1 GBP = 103.82
breaking news

ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമന ശുപാര്‍ശ വീണ്ടും കേന്ദ്ര സര്‍ക്കാരിന് അയക്കണമെന്ന് കൊളീജിയത്തിലെ നാല് ജഡ്ജിമാര്‍

ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമന ശുപാര്‍ശ വീണ്ടും കേന്ദ്ര സര്‍ക്കാരിന് അയക്കണമെന്ന് കൊളീജിയത്തിലെ നാല് ജഡ്ജിമാര്‍

ദില്ലി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് വീണ്ടും അയക്കണമെന്ന് കൊളീജിയത്തിലെ നാല് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയി, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ചീഫ് ജസ്റ്റിസിനെ നേരില്‍ കണ്ടും ജസ്റ്റിസ് ജെ ചെലമേശ്വര്‍ കത്തിലൂടെയുമാണ് ഈ ആവശ്യം ഉന്നയിച്ചത്. ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനശുപാര്‍ശ ചര്‍ച്ച ചെയ്യാന്‍ കൊളീജിയം ഉടന്‍ വിളിച്ച് ചേര്‍ക്കണം എന്നും ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു.

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി നിയമിക്കണമെന്ന ശുപാര്‍ശ പുനഃപരിശോധിക്കാനാവശ്യപ്പെട്ടു കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതി കൊളീജിയത്തിനു തിരിച്ചയച്ചിരുന്നു. ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജി ആയി നിയമിക്കുന്നത് സീനിയോറിറ്റി മറികടക്കലും മേഖല പ്രാതിനിധ്യം സംബന്ധിച്ച കീഴ്‌വഴക്കങ്ങളുടെ ലംഘനവുമാണെന്ന് ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ കത്ത് മെയ് 2 ന് ചേര്‍ന്ന കൊളീജിയം യോഗം ചര്‍ച്ച ചെയ്തിരുന്നു എങ്കിലും ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമന ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് മടക്കി അയക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തില്ല. അതേസമയം മേഖല പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി രാജസ്ഥാന്‍, കൊല്‍ക്കത്ത, ആന്ധ്ര, തെലുങ്കാന ഹൈക്കോടതികളിലെ ജഡ്ജിമാരെ സുപ്രിം കോടതിയിലേക്ക് ഉയര്‍ത്തുന്ന കാര്യവും മെയ് 2 ന് ചേര്‍ന്ന കൊളീജിയം ചര്‍ച്ച ചെയ്തു.

 നിയമന ശുപാര്‍ശ കൊളീജിയം മടക്കി അയച്ചാല്‍ ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജി ആയി കേന്ദ്ര സര്‍ക്കാരിന് നിയമിക്കേണ്ടി വരും. ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമന ശുപാര്‍ശ ഉള്‍പ്പടെ ഉള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിശദമായ കൊളീജിയം ഉടന്‍ ചേരാനും മെയ് 2 ലെ യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍ കൊളീജിയം യോഗം എപ്പോള്‍ ചേരും എന്ന കാര്യത്തില്‍ ഇത് വരെ അന്തിമ തീരുമാനമായിട്ടില്ല. ഇതിനിടയില്‍ ഇന്നലെ കൊളീജിയത്തിലെ അംഗങ്ങളായ ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയി, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ചീഫ് ജസ്റ്റിസിനെ നേരില്‍ കണ്ട് ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമന ശുപാര്‍ശ ചര്‍ച്ച ചെയ്യാന്‍ കൊളീജിയം വിളിച്ച് ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ടു. ജഡ്ജിമാരുടെ നിയമം സംബന്ധിച്ച മെമ്മോറാണ്ടം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അനൗപചാരിക യോഗത്തിലാണ് കൊളീജിയത്തിലെ മൂന്ന് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനോട് ഈ ആവശ്യം ഉന്നയിച്ചത്. ഇന്നലെ അവധിയിലായിരുന്ന ജസ്റ്റിസ് ചെലമേശ്വര്‍ ഇതേ ആവശ്യം ഉന്നയിച്ച് ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമന ശുപാര്‍ശ വീണ്ടും കേന്ദ്ര സര്‍ക്കാരിന് അയക്കണം എന്ന നിലപാടില്‍ ആണ് കൊളീജിയത്തിലെ നാല് ജഡ്ജിമാരും. ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ അവസാന പ്രവര്‍ത്തി ദിവസമായ മെയ് 18 ന് മുമ്പ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കൊളീജിയം വിളിച്ചു ചേര്‍ക്കുമോ എന്ന കാര്യം വ്യക്തമല്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more