1 GBP = 103.12

കൊവിഡിനെ തോല്പിച്ച് ന്യൂസീലൻഡ്; അവസാന രോഗിയും ആശുപത്രി വിട്ടു

കൊവിഡിനെ തോല്പിച്ച് ന്യൂസീലൻഡ്; അവസാന രോഗിയും ആശുപത്രി വിട്ടു

ന്യൂസിലൻഡിലെ അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടു. മിഡില്മോർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ രോഗിയാണ് ബുധനാഴ്ച ആശുപത്രി വിട്ടത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ രാജ്യത്ത് ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതേ തുടർന്ന് ലോക്ക് ഡൗണിൽ ഇളവുകൾ നൽകാനും തീരുമാനമായിട്ടുണ്ട്.

അമ്പത് ലക്ഷത്തോളം ജനസംഖ്യയുള്ള ന്യൂസീലൻഡിൽ ആകെ 1504 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 21 പേർ മരണപ്പെട്ടു. ബാക്കി 1462 പേരും രോഗമുക്തരായി. കൊവിഡ് രോഗം റിപ്പോർട്ട് ചെയ്തതു മുതൽ രാജ്യം ശക്തമായ പ്രതിരോധ നടപടികളാണ് സ്വീകരിച്ചത്. 10 പേരിൽ കൂടുതൽ കൂട്ടം കൂടുന്നത് രാജ്യത്ത് നിരോധിച്ചിരുന്നു. കൊവിഡ് രോഗബാധ ഗണ്യമായി കുറഞ്ഞതോടെ മെയ് 29 മുതൽ മുൻകരുതലുകൾ പാലിച്ചുകൊണ്ട് ഇത് 100 പേരാക്കി ഇളവ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

ഏപ്രിലിലാണ് ആശുപത്രികളിൽ കൊവിഡ് രോഗികൾ ഏറ്റവും കൂടുതലായി അഡ്മിറ്റ് ചെയ്യപ്പെട്ടത്. അപ്പോഴും പരമാവധി 20 പേർ മാത്രമേ ഒരേ സമയം ചികിത്സ തേടിയിരുന്നുള്ളൂ. ആകെ 5 പേരെ മാത്രമാണ് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇതും ഏപ്രിലിൽ ആയിരുന്നു.

ഫെബ്രുവരി 28നാണ് രാജ്യത്ത് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. അന്ന് മുതൽ പ്രധാനമന്ത്രി ജസീന്ത ആർഡൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. മാർച്ച് 14ന് രാജ്യത്തേക്ക് വരുന്ന ആളുകൾ രണ്ടാഴ്ച സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന നിർദ്ദേശം നൽകി. അപ്പോൾ 6 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നത്. മാർച്ച് 19ന് മറ്റു രാജ്യങ്ങളിൽ നിന്ന് രാജ്യത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. അപ്പോൾ 28 കേസുകളാണ് ഉണ്ടായിരുന്നത്. മാർച്ച് 23 ആയപ്പോഴേക്കും രോഗബാധ 103 ആയി ഉയർന്നു. അന്ന് ലോക്ക് ഡൗൺ ഏർപ്പെടുത്തുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more