നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരക്ഷിത മണ്ഡലത്തിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. യുഡിഎഫിന് കരുത്തുള്ള മണ്ഡലങ്ങളില്‍ നേതാക്കള്‍ ഇതിനകം അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. കെ. വി. തോമസ്, പി. ജെ. കുര്യന്‍, കെ. പി. ധനപാലന്‍, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവരടക്കമുള്ള നേതാക്കളാണ് ഇക്കുറി കളത്തിലിറങ്ങാന്‍ രംഗത്തുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സജീവ ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് കടക്കാനിരിക്കെയാണ് മത്സര രംഗത്തിറങ്ങാന്‍ ഉറച്ച് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയത്. വൈപ്പിനിലോ കൊച്ചിയിലോ സീറ്റ് നല്‍കണമെന്നാണ് മുന്‍ കേന്ദ്ര മന്ത്രിയായ മന്ത്രിയായ കെ. വി. തോമസിന്റെ ആവശ്യം. കെപിസിസി അവഗണിക്കുന്നതായാണ് കെ. വി. തോമസിന്റെ ആക്ഷേപം. നേതൃത്വത്തോട് ഇടഞ്ഞുനില്‍ക്കുന്ന കെ.വി. തോമസ് സീറ്റിനായി സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്.
തിരുവല്ലയില്‍ കളത്തിലിറങ്ങാനാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭാ ഉപാധ്യക്ഷനുമായ പി. ജെ. കുര്യന്റെ നീക്കം. കേരളാ കോണ്‍ഗ്രസിന് റാന്നി വിട്ടുനല്‍കി തിരുവല്ല ഏറ്റെടുക്കണമെന്നാണ് ആവശ്യം. വൈപ്പിന്‍ സീറ്റില്‍ മത്സരിക്കാന്‍ ഡൊമിനിക് പ്രസന്റേഷനും താല്‍പര്യം അറിയിച്ചു കഴിഞ്ഞു. കൊടുങ്ങല്ലൂരോ ചാലക്കുടിയോ നല്‍കണമെന്നാണ് മുന്‍ എംപി കെ. പി. ധനപാലന്റെ ആവശ്യം.
സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഇല്ലെന്ന് വിശദീകരിക്കുമ്പോഴും ചാലക്കുടി സീറ്റില്‍ ഹൈക്കമാന്‍ഡ് നോമിനിയായി പി. സി. ചാക്കോ എത്താനുള്ള സാധ്യത ഏറെയാണ്. ഐ ഗ്രൂപ്പിലെ കരുത്തന്‍ ജോസഫ് വാഴക്കന്‍ മൂവാറ്റുപുഴ സീറ്റിനാണ് പ്രധാന പരിഗണന നല്‍കുന്നത്. ഇരിക്കൂറില്‍ നിന്ന് എട്ടുതവണ നിയമസഭയിലെത്തിയ കെ. സി. ജോസഫ് ഇക്കുറി ചങ്ങനാശേരിയിലേക്ക് കളം മാറ്റാനുള്ള ശ്രമത്തിലാണ്. കേരള കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ കെ. സി. ജോസഫ് ചങ്ങനാശേരിയില്‍ മത്സരിക്കും.
click on malayalam character to switch languages