1 GBP = 103.12

കൂടുതൽ ഇളവുകളുണ്ടാകുമോ? മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന്

കൂടുതൽ ഇളവുകളുണ്ടാകുമോ? മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന്

കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. ടിപിആർ പത്തിൽ താഴെ എത്തിയ സാഹചര്യത്തിൽ കൂടുതൽ ഇളവുകളുണ്ടായേക്കും.

തിരുവനന്തപുരം: കോവിഡ് ഇളവുകളെപ്പറ്റി തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന് ചേരും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് യോഗത്തില്‍ പങ്കെടുക്കുക.

കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. ടിപിആർ പത്തിൽ താഴെ എത്തിയ സാഹചര്യത്തിൽ കൂടുതൽ ഇളവുകളുണ്ടായേക്കും. മാത്രമല്ല, വ്യാപാര സ്ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കുന്നത് തിരക്കിന് ഇടയാക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ എല്ലാദിവസവും കടകള്‍ തുറക്കുന്നത് പരിഗണിയിലാണ്.

ശനിയും ഞായറുമുള്ള ലോക്ക്ഡൗൺ തുടരുന്നതില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ തല്‍ക്കാലം തല്‍സ്ഥിതി തുടര്‍ന്നേക്കും. റസ്റ്ററന്റുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കാനുള്ള അനുമതി ഉടന്‍ ഉണ്ടാവില്ല. അതേസമയം അവശ്യസാധനങ്ങളുടെ കടകളുടെ സമയം രാത്രി ഒന്‍പതു വരെ നീട്ടുന്നത് പരിഗണിയിലുണ്ട്. പുതിയ ടിപിആറിന്റെ അടിസ്ഥാനത്തില്‍ നാലു മേഖലകളായി തിരിക്കുന്നത് പുനക്രമീകരിച്ചേക്കും.ഇന്നലെ കേരളത്തിന് ആശ്വാസദിനമായിരുന്നു. ടിപിആർ കുറഞ്ഞതിനൊപ്പം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണവും പതിനായിരത്തിൽ താഴെയായി. 7798 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ. സംസ്ഥാനത്ത് ആയിരത്തിന് മേലെ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതും തൃശൂർ ജില്ലയിൽ മാത്രമാണ്. 1092 കേസുകളാണ് തൃശ്ശൂർ ജില്ലയിലുള്ളത്.

കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ 602, എറണാകുളം 582, കാസര്‍ഗോഡ് 553, കണ്ണൂര്‍ 522, കോട്ടയം 363, പത്തനംതിട്ട 202, വയനാട് 137, ഇടുക്കി 129 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകൾ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 100 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,686 ആയി.

അതേസമയം, കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗവും ഇന്ന് നടക്കും. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ 8 മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തും. അസം, നാഗാലാന്റ്, ത്രിപുര, സിക്കിം, മണിപ്പൂർ, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് ചർച്ച.

രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ രോഗ വ്യാപന തോത് മാറ്റമില്ലാതെ നിൽക്കുന്ന പശ്ചാത്തലത്തിൽ ആണ് പ്രധാനമന്ത്രി നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more