1 GBP = 104.17
breaking news

ബ്രിസ്റ്റോൾ എയർപോർട്ടിൽ നിന്നും പോർച്ചുഗൽ ഐലൻഡായ മഡീറയിലേക്ക് പുറപ്പെട്ട ദമ്പതികളെ പതിനഞ്ച് മണിക്കൂർ വിമാനയാത്രക്ക് ശേഷം ബ്രിസ്റ്റോളിൽ തന്നെ തിരിച്ചിറക്കി

ബ്രിസ്റ്റോൾ എയർപോർട്ടിൽ നിന്നും പോർച്ചുഗൽ ഐലൻഡായ മഡീറയിലേക്ക് പുറപ്പെട്ട ദമ്പതികളെ പതിനഞ്ച് മണിക്കൂർ വിമാനയാത്രക്ക് ശേഷം ബ്രിസ്റ്റോളിൽ തന്നെ തിരിച്ചിറക്കി

കാർഡിഫ്: പോർച്ചുഗലിലെ മഡീറയിലേക്ക് ഉല്ലാസയാത്ര പോയ ദമ്പതികൾക്കാണ് വിമാനയാത്ര ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ദുരനുഭവമായത്. കാർഡിഫിൽ നിന്നുള്ള പോൾ ഡേവിസും(71) ഭാര്യ അന(60)യുമാണ് ഒരാഴ്ച്ച നീണ്ട്‌ നിൽക്കുന്ന അവധിയാഘോഷിക്കാൻ ബ്രിസ്റ്റോൾ എയർപോർട്ടിൽ നിന്നും ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച ഈസി ജെറ്റ് വിമാനത്തിൽ മഡീറയിലേക്ക് തിരിച്ചത്. മൂന്ന് മണിക്കൂർ നാല്പത് മിനിറ്റ് ആയിരുന്നു യാത്ര. രാവിലെ കൃത്യം 7.40 നു പുറപ്പെട്ട വിമാനം പതിനഞ്ച് മണിക്കൂറിന് ശേഷം 4000 മൈൽ താണ്ടി ദമ്പതികളെ ബ്രിസ്റ്റോൾ എയർപോർട്ടിൽ തന്നെ തിരിച്ചിറക്കി.

മഡീറയിലെത്തിയ വിമാനം കനത്ത കാറ്റ് മൂലം എയർപോർട്ടിൽ ഇറങ്ങാൻ കഴിഞ്ഞില്ല. പലതവണ എയർപോർട്ടിന് ചുറ്റും വട്ടമിട്ട് പറന്നിട്ടും വിമാനമിറക്കാൻ കഴിയാതെ പൈലറ്റ് ഒന്നര മണിക്കൂർ തിരിച്ച് പറന്ന് ലിസ്ബൺ എയർപോർട്ടിൽ വിമാനമിറക്കി. വിമാനത്തിൽ നിന്ന് ആരെയും പുറത്തിറക്കാതെ വീണ്ടും ഒന്നര മണിക്കൂറിന് ശേഷം മഡീറയിലേക്ക് തന്നെ പുറപ്പെട്ടു. കാലാവസ്ഥയിൽ കൂടുതൽ മാറ്റമുണ്ടായി എന്ന് പറഞ്ഞാണ് പൈലറ്റ് വിമാനം വീണ്ടും മഡീറയിലേക്ക് വിട്ടത്. എന്നാൽ അവിടെ ചെന്നപ്പോൾ സ്ഥിതിയിൽ കാര്യമായ മാറ്റമില്ല. ഇതിന് മുൻപ് വന്ന എട്ടോളം വിമാനങ്ങൾ വഴി തിരിച്ച് വിട്ടിരുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പനുസരിച്ച് വെള്ളിയാഴ്ച്ച വരെ തൽസ്ഥിതി തുടരുമെന്നും പൈലറ്റിന് നിർദ്ദേശം കിട്ടി. മറ്റ് പോംവഴിയൊന്നുമില്ലാതെ തിരികെ ബ്രിസ്റ്റോളിലേക്ക് പറക്കാനിരുന്ന വിമാനം കുറച്ച് യാത്രക്കാരുടെ അഭ്യർത്ഥന മാനിച്ച് പൈലറ്റ് പോർട്ടോ വിമാനത്താവളത്തിലിറക്കി. മുപ്പത്തിയൊൻപതോളം യാത്രക്കാർ പോർട്ടോയിലിറങ്ങി. മറ്റുള്ള യാത്രക്കാരുമായി രണ്ടു മണിക്കൂറിന് ശേഷം അവിടെ നിന്നും പുറപ്പെട്ട വിമാനം രാത്രി എട്ടു മണിയോടെ ബ്രിസ്റ്റോൾ എയർപോർട്ടിൽ തിരിച്ചിറങ്ങി.

ഈസി ജെറ്റ് അധികൃതർ ഡേവിസിനും ഭാര്യയ്ക്കും ടിക്കറ്റിന്റെ തുക തിരിച്ച് നൽകുമെന്ന് അറിയിച്ചത് ആശ്വാസമുണ്ടെങ്കിലും ആശിച്ചിരുന്ന അവധിക്കാലം നൽകിയ ദുരനുഭവത്തിന്റെ ഞെട്ടൽ ഇതുവരെയും മാറിയിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more