1 GBP = 103.69

ജോ ജോസഫ് സ്നേഹത്തിന്റെയും സാമൂഹ്യ പ്രതിബദ്ധതയുടെയും പ്രതീകം; വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി

ജോ ജോസഫ് സ്നേഹത്തിന്റെയും സാമൂഹ്യ പ്രതിബദ്ധതയുടെയും പ്രതീകം; വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന്റെ വികസന ജനക്ഷേമ നയങ്ങൾ നടപ്പാക്കാൻ ഡോ. ജോ ജോസഫിന് കഴിയുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. സ്നേഹത്തിന്റെയും സാമൂഹ്യ പ്രതിബദ്ധതയുടെയും പ്രതീകമാണ് ജോ ജോസഫെന്നും അദ്ദേഹം പറഞ്ഞു.

” നാടിൻ്റെ ഹൃദയത്തുടിപ്പ് തൊട്ടറിഞ്ഞ ഡോ. ജോ. ജോസഫ് തൃക്കാക്കര മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാവുകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയർത്തിപ്പിടിക്കുന്ന ജനകീയ വികസനവും ജനക്ഷേമവും നടപ്പാക്കാൻ മനുഷ്യസ്നേഹത്തിൻ്റേയും സാമൂഹ്യപ്രതിബദ്ധതയുടേയും പ്രതീകമായ ജോ ജോസഫിനു കഴിയും. മാറ്റിവയ്ക്കാനുള്ള ഹൃദയവുമായി എയർ ആംബുലൻസിൽ കുതിച്ച ജോയുടെ ദൃശ്യം മലയാളികൾ ആവേശപൂർവം ഏറ്റെടുത്ത ഒന്നായിരുന്നു.

കേരളത്തിലെ അറിയപ്പെടുന്ന ഹൃദ്രോഗ വിദഗ്ധരിൽ ഒരാളായ ജോ ജോസഫ് സാമൂഹ്യപ്രവർത്തകൻ, എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. ഹൃദ്രോഗ, ഹൃദയാരോഗ്യ പരിപാലന രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഹാർട്ട് കെയർ ഫൗണ്ടേഷൻ്റെ എക്സിക്യുട്ടീവ് ട്രസ്റ്റിയായ ജോ പ്രളയകാലത്തും കൊവിഡ് മഹാമാരിയുടെ ഘട്ടത്തിലും ശ്രദ്ധേയമായ സേവനപ്രവർത്തനങ്ങൾ കാഴ്ചവച്ചു. മറ്റു നിരവധി സംഘടനകളിലും അദ്ദേഹം ഭാരവാഹിത്വം വഹിക്കുന്നുണ്ട്.

ഹൃദ്രോഗ ശാസ്ത്രത്തിൽ അനവധി ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. തൻ്റെ അറിവും പാടവവും സമൂഹ നന്മയ്ക്കായി ഉപയോഗിക്കാനുള്ള ജോയുടെ സന്നദ്ധതയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും തൃക്കാക്കരയെ പ്രതിനിധാനം ചെയ്യാൻ സർവഥാ യോഗ്യനാക്കുന്നതും. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയർത്തിപ്പിടിക്കുന്ന ജനകീയവും സമഗ്രവുമായ വികസന നയങ്ങൾക്ക് തൃക്കാക്കരയിൽ നേതൃത്വം നൽകാൻ ഡോ. ജോ ജോസഫിനെ വിജയിപ്പിക്കണമെന്ന് മണ്ഡലത്തിലെ വോട്ടർമാരോട് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. അദ്ദേഹത്തിനു ഹൃദയപൂർവ്വം വിജയാശംസകൾ നേരുന്നു”. – മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more