1 GBP = 103.79
breaking news

കൽക്കരി ക്ഷാമം: രാജ്യത്ത് വൈദ്യുതി പ്രതിസന്ധി കൂടുതൽ സങ്കീർണ്ണം; ഉപയോഗം കുറയ്‌ക്കാൻ അഭ്യർത്ഥന

കൽക്കരി ക്ഷാമം: രാജ്യത്ത് വൈദ്യുതി പ്രതിസന്ധി കൂടുതൽ സങ്കീർണ്ണം; ഉപയോഗം കുറയ്‌ക്കാൻ അഭ്യർത്ഥന

കൽക്കരി ക്ഷാമത്തെതുടർന്നുള്ള വൈദ്യുതി പ്രതിസന്ധി രാജ്യത്ത് കൂടുതൽ സങ്കീർണ്ണമാകുന്നു. പഞ്ചാബ്‌, മഹാരാഷ്ട്ര, അസം, ഗുജറാത്ത്‌, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട്‌, ഡൽഹി, ഒഡിഷ, രാജസ്ഥാൻ എന്നിവിടങ്ങളിൽ വൈദ്യുതിക്ഷാമം രൂക്ഷം. കൂടുതൽ സംസ്ഥാനങ്ങളിൽ ലോഡ്‌ഷെഡിങ്‌ അനിവാര്യമായി. 

ആഭ്യന്തരമന്ത്രി അമിത്‌ ഷാ ഊർജ- കൽക്കരി മന്ത്രിമാരുടെ അടിയന്തിര യോഗം വിളിച്ചു. പഞ്ചാബിൽ നാലു മണിക്കൂർ ലോഡ്‌ഷെഡിങ്‌ തുടരുകയാണ്. ഝാർഖണ്ഡിൽ 24 ശതമാനം വരെ വൈദ്യുതിക്ഷാമം ഉണ്ട്. രാജസ്ഥാനിൽ 17ഉം ബിഹാറിൽ ആറു ശതമാനവുമാണ്‌ ക്ഷാമം. കൽക്കരി കിട്ടാതെ മഹാരാഷ്ട്രയിൽ 13 താപനിലയം അടച്ചു.

വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് സംസ്ഥാന സർക്കാരുകൾ രംഗത്തെത്തി. ഡൽഹി, മഹാരാഷ്ട്ര, തമിഴ്‌നാട്‌ സംസ്ഥാനങ്ങൾ ജനങ്ങളോടുള്ള അഭ്യർഥന പുറപ്പെടുവിച്ചു. രാജ്യത്തെ 135 താപനിലയത്തിൽ 80 ശതമാനവും രൂഷമായ കൽക്കരിക്ഷാമം നേരിടുന്നു. പഞ്ചാബ്‌, ഡൽഹി, ആന്ധ്ര, മഹാരാഷ്ട്ര മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി. ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനങ്ങളും കൽക്കരി ആവശ്യവുമായി രംഗത്തെത്തി.

അതേസമയം, കേരളത്തിൽ ലോഡ് ഷെഡിങ്ങും പവർകട്ടും തത്കാലം വേണ്ടെന്ന് സർക്കാർ തീരുമാനം. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തണമോ എന്ന് ഈ മാസം 19ന് ശേഷം തീരുമാനിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. പ്രതിദിനം രണ്ട് കോടിയോളം അധികം ചെലവിട്ട് പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി വാങ്ങി ക്ഷാമം പരിഹരിക്കും. അടുത്ത ചൊവ്വാഴ്ച സ്ഥിതി വിലയിരുത്തി തുടർ നടപടി തീരുമാനിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു.

കേന്ദ്രവിഹിതം കുറഞ്ഞാൽ സംസ്ഥാനത്ത് നിയന്ത്രണമേർപ്പെടുത്തിയേക്കും. അതേസമയം രാജ്യത്തുണ്ടായ കൽക്കരി ക്ഷാമം സംസ്ഥാനത്തെ വൈദ്യുതി മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് വൈദ്യുതി വകുപ്പിൻറെ വിലയിരുത്തൽ. എന്നാൽ, 19 നുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന കേന്ദ്ര വാഗ്ദാനം മുഖവിലക്കെടുത്ത് സംസ്ഥാനത്ത് ഇപ്പോൾ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം വൈദ്യുതി വകുപ്പ് അംഗീകരിച്ചു. വലിയ വിലക്കാണ് വൈദ്യുതി വാങ്ങുന്നത്.

ആന്ധ്രയിൽ 45 ശതമാനം വൈദ്യുതിയും വിതരണം ചെയ്യുന്ന ആന്ധ്രപ്രദേശ് പവർ ജനറേഷൻ കോർപറേഷന്റെ പ്ലാന്റുകളിൽ ഒന്നോ രണ്ടോ ദിവസത്തേക്കുള്ള കൽക്കരി മാത്രമാണ് അവശേഷിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more