1 GBP = 103.12

യു.കെയിൽ നിന്ന് ഇന്ത്യയിലെത്തിയ 16 പേർക്ക് കോവിഡ്; പുതിയ വൈറസുണ്ടോയെന്നറിയാൻ വിദഗ്ധ പരിശോധന

യു.കെയിൽ നിന്ന് ഇന്ത്യയിലെത്തിയ 16 പേർക്ക് കോവിഡ്; പുതിയ വൈറസുണ്ടോയെന്നറിയാൻ വിദഗ്ധ പരിശോധന

ന്യൂഡൽഹി: കഴിഞ്ഞ ദിവസങ്ങളിൽ യു.കെയിൽ നിന്ന് ഇന്ത്യയിലെത്തിയ 16 വിമാന യാത്രികർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അതിവേഗ വ്യാപനശേഷിയുള്ള ജനിതക മാറ്റം വന്ന വൈറസാണോ ഇവരെ ബാധിച്ചത് എന്നറിയാനായി സ്രവ സാംപിളുകൾ വിദഗ്ധ പരിശോധന നടത്തും. യു.കെയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഇന്ത്യയിൽ ഇന്നാണ് നിരോധനം നിലവിൽ വന്നത്. 

യു.കെയിൽ നിന്നെത്തിയ എട്ട് പേർ അമൃത്സറിലും അഞ്ച് പേർ ന്യൂഡൽഹിയിലും രണ്ടുപേർ കൊൽക്കത്തയിലും ഒരാൾ ചെന്നൈയിലുമാണ് പരിശോധനയിൽ കോവിഡ് ബാധിതരായി കണ്ടെത്തിയത്. എന്നാൽ, ഇന്ത്യയിൽ ഇതുവരെയും ജനിതകമാറ്റം വന്ന പുതിയ വൈറസ് വകഭേദം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസങ്ങളിൽ യു.കെയിൽ നിന്ന് ഇന്ത്യയിലെത്തിയ എല്ലാ യാത്രക്കാരെയും വിമാനത്താവളത്തിൽ തന്നെ ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. ഫലം ലഭിച്ച ശേഷം മാത്രമാണ് ഇവരെ പുറത്തുവിട്ടത്. 

പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഉൾപ്പെടെയുള്ള വിദഗ്ധ ലാബുകളിലേക്കാണ് കോവിഡ് സ്ഥിരീകരിച്ചവരുടെ സാംപിളുകൾ അയച്ചിട്ടുള്ളത്. 

കഴിഞ്ഞ നാല് ആഴ്ചക്കിടെ യു.കെയിൽ നിന്ന് രാജ്യത്തെത്തിയവരെ സർക്കാർ നിരീക്ഷിക്കുന്നുണ്ട്. ഇവരോട് കർശനമായി ക്വാറന്‍റീനിൽ കഴിയാനും നിർദേശിച്ചിരിക്കുകയാണ്. 

കൊറോണ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയ ബ്രിട്ടണിൽ രോഗവ്യാപനം നിയന്ത്രണാതീതമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 70 ശതമാനം കൂടുതൽ വ്യാപനശേഷിയുള്ളതാണ് ജനിതകമാറ്റം വന്ന വൈറസ്. തുടർന്ന് 40ലേറെ രാജ്യങ്ങൾ യു.കെയിൽ നിന്നുള്ള യാത്രികരെ വിലക്കിയിരിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more