1 GBP = 103.84
breaking news

ആത്മഹത്യ ചെയ്ത കോവിഡ് രോഗികളുടെ കുടുംബത്തിനും നഷ്ടപരിഹാരം; കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

ആത്മഹത്യ ചെയ്ത കോവിഡ് രോഗികളുടെ കുടുംബത്തിനും നഷ്ടപരിഹാരം; കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ആത്മഹത്യ ചെയ്ത കോവിഡ് രോഗികളുടെ കുടുംബത്തിനും നഷ്ടപരിഹാരം നല്‍കാമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. കോവിഡ് ബാധിച്ച് 30 ദിവസത്തിനകം ആത്മഹത്യ ചെയ്തവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തുക. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്രത്തിന്റെ തീരുമാനം.

അതേസമയം, കോവിഡ് നഷ്ടപരിഹാരത്തിൽ സുപ്രീം കോടതി ഉത്തരവ് അടുത്തമാസം നാലിന് പുറപ്പെടുവിക്കും. നഷ്ടപരിഹാരം, മരണസര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള കേന്ദ്രമാര്‍ഗരേഖ തൃപ്തികരമെന്ന് സുപ്രീംകോടതി അറിയിച്ചു. മറ്റൊരു രാജ്യത്തിനും കഴിയാത്തവിധം ഇന്ത്യ കോവിഡ് പ്രതിസന്ധി നേരിട്ടെന്നും കോടതി വിലയിരുത്തി.

ദുരന്തനിവാരണ ഫണ്ടില്‍നിന്ന് 50,000 രൂപയാണു നഷ്ടപരിഹാരമായി ലഭിക്കുക. ഭാവിയിൽ ഉണ്ടാകുന്ന കോവിഡ് മരണങ്ങൾക്കും ഇനിയൊരു വിജ്ഞാപനം ഉണ്ടാകുന്നതുവരെ വരെ ഈ തുക ബാധകമാണ്. ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ വഴിയോ ജില്ലാ ഭരണകൂടങ്ങൾ വഴിയോ ആധാർ ബന്ധിത ബാങ്ക് അക്കൗണ്ടിലേക്കു തുക കൈമാറും. കോവിഡ് സ്ഥിരീകരിച്ചു 30 ദിവസത്തിനകം മരിച്ചാൽ കോവിഡ് മരണമായി കണക്കാക്കുമെന്നു കേന്ദ്രസർക്കാർ നേരത്തേ സുപ്രീം കോടതിയെ അറിയിച്ചിരുന്നു

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബം അപേക്ഷയ്ക്കൊപ്പം ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കണം. മരണകാരണം കോവിഡ് എന്നു സ്ഥിരീകരിക്കുന്ന മരണ സർട്ടിഫിക്കറ്റ് നിർബന്ധമായും നൽകണം. പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം ലഭിക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി 30 ദിവസത്തിനകം അപേക്ഷ വിലയിരുത്തി അർഹത ഉറപ്പാക്കണം. പരാതികൾ എഡിഎം, ജില്ലാ മെഡിക്കൽ ഓഫിസർ, അഡീ. മെഡിക്കൽ ഓഫീസർ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ / വകുപ്പു മേധാവി എന്നിവരുൾപ്പെട്ട സമിതി പരിശോധിക്കണം. തീരുമാനം പ്രതികൂലമെങ്കിൽ കാരണം വ്യക്തമാക്കണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more