വാദ്യ സംഗീതത്തിന്റെ വിസ്മയ കാഴ്ചകളൊരുക്കി പ്രേക്ഷകരെ ആനന്ദത്തിലാറാടിച്ച് ബിർക്കിൻഹെഡിലെ സഹോദരങ്ങൾ ക്ളെറിനും റോസിനും ആൻസിനും ജ്യോതിഷും…..പ്രേക്ഷകർ വാരിപ്പുണർന്ന് “Let’s Break It Together” മുന്നേറുന്നു …..
Jul 12, 2020
കുര്യൻ ജോർജ്ജ്
(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
കോവിഡ് – 19 എന്ന മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരവർപ്പിക്കുന്ന യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ഇന്നലെ ആസ്വാദകർ നെഞ്ചേറ്റിയ അതുല്യ പ്രകടനവുമായി ലിവർപൂളിലെ ബിർക്കിൻഹെഡിൽ നിന്നുള്ള സഹോദരങ്ങൾ ക്ളെറിനും റോസിനും ആൻസിനും ജ്യോതിഷും. സഹോദരിമാർ മൂന്ന് പേരും ചേർന്ന് പാടിയ “ദൈവ കൃപയിൽ ഞാനാശ്രയിച്ച്” എന്ന ഭക്തി ഗാനത്തോടെ ആരംഭിച്ച് ഒരു മണിക്കൂറിലേറെ നീണ്ട് നിന്ന ലൈവ് ഷോ ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് കണ്ടത്.
ആൻസിൻ മൌത്ത് ഓർഗനിൽ മനോഹരമായി വായിച്ച “എന്തതിശയമേ” എന്ന ഗാനത്തെ തുടർന്ന് ലൈവിലെത്തിയ ജ്യോതിഷ് വിശ്വപ്രസിദ്ധരായ മ്യൂസിക് ബാൻഡ് അബ്ബയുടെ “മമ്മ മിയ” എന്ന ഗാനവും, അമേരിക്കൻ ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ “എ ലവ് സ്റ്റോറി” എന്ന ഗാനവും ഗിറ്റാറിൽ വായിച്ചത് കാതുകൾക്ക് ഇമ്പമേറ്റി.
നല്ലൊരു ഗായികയായ ക്ളെറിൻ തൃഷ്ണ എന്ന ചിത്രത്തിലെ “മൈനാകം കടലിൽ നിന്നുയരുന്നുവോ” എന്ന ഹിറ്റ് ഗാനം ശ്രുതി മധുരമായി ആലപിച്ചപ്പോൾ ആഷിക്കി 2 എന്ന ഹിന്ദി ചിത്രത്തിൽ അർജിത് സിങ് പാടി സൂപ്പർ ഹിറ്റായി മാറിയ “തും ഹി ഹോ” എന്ന ഗാനം കീ ബോർഡിൽ ആ ഗാനത്തിന്റെ മുഴുവൻ മനോഹാരിതയോടും കൂടി റോസിൻ വായിച്ചത് ഏറെ ഹൃദ്യമായി.
യാരാനാ എന്ന ഹിന്ദി ചിത്രത്തിനു വേണ്ടി കവിത കൃഷ്ണമൂർത്തി പാടിയ “മേരാ പിയാ ഘർ ആയാ” എന്ന ഗാനം ആൻസിൻ ആക്ഷൻ സോങ് ആയി അവതരിപ്പിച്ചത് പ്രേക്ഷകർ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. തുടർന്ന് ടൈറ്റാനിക് സിനിമയിലെ ഏറെ പ്രസിദ്ധമായ “My heart will go on” എന്ന ഗാനം ജ്യോതിഷ് ഫ്ളൂട്ടിൽ അവതരിപ്പിച്ചത് വേറിട്ടൊരു അനുഭവമായി മാറി. മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളുമായി പ്രേക്ഷകർക്ക് മുന്നിലെത്തിയ ക്ളെറിനും റോസിനും ആൻസിനും ജ്യോതിഷും ആസ്വാദകർക്ക് സമ്മാനിച്ചത് ശുദ്ധ സംഗീതത്തിന്റെ അസുലഭ നിമിഷങ്ങളായിരുന്നു.പിയാനോ, കീ ബോർഡ്, ഗിറ്റാർ, മൌത്ത് ഓർഗൻ, ഫ്ളൂട്ട് എന്നീ വാദ്യോപകരണങ്ങളുടെ പിന്തുണയോടെ നടത്തിയ ഷോ ഒരു ലൈവ് ഗാനമേളയേക്കാൾ ആസ്വാദ്യകരമായിരുന്നു.
“LET’S BREAK IT TOGETHER” ലൈവ് ടാലന്റ് ഷോയുടെ സംഘാടകരായ യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർക്ക് നന്ദി പറഞ്ഞു കൊണ്ട്, ലൈവിൽ വന്ന ക്ളെറിൻ, റോസിൻ, ആൻസിൻ സഹോദരിമാരുടെ മാതാപിതാക്കൾ ജോസഫ് കെ.ജെയും സോണിയ ജോസഫും പ്രേക്ഷകരുടെ ആവേശകരമായ പ്രതികരണങ്ങൾക്കും പിന്തുണക്കും സ്നേഹപൂർവ്വം നന്ദി പറഞ്ഞു. തികച്ചും അപ്രതീക്ഷിതമായി “ഒന്നാനാം കുന്നിൻ മേൽ കൂട് കൂട്ടും തത്തമ്മേ” എന്ന ഗാനം പ്രഫഷണൽസിനെ പോലും അതിശയിപ്പിക്കുന്ന വിധം മൌത്ത് ഓർഗനിൽ വായിച്ച ജോസഫ് തങ്ങളുടേത് ഒരു തികഞ്ഞ കലാകുടുംബമാണെന്ന് തെളിയിച്ചു. “Let’s Break It Together” പ്രേക്ഷകർക്ക് ഏറെക്കാലം ഓർമ്മച്ചെപ്പിൽ സൂക്ഷിക്കാനുള്ള ആഘോഷ സന്ധ്യയ്ക്ക് “ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളിയേ” എന്ന ഗാനത്തോടെ സമാപനമായി.
സംഗീതവും നൃത്തവും ഉൾപ്പടെയുള്ള സുകുമാര കലകളെ ജീവാംശമായി കൂടെ ചേർത്ത് മുന്നേറുന്ന ഈ സഹോദരങ്ങൾക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ എല്ലാവിധ ആശംസകളും നേരുന്നു..”LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
“LET’S BREAK IT TOGETHER” ഷോയുടെ അടുത്ത ലൈവ് 14/07/2020 ചൊവ്വ വൈകുന്നേരം 5 ന് ( ഇൻഡ്യൻ സമയം രാത്രി 9:30) ആയിരിക്കും.
കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.
എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.
ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു. യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.
പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602), യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
റെഡ്ഡിംഗിൽ മരണമടഞ്ഞ എൽബി സെബിന്റെ മൂന്ന് മക്കളടങ്ങുന്ന കുടുംബത്തെ സഹായിക്കാൻ അഭ്യർത്ഥനയുമായി യുക്മ ചാരിറ്റി ഫൗണ്ടേഷനും ന്യൂബറി മലയാളി കൾച്ചറൽ അസ്സോസ്സിയേഷനും /
click on malayalam character to switch languages