1 GBP = 103.75
breaking news

പതിനായിരത്തിലേറെ കിടക്കകളുമായി രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സ കേന്ദ്രം ഒരുങ്ങുന്നു

പതിനായിരത്തിലേറെ കിടക്കകളുമായി രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സ കേന്ദ്രം ഒരുങ്ങുന്നു

ന്യൂ ഡൽഹി : രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സ കേന്ദ്രമായ സർദാർ പട്ടേൽ കൊവിഡ് കെയർ സെന്റർ ഡൽഹിയിൽ ഒരുങ്ങുന്നു. കേന്ദ്രത്തിന്റെ പ്രവർത്തനം അടുത്ത മാസം ഏഴാം തീയതി മുതൽ ആരംഭിക്കുമെന്നാണ് വിവരം. 10,200 കിടക്കകൾ കൊവിഡ് കെയർ സെന്ററിലുണ്ടെന്നാണ് റിപ്പോർട്ട്.

ഡൽഹിയിൽ കൊവിഡ് രോഗ ബാധിതർ വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ നിമിത്തം രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് കെയർ സെന്റർ സാധ്യമായിരിക്കുന്നത്. 70 ഏക്കറാണ് ചികിത്സ കേന്ദ്രത്തിന്റെ വിസ്തൃതി. കൊവിഡ് കെയർ സെന്ററിലെ 10,200 കിടക്കകളിൽ 10 ശതമാനത്തിനും കൃത്രിമ ഓക്‌സിജൻ നൽകാനുള്ള സംവിധാനവുമുണ്ട്. 950 ശുചി മുറികളും സെന്ററിലുണ്ടാകും. അതിൽ ബയോ ടോയിലറ്റുകളും ഉൾപ്പെടും. കൂടാതെ 3000 ആരോഗ്യ പ്രവർത്തകർ കൊവിഡ് കെയർ സെന്ററിൽ ഡ്യൂട്ടിയിലുണ്ടായിരിക്കുമെന്നാണ് വിവരം. സുരക്ഷക്കായി സിസി ടിവി നിരീക്ഷണവും ഇന്തോ ടിബറ്റൻ അതിർത്തി പൊലീസിന്റെ കാവലുമുണ്ടായിരിക്കുന്നതാണ്. ചൈനയിലെ ഏത് കൊവിഡ് ചികിത്സ കേന്ദ്രത്തേക്കാളും വലുതാണ് സർദാർ പട്ടേൽ കൊവിഡ് കെയർ സെന്‍റര്‍ എന്നാണ് ഡൽഹി സർക്കാർ പറയുന്നത്.

അതേസമയം സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടാനാണ് സാധ്യത. ഡൽഹിയിൽ സമൂഹ വ്യാപനം ഇല്ലായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയെങ്കിലും ജൂൺ എട്ടിന് ശേഷമുള്ള രോഗവർധന ഞെട്ടിക്കുന്നതാണ്. ഉറവിടം വ്യക്തമല്ലാത്ത കേസുകളാണ് ഇതിലേറെയുമുള്ളത്. 141 മേഖലകൾ കൂടി കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിലെ ആകെ 421 കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് അരലക്ഷം ആളുകളെ പരിശോധിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more