1 GBP = 104.18

ചുരുളി സിനിമയിലെ ‘സഭ്യത’ പരിശോധിക്കാന്‍ പൊലീസ് സമിതി രൂപീകരിച്ചു; ചിത്രം കണ്ട് റിപ്പോര്‍ട്ട് നല്‍കും

ചുരുളി സിനിമയിലെ ‘സഭ്യത’ പരിശോധിക്കാന്‍ പൊലീസ് സമിതി രൂപീകരിച്ചു; ചിത്രം കണ്ട് റിപ്പോര്‍ട്ട് നല്‍കും

എഡിജിപി പദ്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിന്‍ എസിപി എ നസീമ എന്നിവരാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി സിനിമ കാണുക.

തിരുവനന്തപുരം: ഹൈക്കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ചുരുളി സിനിമ കാണാന്‍ കേരള പൊലീസ്. എഡിജിപി പദ്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിന്‍ എസിപി എ നസീമ എന്നിവരാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി സിനിമ കാണുക. സിനിമയില്‍ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചുവെന്ന പരാതിയെ തുടര്‍ന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

സിനിമയിലുപയോഗിച്ചിരിക്കുന്ന സഭ്യമല്ലാത്ത വാക്കുകള്‍ പരിശോധിക്കുന്നതിനാണ് സമിതി രൂപീകരിച്ചത്. ഇവര്‍ സിനിമ കണ്ടതിന് ശേഷം തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ഹൈക്കോടതിയ്ക്ക് കൈമാറും.

പൊതുധാര്‍മികതയ്ക്ക് നിരക്കാത്ത സിനിമയാണ് ചുരുളിയെന്നും ചിത്രം ഒടിടിയില്‍ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശ്ശൂര്‍ കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗിഫെന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ചുരുളി സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമാണെന്ന് നേരത്തെ ഇതേ ഹര്‍ജി പരിഗണിച്ചു കൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

ജനങ്ങളെ സ്വാധീനിക്കുന്ന കലാരൂപമാണ് സിനിമയെന്നും ചുരുളിയെ സംഭാഷണങ്ങള്‍ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സിനെ കളങ്കപ്പെടുത്തുന്നതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജിയില്‍ നേരത്തെ തന്നെ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്, സോണി മാനേജിങ് ഡയറക്ടര്‍, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, നടന്മാരായ ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി എന്നിവരടക്കമുള്ളവര്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു.

‘സിനിമയിലെ കഥാപാത്രങ്ങള്‍ ‘വള്ളുവനാടന്‍’ എന്നോ കണ്ണൂരോ തിരുവനന്തപുരമോ എന്നോ ഭാഷ ഉപയോഗിക്കണമെന്ന് കോടതിക്ക് നിര്‍ദ്ദേശിക്കാനാവില്ല. നിയമപരമായ ലംഘനമാണോ സിനിമയുടെ പ്രദര്‍ശനം എന്ന് പരിശോധിക്കാന്‍ മാത്രമേ കോടതിക്ക് കഴിയൂ. അത് തീരുമാനിക്കുമ്പോള്‍ സിനിമാക്കാരന്റെ കലാസ്വാതന്ത്ര്യവും മനസ്സിലുണ്ടാകണം,” കോടതി നിരീക്ഷിച്ചു.

അതേസമയം ചിത്രത്തിന്റെ സെന്‍സര്‍ ചെയ്ത പതിപ്പല്ല ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നതെന്നും ഒടിടി റിലീസില്‍ ഇടപെടാന്‍ സെന്‍സര്‍ ബോര്‍ഡിന് അധികാരമില്ലെന്നും നേരത്തെ സെന്‍സര്‍ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. സോണിലിവ് എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ പ്രദര്‍ശിപ്പിക്കുന്നത് സിനിമയുടെ സര്‍ട്ടിഫൈഡ് പതിപ്പല്ലെന്നായിരുന്നു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ റീജിയണല്‍ ഓഫീസര്‍ പാര്‍വതി വി. അറിയിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more