1 GBP =
breaking news

രാജ്യസഭാ സീറ്റ്: കോൺഗ്രസിന്റെ ഉള്ളം കലങ്ങി മറിയുന്നു

രാജ്യസഭാ സീറ്റ്: കോൺഗ്രസിന്റെ ഉള്ളം കലങ്ങി മറിയുന്നു

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം അടുത്തൊന്നും തെളിയാനാവാത്ത വിധം കലങ്ങി മറിയുകയാണ്. അണികളുടെ വികാരം തെല്ലുപോലും പാലിക്കാത്ത തീരുമാനത്തിന്റെ പൊട്ടലും ചീറ്റലും പല രൂപത്തിൽ ഇനിയും പുറത്തു വരാം.
മുതിർന്ന നേതാക്കൾക്കെതിരായ ആക്രമണത്തിന്റെ കുന്തമുനകളായി പി.ജെ. കുര്യനും വി.എം. സുധീരനും ഇന്നലെയും ആഞ്ഞടിച്ചു. ഗ്രൂപ്പ് വ്യത്യാസമില്ലാതെ പിൻമുറ നേതാക്കളും യുവനേതാക്കളും ഇരുവർക്കും പിന്നിലുണ്ട്. എന്നാൽ കുര്യനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ ഉച്ചയ്ക്ക് തിരുവല്ലയിലെ വീട്ടിൽ അദ്ദേഹത്തെ സന്ദർശിച്ച് ഒരു മണിക്കൂറോളം ചർച്ചനടത്തി.

നടന്ന കാര്യങ്ങൾ വിശദമാക്കി രാഹുൽഗാന്ധിക്ക് വിശദമായ കത്തെഴുതുമെന്ന് കുര്യൻ വ്യക്തമാക്കിയിട്ടുണ്ട്. പൊതുപന്തിയിൽ വിശദമായ അഭിപ്രായപ്രകടനം നടത്തിയില്ലെങ്കിലും പി.സി. ചാക്കോയും രാഹുൽഗാന്ധിക്ക് കത്തു നൽകുമെന്നറിയുന്നു. കേരളത്തിലെ പല നേതാക്കളും ഹൈക്കമാൻഡിനെ രേഖാമൂലം അതൃപ്തി അറിയിച്ചിട്ടുണ്ട്.

അതേസമയം ‘ഗ്രൂപ്പ് മുതലാളി’മാരുടെ ഡൽഹിയിലെ ‘സ്വാധീനകെട്ട് ‘ അടപടലെ പൊട്ടിയെന്നാണ് ഡൽഹിയിൽ നിന്നുള്ള സൂചന. കെ.പി.സി.സി പ്രസിഡന്റ് , യു.ഡി.എഫ് കൺവീനർ തുടങ്ങിയ പദവികളിലേക്കുള്ള നിയമനത്തിൽ ഗ്രൂപ്പ് നേതാക്കൾ ഇനി നോക്കുകുത്തികളാവാനാണ് സാദ്ധ്യത. നേതാക്കളുടെ വാക്കുകളിൽ ഹൈക്കമാൻഡ് തെറ്റിദ്ധരിക്കപ്പെട്ടതായാണ് കിട്ടുന്ന വിവരങ്ങൾ. .ചെന്നിത്തലയോട് കുര്യൻ അല്പം മയപ്പെട്ടെങ്കിലും ഉമ്മൻചാണ്ടിക്കെതിരായ വാക്കുകളിൽ തെല്ലും മയം കാട്ടിയില്ല. വരും ദിവസങ്ങളിൽ ഗതകാലത്തെ ചില നാറിയ കഥകൾ പലരൂപത്തിൽ പുറത്തുവന്നാലും അദ്ഭുതപ്പെടേണ്ടെന്ന സൂചനയാണ് പല നേതാക്കളുടെയും വാക്കുകളിൽ ധ്വനിക്കുന്നത്.
എറണാകുളത്തെ ഡി.സി.സി ഒാഫീസിനു മുന്നിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ചിത്രങ്ങൾ പതിച്ച ശവപ്പെട്ടിയും റീത്തും സമർപ്പിച്ചായിരുന്നു പ്രതിഷേധം. ഇത് കോൺഗ്രസ് പ്രവർത്തകരാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. വി.ടി. ബൽറാം, കെ.എസ്. ശബരീനാഥൻ തുടങ്ങിയ യുവനേതാക്കൾ ഇന്നലെയും വിഷയത്തിൽ കടുത്ത ഭാഷയിൽ പ്രതികരിച്ചു.

എന്നാൽ യുവ എം.എൽ.എ എൽദോസ് കുന്നപ്പള്ളിയുടെയും കെ.സി. ജോസഫിന്റേതുമായിരുന്നു വേറിട്ട ശബ്ദം. പി.ജെ. കുര്യന്റെ പ്രസ്താവന നിർഭാഗ്യകരവും പാർട്ടിയിൽ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമെന്നാണ് ജോസഫ് പറഞ്ഞത്. രാഷ്ട്രീയത്തിൽ പ്രായത്തിനല്ല, മനസിനാണ് പ്രാധാന്യമെന്നാണ് കുന്നപ്പള്ളി പ്രതികരിച്ചത്. കോൺഗ്രസിലെ പ്രശ്നങ്ങൾ ചായക്കോപ്പയിലെ കൊടുങ്കാറ്റുപോലെയെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന, ചാഞ്ഞു നിൽക്കുന്ന മരത്തിന് കാറ്റുപിടിച്ചപോലെയായി. വിഷയത്തിലെ ഗൗരവം ചോർത്തുന്ന കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ പലരെയും ചൊടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പ്രതികരണവും വരാനിരിക്കുന്നതേയുള്ളു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more