1 GBP = 103.12

രാജ്യത്ത് 24 മണിക്കൂറിനിടെ 41,383 കൊവിഡ് കേസുകള്‍; 507 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 41,383 കൊവിഡ് കേസുകള്‍; 507 മരണം

രാജ്യത്തെ പ്രതിദിന രോഗികള്‍ 40,000 മുകളില്‍ തന്നെ തുടരുന്നു. 24 മണിക്കൂറിനിടെ 507 പേര്‍ മരിച്ചു. കേരളത്തില്‍ മഹാരാഷ്ട്രയിലും പ്രതിദിന കേസുകള്‍ ഉയര്‍ന്നതോടെ ദേശീയ കണക്കില്‍ വീണ്ടും രോഗികളുടെ എണ്ണം വീണ്ടും നാല്‍പതിനായിരം കടന്നു.

41,383 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി 31 ദിവസവും ടെസ്റ്റ് പോസിറ്റീവ് നിരക്ക് 3 ശതമാനത്തില്‍ താഴെയായി. 2.41 ശതമാനമാണ് നിലവിലെ പ്രതിദിന ടിപിആര്‍.

ജൂലൈ മാസം മുതല്‍ പ്രതിദിനം ഒരു കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നെങ്കിലും 24 ലക്ഷത്തോളം പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ നല്‍കിയത്. പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ ഭൂരിഭാഗവും ഡെല്‍റ്റ വകഭേദമാണെന്നും ഐസിഎംആറിന്റെ പുതിയ പഠനം.

മറ്റു വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡെല്‍റ്റ വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണ്. എന്നാല്‍ 9.8 ശതമാനം കേസുകളില്‍ മാത്രമേ ആശുപത്രി ചികിത്സ ആവശ്യമുള്ളൂ. മരണനിരക്ക് 0.4% കുറവാണെന്നും പഠനത്തില്‍ പറയുന്നു.

അതേസമയം, കേന്ദ്രസർക്കാരിന്റെ വീഴ്ചകൊണ്ട് ഒന്നരവർഷത്തിനിടെ രാജ്യത്ത് 50 ലക്ഷം പേർ മരിച്ചതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ട്വിറ്ററിലാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.

വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഗ്ലോബൽ ഡെവലപ്‌മെന്റ്് എന്ന സ്ഥാപനത്തിന്റെ പഠനം പങ്കുവച്ചാണ് രാഹുലിന്റെ ആരോപണം. ഔദ്യോഗിക കണക്കനുസരിച്ച് 4.18 ലക്ഷം ആണ് ഇന്ത്യയിലെ ഇതുവരെയുള്ള കൊവിഡ് മരണ നിരക്ക്.

അഭിഷേക് ആനന്ദ്, ജസ്്റ്റിൻ സൻഡർഫർ, മോദി സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ എന്നിവർ ചേർന്ന് തയാറാക്കിയ പഠനത്തിൽ മൂന്ന് കണക്കുകളാണ് നൽകിയിരിക്കുന്നത്. സംസ്ഥാനങ്ങളിലെ സിവിക് രജിസ്‌ട്രേഷൻ ഡേറ്റ ഉപയോഗിച്ചുകൊണ്ട് തയാറാക്കിയ 3.4 ദശലക്ഷം മരണങ്ങൾ, ഇൻഫെക്ഷൻ ഫേറ്റാലിറ്റി റേഷ്യോ പ്രകാരം തയാറാക്കിയ 4 ദശലക്ഷം മരണങ്ങൾ, കൺസ്യൂമർ പിരമിഡ് ഹൗസ്‌ഹോൾഡ് സർവേ അടിസ്ഥാനമാക്കി തയാറാക്കിയ 4.9 മരണങ്ങളുടെ കണക്കുകളും.

സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് കൊവിഡ് മഹാമാരിയെന്നും വാഷിംഗ്ടണിലെ സെന്റർ ഫോർ ഗ്ലോബൽ ഡെവലപ്‌മെന്റിന്റെ പഠന റിപ്പോർട്ട് വിലയിരുത്തി. 2020 ജനുവരിമുതൽ 2021 ജൂൺവരെയായിരുന്നു പഠന കാലയളവ്. സിറോ സർവേകൾ, വീടുകൾ കേന്ദ്രീകരിച്ചുള്ള സർവേകൾ, ഔദ്യോഗിക കണക്കുകൾ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് പഠന റിപ്പോർട്ട്.

അതിനിടെ, സ്പുഡ്‌നിക്ക് വാക്‌സിൻ നിർമ്മാണ യൂണിറ്റ് കേരളത്തിലും വന്നേക്കുമെന്ന് റിപ്പോർട്ട് പുറത്ത് വന്നു. സ്പുഡ്‌നിക്ക് വാക്‌സിൻ നിർമ്മാണ യൂണിറ്റിന് തിരുവനന്തപുരത്തെ തോന്നയ്ക്കലാണ് പരിഗണനയിൽ.

സ്പുട്‌നിക് വാക്‌സിൻ റഷ്യയ്ക്ക് പുറത്ത് ആദ്യമായിട്ട് നിർമിക്കുക ഇന്ത്യയിലായിരക്കും എന്ന് ഏകദേശ ധാരയായിട്ടുണ്ട്. ആദ്യ പരിഗണന ഗുജറാത്തിനും രണ്ടാം പരിഗണനയിൽ കേരളവുമുണ്ട്. തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലാണ് നിർമ്മാണ യൂണിറ്റ്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാകും യൂണിറ്റ് ആരംഭിക്കുക.

ഇതുമായി ബന്ധപ്പെട്ട സാധ്യതകൾ റഷ്യൻ അധികൃതർ കേരളത്തിലെ കെഎസ്‌ഐഡിസിയും കേരളത്തിലെ ഉന്നതാധികാര സമിതിയുമായും ചർച്ച നടത്തി. പ്രദേശത്തെ സ്വഭാവസവിശേഷത, വെള്ളത്തിന്റെ ലഭ്യത എന്നിവയെല്ലാം പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തു. വെള്ളത്തിന്റെ ലഭ്യത കണക്കിലെടുത്താൽ ഗുജറാത്തിനേക്കാൾ മേൽക്കൈ കേരളത്തിനാകും.

റഷ്യൻ കൊവിഡ് വാക്‌സിനായ സ്പുട്‌നിക് പരീക്ഷണാർഥം ഉൽപാദിപ്പിക്കാൻ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് അനുമതി ലഭിച്ചിരുന്നു. ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയാണ് (ഡിസിജിഐ) അനുമതി നൽകിയത്. മോസ്‌കോയിലെ ഗമാലയ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയുമായി ചേർന്നായിരിക്കും സീറം ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more