക്രമമായി താഴ്ന്ന് 12 ശതമാനത്തിലെത്താൻ 32 ദിവസമാണെടുത്തത്. എന്നാൽ അതിനു ശേഷം രണ്ടാഴ്ച പിന്നിടുമ്പോഴും ടി.പി.ആറിൽ കാര്യമായ കുറവില്ല. സംസ്ഥാനത്ത് കണ്ണൂർ, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, തിരുവനന്തപുരം ജില്ലകളില്‍ ടി.പി.ആർ 10 ശതമാനത്തിലും താഴെയാണ്. ശേഷിക്കുന്ന ജില്ലകളിൽ 10 നും 13 നും ഇടയിലാണ്.

മൂന്നാം തരംഗത്തിലേക്കുള്ള ഇടവേള ദീർഘിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. എന്നാൽ ടിപിആർ കുറയാത്തത് തിരിച്ചടിയാകുമോ എന്ന ആശങ്കയുമുണ്ട്. ടിപിആർ അഞ്ചിന് താഴേക്കെത്തിയെങ്കിലേ സുരക്ഷിതമായി എന്ന് പറയാനുമാകൂ. ലോക്ഡൗണിൽ ഇളവുകൾ വരികയും ആളുകളുടെ സമ്പർക്കസാഹചര്യങ്ങൾ വർധിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ടി.പി.ആർ കുറയ്ക്കുന്നതിന് വലിയ പരിശ്രമം വേണ്ടി വരുമെന്നാണ് ആരോഗ്യവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം കുറയുന്നതിനു മുൻപ് തന്നെ അടുത്ത തരംഗമുണ്ടായാൽ ആരോഗ്യസംവിധാനങ്ങളെ സമ്മർദ്ദത്തിലാക്കുമെന്നതിനാലാണിത്. തീവ്രവ്യാപന ശേഷിയുള്ള ഡെൽറ്റ പ്ലസ് വൈറസിെൻറ സാന്നിധ്യം സ്ഥിരീകരിച്ചതാണ് മറ്റൊരു ഗുരുതര സാഹചര്യം. ഇതിനെ മൂന്നാം തരംഗമായി കാണേണ്ടെന്നാണ് വിലയിരുത്തലെങ്കിലും രോഗവ്യാപനത്തോത് കുറയാതെ തുടരുന്ന സാഹചര്യത്തിലാണ് ഡെൽറ്റ പ്ലസിന്‍റെയടക്കം സാന്നിധ്യവും പ്രതിസന്ധിയാകുന്നത്.

ഇതിനിടയിൽ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്. വാക്‌സിന്‍ കുത്തിവെപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിര്‍ദേശമുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more