1 GBP = 95.04
breaking news

കൊറോണ വൈറസ്: സുഖം പ്രാപിക്കാൻ എത്ര സമയമെടുക്കും?

കൊറോണ വൈറസ്: സുഖം പ്രാപിക്കാൻ എത്ര സമയമെടുക്കും?

സുരേന്ദ്രൻ ആരക്കോട്ട് (യുക്മ ന്യൂസ് എഡിറ്റർ)

2019 അവസാനത്തോടെ ലോകത്തിൽ അവതരിച്ച കോവിഡ് -19 താരതമ്യേന ഒരു പുതിയ രോഗമാണ്. അതിവേഗം പടർന്നുപിടിക്കുന്ന ഈ അസുഖത്തിന് മുന്നിൽ വൈദ്യലോകം പകച്ചു നിൽക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. മരുന്നുകളുടെ അഭാവത്തിൽ പല രോഗികൾക്കും പൂർണ്ണ ആരോഗ്യം വീണ്ടെടുക്കാൻ വളരെയധികം സമയമെടുക്കുമെന്ന് സൂചനകളുണ്ട്. നിങ്ങൾക്ക് രോഗം എത്ര തീവ്രമായി ബാധിച്ചു എന്നതാണ് വീണ്ടെടുക്കൽ സമയ൦ നിർണയിക്കുന്ന ഒരു ഘടകം. ചിലർക്ക് എളുപ്പത്തിൽ സുഖമായേക്കാമെങ്കിലും മറ്റുള്ളവർക്ക് ഇത് ശാശ്വതമായ പ്രശ്നങ്ങൾ സൃഷ്ടിക്കും.

പ്രായം, ലിംഗഭേദം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെല്ലാം കോവിഡ് -19 ൽ നിന്ന് കൂടുതൽ ഗുരുതരമായ രോഗബാധിതരാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. നിങ്ങൾക്ക് ലഭിച്ച ചികിത്സ ദൈർഘ്യമേറിയതോ സങ്കീർണമോ ആയിരുന്നുവെങ്കിൽ അതിനനുസരിച്ചു പൂർണമായ രോഗമുക്തിക്ക് സമയമെടുക്കും.

കോവിഡ് -19 പിടിപെടുന്ന മിക്ക ആളുകളിലും പ്രധാന ലക്ഷണങ്ങൾ ചുമ അല്ലെങ്കിൽ പനി ആയിരിക്കും. എന്നാൽ അവർക്ക് ശരീരവേദന, ക്ഷീണം, തൊണ്ടവേദന, തലവേദന എന്നിവയും അനുഭവപ്പെടാം. ചുമ തുടക്കത്തിൽ വരണ്ടതാണ്, പക്ഷേ ചില ആളുകൾ, ഒടുവിൽ വൈറസ് മൂലം നശിപ്പിക്കപ്പെട്ട ശ്വാസകോശ കോശങ്ങൾ അടങ്ങിയ കഫം ചുമക്കുമ്പോൾ പുറന്തള്ളാൻ തുടങ്ങും.

ധാരാളം ദ്രാവകങ്ങൾ കുടിച്ചും, പാരസെറ്റമോൾ പോലുള്ള വേദനാ സംഹാരികൾ ഉപയോഗിച്ചും വേണ്ടത്ര വിശ്രമമെടുത്തുമാണ് വൈറസിനെ പ്രതിരോധിക്കുന്നത്. നേരിയ ലക്ഷണങ്ങളുള്ള ആളുകൾ എളുപ്പത്തിൽ സുഖം പ്രാപിക്കും. പനി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ സുഖപ്പെട്ടാലും ചുമ നീണ്ടുനിന്നേക്കും. ചൈനയിൽ നിന്നും ലഭ്യമായ വിവരങ്ങൾ വിശകലനം ചെയ്ത ലോകാരോഗ്യ സംഘടന പറയുന്നത് വൈറസ് ബാധിച്ചു കഴിഞ്ഞാൽ ആരോഗ്യം വീണ്ടെടുക്കാൻ ശരാശരി രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ്. കോവിഡ്-19 ചികിത്സക്കായി മരുന്നുകളൊന്നും ലഭ്യമല്ലാത്ത സാഹചര്യത്തിലും വാക്‌സിന് വേണ്ടിയുള്ള ഗവേഷണങ്ങളും വൈദ്യപരിശോധനാ രീതികളുടെ ഫലവും അർത്ഥവത്താവാൻ സമയമെടുക്കുമെന്നതിനാലും പ്രതിരോധം മാത്രമാണ് ഇപ്പോൾ നമ്മുടെ മുന്നിലുള്ളത്.

എന്നാൽ വൈറസ് ബാധിച്ച പലർക്കും ദിവസങ്ങൾ കഴിയുമ്പോൾ രോഗം മൂർച്ഛിച്ചു വരുന്നതായും കാണുന്നുണ്ട്. പകർച്ച വ്യാധി പിടിപെട്ടു ഏഴ് മുതൽ 10 ദിവസം വരെയുള്ള കാലയളവിലാണ് ഇങ്ങനെ രോഗം ഗുരുതരമാവാനുള്ള സാധ്യത. മാറ്റം വളരെ പെട്ടെന്നും നിനച്ചിരിക്കാതെയുമാവാം. ശ്വസനം ബുദ്ധിമുട്ടായി മാറുകയും ശ്വാസകോശം വീക്കം സംഭവിക്കുകയും ചെയ്യുന്നു. ശരീരത്തിലെ പ്രതിരോധ സംവിധാനം ഒരു തിരിച്ചടിക്ക് ശ്രമം നടത്തുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. പലപ്പോഴും ശരീരം അമിതമായി പ്രതികരിക്കുകയും തൽഫലമായി പല അവയവങ്ങൾക്കും പ്രതീക്ഷിക്കാത്ത നാശം സംഭവിക്കുകയും അവ പ്രവർത്തനരഹിതമായി തീരുകയും ചെയ്തേക്കാം.

 

 

“ശ്വാസതടസ്സം മെച്ചപ്പെടാൻ വളരെ സമയമെടുതേക്കാം. ക്ഷീണം നീണ്ടുനിൽക്കുന്നതിനാൽ സുഖം പ്രാപിക്കാൻ രണ്ട് മുതൽ എട്ട് ആഴ്ച വരെ എടുക്കുന്നവരുണ്ട്”, ജനറൽ പ്രാക്റ്റീഷനർ ആയ സാറാ ജാർവിസ് പറയുന്നു. 20 ൽ ഒരാൾക്ക് തീവ്രപരിചരണ ചികിത്സ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു, മയങ്ങാനുള്ള മരുന്നുകളുടെ ഉപയോഗവും വെന്റിലെറ്റർ ഘടിപ്പിക്കലും ഈ ഘട്ടത്തിൽ ആവശ്യമായി വന്നേക്കാം. അസുഖം എന്തായാലും തീവ്രമായ അല്ലെങ്കിൽ ഗുരുതരമായ പരിചരണ വിഭാഗത്തിലെ (ഐസിയു) ചികിത്സയിൽ നിന്നും വിടുതൽ നേടാൻ സമയമെടുക്കും. വീട്ടിലേക്ക് പോകുന്നതിനുമുമ്പ് രോഗികളെ ഒരു സാധാരണ വാർഡിലേക്ക് മാറ്റുന്നു.

ഗുരുതരമായ പരിചരണത്തിൽ കഴിഞ്ഞ ചില രോഗികൾ സാധാരണ നിലയിലേക്ക് വരാൻ 12 മുതൽ 18 മാസം വരെ എടുക്കുന്നത് അസാധാരണമല്ലെന്നു ഇന്റൻസീവ് കെയർ മെഡിസിൻ ഫാക്കൽറ്റി ഡീൻ ഡോ. അലിസൺ പിറ്റാർഡ് പറയുന്നു. ആശുപത്രി കിടക്കയിൽ ദീർഘനേരം ചെലവഴിക്കുന്നത് പേശികളുടെ ഭാരം നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നു. രോഗികൾ ദുർബലർ ആയിത്തീരുകയും പേശികൾ വീണ്ടും പുഷ്ടിപ്പെടുത്താൻ ഏറെ സമയമെടുക്കുകയും ചെയ്തേക്കാം. ചില ആളുകൾക്ക് വീണ്ടും നടക്കാൻ ഫിസിയോതെറാപ്പി ആവശ്യമാണ്.

ശരീരത്തിലെ രോഗപ്രതിരോധ സംവിധാനങ്ങൾ ആവസ്യത്തിൽ കൂടുതൽ കര്മനിരതരാവുമ്പോൾ രോഗികളിൽ ‘അതിതീവ്ര ശ്വാസകോശ അപചയം’ (അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം – ARDS) ഉണ്ടാവുന്നു. ശ്വാസകോശ ഭിത്തികൾക്ക് കേടുപാട് സംഭവിക്കുന്ന അവസ്ഥയാണിത്. പലർക്കും ദീർഘമായ മാനസിക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. ആധി, ഉത്കണ്ഠ, മറ്റു മാനസിക പ്രശ്നങ്ങൾ ഉള്ളവർക്ക് ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സേവനവും ഉപദേശവും അനിവാര്യമായേക്കാം.

20 ലക്ഷം ആളുകൾക്ക് കൊറോണ വൈറസ് പിടിപെട്ടപ്പോൾ അതിൽ 5 ലക്ഷം ആൾക്കാർ സുഖം പ്രാപിച്ചിട്ടുണ്ട് എന്നാണ് ഏപ്രിൽ 15 വരെയുള്ള രോഗബാധിതരുടെ കണെക്കെടുത്ത ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി കണ്ടെത്തിയിട്ടുള്ളത്. രോഗം ബാധിച്ചവരുടെ എണ്ണം പ്രസിദ്ധീകരിക്കുന്ന പല രാജ്യങ്ങളിലെയും രോഗവിമുക്തി നേടിയവരുടെ കണക്കുകൾ ലഭ്യമല്ല. ടെസ്റ്റ് കിറ്റുകളുടെ ദൗർലഭ്യം മൂലം കൊറോണ വൈറസ് നെഗറ്റീവ് ആയോ എന്നറിയാനുള്ള ടെസ്റ്റുകൾ വ്യാപകമായി ചെയ്യാൻ ഒട്ടു മിക്ക രാജ്യങ്ങൾക്കും പരിമിതികൾ ഉണ്ടെന്നതാണ് വാസ്തവം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more