1 GBP = 104.00
breaking news

കൊക്ക കോളയ്ക്ക് പിന്നെയും തിരിച്ചടി; റൊണാള്‍ഡോയ്ക്ക് പിന്നാലെ കുപ്പികള്‍ എടുത്ത് മാറ്റി ലൊക്കാറ്റലിയും

കൊക്ക കോളയ്ക്ക് പിന്നെയും തിരിച്ചടി; റൊണാള്‍ഡോയ്ക്ക് പിന്നാലെ കുപ്പികള്‍ എടുത്ത് മാറ്റി ലൊക്കാറ്റലിയും

മത്സരത്തില്‍ ഇരട്ട ഗോളോടെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മാധ്യമങ്ങളെ കാണാനെത്തിയപ്പോഴാണ് ക്രിസ്റ്റ്യാനോയുടെ മാതൃക ലൊക്കാറ്റലിയും പിന്തുടര്‍ന്നത്.

ഇത്തവണത്തെ യൂറോ കപ്പില്‍ പ്രധാന സ്‌പോണ്‍സര്‍മാരിലൊന്നായ കൊക്ക കോളയ്ക്ക് തിരിച്ചടികള്‍ തുടരുകയാണ്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സര ശേഷം നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ കൊക്ക കോള കുപ്പികള്‍ എടുത്ത് മാറ്റി ഇറ്റലി താരം ലൊക്കാറ്റലിയും രംഗത്തെത്തിയിരിക്കുകയാണ്. മത്സരത്തില്‍ ഇരട്ട ഗോളോടെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മാധ്യമങ്ങളെ കാണാനെത്തിയപ്പോഴാണ് ക്രിസ്റ്റ്യാനോയുടെ മാതൃക ലൊക്കാറ്റലിയും പിന്തുടര്‍ന്നത്. വെള്ളക്കുപ്പി തന്റെ മുന്‍പിലേക്ക് വെക്കുകയും കൊക്ക കോള കുപ്പികള്‍ തന്റെ അടുത്ത് നിന്ന് മാറ്റി വെക്കുകയുമാണ് ലൊക്കാറ്റലി ചെയ്തത്.

അതേസമയം ഹംഗറിയും പോര്‍ച്ചുഗലും തമ്മിലുള്ള മത്സരത്തിന് മുമ്പ് റൊണാള്‍ഡോയും പരിശീലകനും നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊക്ക കോളയുടെ കുപ്പി എടുത്തുമാറ്റി പകരം വെള്ളകുപ്പികള്‍ ഉയര്‍ത്തി കാണിച്ചത്. വാര്‍ത്താ സമ്മേളനത്തിനായി വന്നിരുന്ന റൊണാള്‍ഡോയുടെ കൈകള്‍ ആദ്യം തന്നെ പോയത് മുന്നില്‍ വെച്ച രണ്ട് കൊക്കോ കോളയുടെ കുപ്പികളിലേക്കാണ്. തുടര്‍ന്ന് കുപ്പികള്‍ എടുത്തു മാറ്റുകയും അടുത്തുണ്ടായിരുന്ന വെള്ളക്കുപ്പി ഉയര്‍ത്തിക്കാണിക്കുകയും ചെയ്യുന്ന ക്രിസ്റ്റ്യാനോയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ വൈറലായിരുന്നു.

റൊണാള്‍ഡോയുടെ ചെറിയൊരു പ്രവൃത്തി കോടികളുടെ നഷ്ടമാണ് കൊക്ക കോളയ്ക്ക് ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. താരം കുപ്പികള്‍ എടുത്തുമാറ്റുന്നതിന്റെ വീഡിയോ പുറത്തു വന്നതിന് പിന്നാലെ കൊക്ക കോളയുടെ ഓഹരി വില 1.6 ശതമാനം ഇടിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 242 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 238 ബില്യണ്‍ ഡോളറിലേക്കാണ് കൊക്ക കോളയുടെ ഓഹരിവില ഇടിഞ്ഞത്. ഏകദേശം 4 ബില്യണ്‍ യുഎസ് ഡോളറിന്റെ നഷ്ടമാണ് ലോകം മുഴുവന്‍ ആരാധകരുള്ള താരത്തിന്റെ ചെറിയൊരു പ്രവൃത്തി മൂലം കമ്പനിക്ക് ഉണ്ടായതെന്ന് ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് ഒരു മിനുട്ടില്‍ താഴെയുള്ള വീഡിയോ മൂലം 400 കോടിയുടെ നഷ്ടമാണ് ആഗോള കമ്പനിക്ക് ഉണ്ടായത്.

ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ സമാനമായ പ്രവൃത്തിയുമായി ഫ്രാന്‍സ് മധ്യനിര താരം പോ?ഗ്ബയും എത്തിയിരുന്നു. തന്റെ മുന്‍പിലിരുന്ന ഹെനികിന്റെ ബിയര്‍ കുപ്പിയാണ് പോ?ഗ്ബ എടുത്ത് മാറ്റിയത്. ഇസ്ലാം മതവിശ്വാസിയാണ് പോഗ്ബ എന്നതാണ് താരത്തിന്റെ ഈ പ്രവൃത്തിക്ക് പിന്നിലുള്ള കാരണമെങ്കിലും യുവതലമുറക്ക് മുന്നില്‍ വലിയൊരു മാതൃകാപ്രവൃത്തിയാണ് പോഗ്ബയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ചെയ്തത്. മാനവരാശി അവരുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ നെട്ടോട്ടമോടുന്ന ഈ കാലഘട്ടത്തില്‍ മൂവരുടെയും പ്രവൃത്തികള്‍ ആരോഗ്യ സംരക്ഷണം എത്ര പ്രധാനമാണ് എന്നതാണ് ചൂണ്ടിക്കാട്ടുന്നത്.

അതേസമയം ഇന്ന് നടന്ന ഗ്രൂപ്പ് സ്റ്റേജിലെ രണ്ടാം മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ തകര്‍ത്ത് ഇറ്റലി യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടേറിലേക്ക് കടന്നിട്ടുണ്ട്. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇത്തവണയും ഇറ്റലിയുടെ ജയം. ലൊക്കാറ്റലിയായിരുന്നു ഇറ്റലിക്കായി രണ്ട് ഗോളുകളും നേടിയത്. സീറോ ഇമോബില്ലേയാണ് ഇറ്റലിയുടെ മറ്റൊരു ഗോള്‍ സ്‌കോറര്‍. ഈ വിജയത്തോടെ യൂറോ കപ്പ് നോക്കൗട്ട് റൗണ്ട് യോഗ്യത ഉറപ്പാക്കുന്ന ആദ്യ ടീമായും ഇറ്റലി മാറി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more