1 GBP = 103.12

നിരാഹാരം നടത്തുന്ന കെജരിവാളിന് പിന്തുണയറിയിച്ച് പിണറായിയും മമതയും അടക്കം നാല് മുഖ്യമന്ത്രിമാര്‍ ദില്ലിയില്‍

നിരാഹാരം നടത്തുന്ന കെജരിവാളിന് പിന്തുണയറിയിച്ച് പിണറായിയും മമതയും അടക്കം നാല് മുഖ്യമന്ത്രിമാര്‍ ദില്ലിയില്‍

ദില്ലി: ദില്ലി ലെഫ് ഗവര്‍ണറുടെ വസതിയില്‍ നിരാഹാര സമരം നടത്തുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് പിന്തുണയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം നാല് മുഖ്യമന്ത്രിമാര്‍ ദില്ലിയിലെത്തി. പിണറായിയെ കൂടാതെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി എന്നിവരാണ് അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിലൂടെ അല്‍പ്പം മുന്‍പ് ദില്ലിയിലെത്തിയത്.

കെജരിവാളും ഒപ്പം മൂന്ന് മന്ത്രിമാരും നിരാഹാര സമരം നടത്തുന്ന ദില്ലി ലെഫ് ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ ഓഫീലെത്തി അവരെ സന്ദര്‍ശിക്കാന്‍ നാലു മുഖ്യമന്ത്രിമാരും ശ്രമിച്ചെങ്കിലും ഗവര്‍ണറുടെ ഓഫീസ് അനുമതി നല്‍കിയില്ല. ഇതേതുടര്‍ന്ന് നാലു മന്ത്രിമാരും ദില്ലി മുഖ്യമന്ത്രിയുടെ വീട്ടില്‍  കൂടിക്കാഴ്ച നടത്തി. കെജരിവാളിന്റെ ഭാര്യ സുനിത നാലു മുഖ്യമന്ത്രിമാരെയും വിവരങ്ങള്‍ ധരിപ്പിച്ചു. കെജരിവാളിനെ കാണാനുള്ള അനുമതിക്കായി നാലു മുഖ്യമന്ത്രിമാരും വീണ്ടും ശ്രമിക്കുന്നുവെന്നാണ് വിവരം.

ഏറെ അപ്രതീക്ഷിതമായിട്ടായിരുന്നു പ്രതിപക്ഷത്തെ നാല് കോണ്‍ഗ്രസ് ഇതരമുഖ്യമന്ത്രിമാരും കെജരിവാളിന് പിന്തുണയര്‍പ്പിച്ച് ദില്ലിയിലെത്തിയത്. നേരത്തെ, കര്‍ണാടകയില്‍ എച്ചഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാവേളയില്‍ ഈ നാലുപേരും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയും ബിജെപിക്കെതിരേ ഒന്നിച്ചുനീങ്ങാനായി പുതിയ സഖ്യം രൂപീകരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വരുകയും ചെയ്തിരുന്നു. ഈ നീക്കത്തിന് ശക്തിപകരുന്നതാണ് ഇന്ന് വൈകിട്ടുണ്ടായ അപ്രതീക്ഷിത രാഷ്ട്രീയനീക്കങ്ങള്‍.

അതേസമയം, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദര്‍ ജെയിന്‍, ഗോപാല്‍ റായ് എന്നിവരും ദില്ല ലെഫ് ഗവര്‍ണറുടെ വസതിയില്‍ നടത്തുന്ന നിരാഹാരസമരം ആറാം ദിവസം പിന്നിടുകയാണ്.

ഐഎഎസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന സമരം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ലെഫ ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ ഓഫീസില്‍ കെജരിവാളും മന്ത്രിമാരും നിരാഹാര സമരം ആരംഭിച്ചത്.

വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കെജരിവാള്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചിരുന്നു. അസാധാരണസാഹചര്യമാണ് ദില്ലിയിലെന്നും ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരം അവസാനിപ്പിക്കാന്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. മൂന്നുമാസമായി മന്ത്രിമാര്‍ വിളിക്കുന്ന യോഗത്തില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നില്ല. അന്തരീക്ഷ മലിനീകരണവും വിഷാംശങ്ങളും കൂടുകയാണ്. സര്‍ക്കാരിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നിലച്ചിരിക്കുകയാണെന്നും കേജ്‌രിവാള്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more