1 GBP = 103.70

ചൈനീസ് അതിര്‍ത്തിയില്‍ വിമാനമിറക്കി ഇന്ത്യയുടെ ശക്തിപ്രകടനം.

ചൈനീസ് അതിര്‍ത്തിയില്‍ വിമാനമിറക്കി ഇന്ത്യയുടെ ശക്തിപ്രകടനം.

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തിനിടെ ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന മെച്ചുകയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ചരക്ക് വിമാനം സി17 പറന്നിറങ്ങി. അരുണാചല്‍ പ്രദേശിലെ സിയാംഗ് ജില്ലയിലാണ് മെച്ചുക എന്ന ഗ്രാമം. സമുദ്രനിരപ്പില്‍ നിന്ന് 6200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മെച്ചുകയില്‍ ഇതാദ്യമായാണ് ഒരു വിമാനം ഇറങ്ങുന്നത്. ചൈനീസ് അതിര്‍ത്തിയില്‍ നിന്ന് വെറും 29 കിമീ മാത്രം അകലത്തില്‍ സ്ഥിതി ചെയ്യുന്ന മെച്ചുകയില്‍ വിമാനമിറക്കാന്‍ സാധിച്ചത് അതിര്‍ത്തിയിലെ സൈനികവിന്യാസത്തില്‍ ഇന്ത്യയ്ക്ക് നേട്ടം ചെയ്യും.

പര്‍വതമേഖലകളിലും താഴ്‌വാരങ്ങളിലും വിദൂരദേശങ്ങളിലുമെല്ലാം വിമാനമിറക്കുവാന്‍ ഇന്ത്യന്‍ വ്യോമസനേയ്ക്കുള്ള ശേഷി കൂടിയാണ് മെച്ചുകയിലെ സി 17ന്റെ ലാന്‍ഡിംഗ് വഴി തെളിയിക്കപ്പെടുന്നതെന്ന് വ്യോമസേനാ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.അസമീസ് നഗരമായ ദിബ്രുഗഢില്‍ നിന്നും 500 കി.മീ അകലെയാണ് മെച്ചുക. നിലവില്‍ രണ്ട് ദിവസത്തിലേറെ യാത്ര ചെയ്താല്‍ മാത്രമേ റോഡു മാര്‍ഗം ദിബ്രുഗഢില്‍ നിന്ന് മെച്ചുകയിലെത്തുവാന്‍ സാധിക്കൂ. ഈ റോഡ് അധിക സമയവും തകര്‍ന്ന നിലയിലുമാണ്.

ചരക്ക് കൈമാറ്റത്തിനും മറ്റുമായി ഇന്ത്യന്‍ വ്യോമസേന ഉപയോഗിക്കുന്ന ഭീമന്‍ വിമാനമാണ് സി17. 75 ടണ്‍ ഭാരം വരെ വഹിക്കുവാന്‍ ശേഷിയുണ്ട് ഈ വിമാനത്തിന്. അടിയന്തരസാഹചര്യങ്ങളില്‍ ചൈനീസ് അതിര്‍ത്തിയില്‍ ചരക്ക് നീക്കത്തിനും സൈനികരെ എത്തിക്കാനുമെല്ലാം ഇനി മെച്ചുകയിലെ അഡ്വാന്‍സ്ഡ് ലാന്‍ഡിംഗ് ഗ്രൗണ്ട് വ്യോമസേനയ്ക്ക് ഉപയോഗിക്കാം.

തൊഴിലുറപ്പ് പദ്ധതി പ്രകാരം ചൈനീസ് അതിര്‍ത്തിയില്‍ കനാല്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ട തൊഴിലാളികളെ ചൈനീസ് സൈന്യം തടഞ്ഞതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇന്ത്യന്‍ വ്യോമസേന മെച്ചുകയില്‍ വിമാനം ഇറക്കിയത് എന്നത് നയതന്ത്ര വൃത്തങ്ങളില്‍ കൗതുകം സൃഷ്ടിച്ചിട്ടുണ്ട്. ലേ നഗരത്തിന് 250 കിമീ കിഴക്ക് മാറി ദെംചോക്കിലാണ് കനാല്‍ നിര്‍മ്മാണത്തിലേര്‍പ്പെട്ട തൊഴിലാളികളെ ചൈനീസ് സൈന്യം തടഞ്ഞത്. അരുവയില്‍ നിന്ന് കനാല്‍ വെട്ടി ഗ്രാമത്തിലേക്ക് വെള്ളമെത്തിക്കാനുള്ള ജോലികളില്‍ എര്‍പ്പെട്ടിരിക്കുകയായിരുന്നു തൊഴിലാളികള്‍. ഇവരെയാണ് 55ഓളം വരുന്ന പീപ്പിള്‍ ആര്‍മി സേനാഗംങ്ങള്‍ തടഞ്ഞത്. ചൈനീസ് ഭടന്‍മാര്‍ ഇവരോട് തട്ടിക്കയറിയതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവമറിഞ്ഞ് എഴുപതോളം ഇന്ത്യന്‍ സേനാഗംങ്ങള്‍ ഇവിടെയെത്തുകയും ചൈനീസ് ഭടന്‍മാരെ തടയുകയുമായിരുന്നു.

അതേസമയം അതിര്‍ത്തിയില്‍ എന്തെങ്കിലും തരത്തിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഇരുസേനകളും തടയുന്നത് പതിവാണെന്നും ഇത്തരം പ്രശ്‌നങ്ങള്‍ അധികൃതര്‍ ചര്‍ച്ച ചെയ്ത് തീര്‍ക്കാറാണ് പതിവെന്നും സൈനിക വൃത്തങ്ങള്‍ വിശദീകരിക്കുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more