1 GBP = 104.08

ചൈനയിൽ പിങ്ങിനെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് പാർട്ടി കോൺഗ്രസിൽ വെളിപ്പെടുത്തൽ

ചൈനയിൽ പിങ്ങിനെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് പാർട്ടി കോൺഗ്രസിൽ വെളിപ്പെടുത്തൽ

ബെയ്ജിംഗ്: ചൈനയിൽ പ്രസിഡന്റ് ഷി ജിൻ പിങ്ങിനെ അട്ടിമറിച്ച് ഭരണം പിടിക്കാൻ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അഴിമതിക്കാരായ ഒരു സംഘം ‘വിമതർ’ ശ്രമിച്ചതായി വെളിപ്പെടുത്തൽ.
ബെയ്ജിംഗിലെ ഗ്രേറ്റ് ഹാൾ ഒഫ് പീപ്പിളിൽ നടക്കുന്ന 19-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടന്ന ചർച്ചയിൽ ചൈന സെക്യൂരിറ്റീസ് റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ ലിയു ഷിയു ആണ് ‌ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തൽ നടത്തിയത്. ഇതേക്കുറിച്ച് സൂചന ലഭിച്ച ചിൻ പിങ്, അടിയന്തര നീക്കത്തിലൂടെ അട്ടിമറി നീക്കം പരാജയപ്പെടുത്തി പാർട്ടിയെ രക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. ഹോങ്കോങ്ങിലെ സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.

ഷി ജിൻ പിങ് 2012ൽ പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെയായിരുന്നു അട്ടിമറിശ്രമം. തെക്കുപടിഞ്ഞാറൻ നഗരമായ ചോങ്‌ക്വിങ്ങിലെ പാർട്ടി മുൻ സെക്രട്ടറി സൺ ഷെങ്കായിയുടെയും ഭാര്യയുടെയും നേതൃത്വത്തിലായിരുന്നു ഗൂഢ നീക്കങ്ങൾ. പാർട്ടിയിലെ ഉന്നതാധികാര സമിതിയായ പോളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്കു പോലും പരിഗണിക്കപ്പെട്ടിരുന്ന നേതാവാണ് സൺ ഷെങ്കായ്. ഇയാൾ ഉൾപ്പെടെ പാർട്ടിയിലെ ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്ന ആറ് പേരാണ് അട്ടിമറി ആസൂത്രണം ചെയ്‌തത്. മുൻ സുരക്ഷാ മേധാവി ഴോ യോങ്‌കാങ്, മുൻ പാർട്ടി ഉന്നതൻ ബോ സിലായി, സെൻട്രൽ മിലിട്ടറി കമ്മിഷൻ മുൻ വൈസ് ചെയർമാൻമാരായ ഗുവോ ബോ സിയോങ്, ഷു കായോ, മുൻ പ്രസിഡന്റ് ഹു ജിന്റാവോയുടെ ഉപദേശകനായിരുന്ന ലിങ് ജിഹുവ എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ. ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സൺ ഷെങ്കായിയെയും ഭാര്യയെയും കഴിഞ്ഞ മാസം പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ജുഡിഷ്യൽ അധികൃതർക്ക് കൈമാറുകയും ചെയ്‌തു. സംഘത്തിലെ മറ്റ് ചിലരെയും അറസ്റ്റ് ചെയ്തതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

ഒരു വിഭാഗം നേതാക്കൾക്കിടയിൽ ശക്തമായിരിക്കുന്ന അഴിമതി കാരണം പാർട്ടിയെ പിളർത്താനും സർക്കാരിനെ അട്ടിമറിച്ച് ഭരണം പിടിക്കാനുമുള്ള ശ്രമങ്ങൾ സജീവമാണെന്നും ഷിയു പറഞ്ഞു. ഷി ജിൻ പിങ്ങിന്റെ സമയോചിത ഇടപെടലാണ് അട്ടിമറി ശ്രമത്തിൽനിന്ന് പാർട്ടിയെയും സൈന്യത്തെയും രാജ്യത്തെയും രക്ഷിച്ചത്. ഇതുവഴി ഷി ജിൻ പിങ് സോഷ്യലിസത്തിന്റെ രക്ഷകനായെന്നും ഷിയു അവകാശപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more