1 GBP = 94.83

കൊറോണ വൈറസ്: ആശുപത്രി കേസുകൾ കുറയുമ്പോൾ കെയർ ഹോമുകളിലെ മരണങ്ങൾ വർധിച്ചുവരുന്നു!

കൊറോണ വൈറസ്: ആശുപത്രി കേസുകൾ കുറയുമ്പോൾ കെയർ ഹോമുകളിലെ മരണങ്ങൾ വർധിച്ചുവരുന്നു!

 

സുരേന്ദ്രൻ ആരക്കോട്ട്
(യുക്മ ന്യൂസ് എഡിറ്റർ)

 

ഇംഗ്ലണ്ടിലെയും വെയിൽസിലെയും കൊറോണ വൈറസ് മരണങ്ങളിൽ മൂന്നിലൊന്ന് ഇപ്പോൾ കെയർ ഹോമുകളിലാണ് സംഭവിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ 17 ന് അവസാനിക്കുന്ന ആഴ്ചയിൽ, കെയർ ഹോമുകളിൽ മാത്രമായി 2,000 കൊറോണ മരണങ്ങളുണ്ടായതായി ദേശീയ സ്ഥിതിവിവരക്കണക്ക് കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ്-19 മഹാമാരി ആരംഭിച്ചതുമുതൽ ഇതുവരെയുള്ള സ്ഥിതിവിവര കണക്കുകൾ പ്രകാരം കെയർ ഹോമുകളിലെ മരണങ്ങളുടെ എണ്ണം 3,096 ആയി.

ഇംഗ്ലണ്ടിലെ എല്ലാ കെയർ ഹോം ജീവനക്കാർക്കും സ്റ്റാഫുകൾക്കും പരിശോധന വ്യാപിപ്പിക്കുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു.

“രോഗലക്ഷണങ്ങളില്ലാത്തവരെയും ഇതിൽ ഉൾപ്പെടുത്തും”, ഹാൻ‌കോക്ക് ചൊവ്വാഴ്ച കൊറോണ വൈറസ് പത്രസമ്മേളനത്തിനിടെ പ്രസ്താവിച്ചു.

“വിജയകരമായ പ്രാരംഭപ്രവർത്തനങ്ങൾ കെട്ടിപ്പടുക്കുന്നതിലൂടെ, ഇംഗ്ലണ്ടിലെ കെയർ ഹോമുകളിലെ പ്രകടമായ ലക്ഷണങ്ങളില്ലാത്ത അന്തേവാസികൾക്കും ജീവനക്കാർക്കും, അതേപോലെതന്നെ എൻ.‌എച്ച്എസിലെ രോഗികൾക്കും ജോലിക്കാർക്കും ഞങ്ങൾ പരിശോധന നടത്തും”, ഹാൻ‌കോക്ക് പറഞ്ഞു.

ജോലി സംബന്ധമായി വീട്ടിൽനിന്നും പുറത്തുപോകേണ്ട ആവശ്യമുള്ള 65 വയസ്സിനു മുകളിലുള്ള ആളുകൾ വൈറസ് രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ അവർക്ക് പരിശോധനക്ക് അർഹതയുണ്ടായിരിക്കും.

സർക്കാർ ദിവസേനയുള്ള വാർത്താ സംഗ്രഹത്തിൽ കഴിയുന്നത്ര സുതാര്യത കൊണ്ടുവരുന്നതിനായി ബുധനാഴ്ച മുതൽ കെയർ ഹോമുകളിലെ മരണങ്ങൾ കൂടി ഉൾപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പുമന്ത്രി പ്രഖ്യാപിച്ചു. ഇതുവരെ, ആശുപത്രി മരണങ്ങൾ മാത്രമാണ് ഈ വാർത്തകളിൽ ഉൾപ്പെടുത്തിയിരുന്നത്.

യുകെയിലുടനീളമുള്ള ആശുപത്രികളിലെ കൊറോണ വൈറസ് മരണങ്ങൾ 21,678 ആയി ഉയർന്നു – കഴിഞ്ഞ ദിവസത്തേക്കാൾ 586 വർദ്ധനവ്. ഏപ്രിൽ 8 മുതലാണ് മരണ നിരക്ക് ഉച്ചസ്ഥായിലായത്.

എന്നിരുന്നാലും, പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് ഏപ്രിൽ 24 വരെയുള്ള കെയർ ഹോം മരണങ്ങൾ വച്ച് നോക്കുമ്പോൾ ഈ എണ്ണം നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഏപ്രിൽ പകുതി വരെ വടക്കൻ അയർലണ്ടിലെയും സ്കോട്ട്‌ലൻഡിലെയും കെയർ ഹോമുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 630 മരണങ്ങൾ കൊറോണ വൈറസുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ സംസ്ഥാനങ്ങളിലെ കൊറോണ വൈറസ് മരണങ്ങളിൽ പകുതിയോളം ഇപ്പോൾ കെയർ ഹോമുകളിലാണ്.

കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ തങ്ങൾ ഇപ്പോൾ ‘മുൻനിരയിൽ’ തന്നെ ആണെന്ന് കെയർ ഹോമുകളെ പ്രതിനിധീകരിക്കുന്ന ഇൻഡിപെൻഡന്റ് കെയർ ഗ്രൂപ്പിലെ മൈക്ക് പാഡ്ഹാം പറഞ്ഞു.

രോഗം കൈകാര്യം ചെയ്യുന്നതിൽ കെയർ ഹോമുകൾ ഇപ്പോൾ സർക്കാരിന്റെ മുൻഗണനയാണോ എന്ന് കൊറോണ വൈറസ് പത്ര സമ്മേളനത്തിനിടെ ചോദിച്ചപ്പോൾ ഹാൻ‌കോക്ക് പറഞ്ഞു: “കെയർ ഹോമുകൾക്ക് തുടക്കം മുതൽ തന്നെ മുൻ‌ഗണനയുണ്ട്”.

 

 

“കെയർ ഹോമുകളിൽ എന്തൊക്കെ നടപടികൾ സ്വീകരിക്കണം എന്നതിനെക്കുറിച്ചുള്ള നിയമങ്ങൾ ഞങ്ങൾ ശക്തിപ്പെടുത്തുകയും അണുബാധ നിയന്ത്രണം കർശനമാക്കുകയും ചെയ്തു, കൂടാതെ ഈ മേഖലയിലുടനീളം പരിശോധന ലഭ്യമാക്കുകയും ചെയ്യുന്നു.”

കെയർ ഹോമുകളിൽ വൈറസ് പടരുന്നതിനെ നിരീക്ഷിക്കുന്ന ദേശീയ പരിശോധനാ സംവിധാനങ്ങളുടെ കോർഡിനേറ്റർ ആയ പ്രൊഫ. ജോൺ ന്യൂട്ടൺ പറയുന്നു: “കെയർ ഹോമുകളിലെ അണുബാധയെക്കുറിച്ച് ഞങ്ങൾ അതീവ പ്രധാനമായ ചില പഠനങ്ങൾ നടത്തുകയുണ്ടായി. കെയർ ഹോം ചുറ്റുപാടുകളിൽ അന്തേവാസികൾക്കും ജീവനക്കാർക്കും ഇടയിൽ വ്യാപകമായ രീതിയിൽ വൈറസിന്റെ സാന്നിധ്യ൦ കണ്ടെത്തിയത് ഒരു നല്ല ലക്ഷണമായിരുന്നില്ല. വൈറസ് ബാധിചെങ്കിലും ബാഹ്യമായ ഒരു ലക്ഷണവും പ്രകടിപ്പിക്കാത്തവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അതിനാൽ ലഭ്യമായ പരിശോധനയുടെ അളവ് ഞങ്ങൾ വളരെയധികം വർദ്ധിപ്പിച്ചു.”

ജീവനക്കാരുടെ സംരക്ഷണ ഉപകരണങ്ങളുടെ അഭാവവും, അന്തേവാസികൾക്കും ജീവനക്കാർക്കും വേണ്ടിയുള്ള പരിമിതമായ രീതിയിൽ മാത്രമുള്ള പരിശോധനകളുമാണ് സർക്കാരിന്റെ സമീപനത്തിലുള്ള പ്രധാന വിമർശനം.

ഏപ്രിൽ പകുതിയോടെയാണ് രോഗലക്ഷണങ്ങൾ കാണിക്കുന്ന എല്ലാ ജീവനക്കാരെയും പരിശോധക്കാമെന്ന് സർക്കാർ വാഗ്ദാനം ചെയ്തത്. ഇപ്പോൾ സംരക്ഷണ ഉപകരണങ്ങൾ വിതരണം ചെയ്യാൻ കരസേനയുടെ സഹായം ലഭിക്കുന്നുണ്ട്.

പകർച്ചവ്യാധിയുടെ ആദ്യഘട്ടത്തിൽതന്നെ കെയർ ഹോമുകൾക്കുള്ളിൽ കൊറോണ വൈറസ് പടരാതിരിക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിച്ചിരുന്നു എന്ന് ഡൗണിങ് സ്ട്രീറ്റ് വക്താവ് വിശദീകരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more