1 GBP = 103.14

ഐപിഎല്ലിൽ തുടർച്ചയായ അഞ്ചാം വിജയവുമായി ചെന്നൈ സൂപ്പർ കിങ്സ്

ഐപിഎല്ലിൽ തുടർച്ചയായ അഞ്ചാം വിജയവുമായി ചെന്നൈ സൂപ്പർ കിങ്സ്

ന്യൂഡൽഹി: ഐപിഎല്ലിൽ തുടർച്ചയായ അഞ്ചാം വിജയവുമായി ചെന്നൈ സൂപ്പർ കിങ്സ്. സൺറൈസേഴ്സ് ഹൈദരാബാദിനെ ഒമ്പത് പന്ത് ശേഷിക്കെ ഏഴു വിക്കറ്റിന് ചെന്നൈ കീഴ്പ്പെടുത്തി. 172 റൺസ് വിജയലക്ഷ്യം ധോനിയുടെ സംഘം അനായാസം മറികടക്കുകയായിരുന്നു. 

129 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ ചെന്നൈയുടെ ഓപ്പണർമാരാണ് അനായാസ വിജയമൊരുക്കിയത്. റിതുരാജ് ഗെയ്ക്ക്വാദ് 44 പന്തിൽ 75 റൺസെടുത്തപ്പോൾ ഫാഫ് ഡുപ്ലെസിസ് 38 പന്തിൽ 56 റൺസുമായി അടിച്ചുതകർത്തു. ഗെയ്ക്ക്വാദിന്റെ ബാറ്റിൽ നിന്ന് 12 ഫോറുകൾ പിറന്നപ്പോൾ ഡുപ്ലെസിസ് ആറു ഫോറും ഒരു സിക്സും അടിച്ചു. 

പിന്നീട് മോയിൻ അലിയും രവീന്ദ്ര ജഡേജയും സുരേഷ് റെയ്നയും ഇന്നിങ്സ് മുന്നോട്ടുനയിച്ചു. എട്ടു പന്തിൽ 15 റൺസോടെ മോയിൻ അലി പുറത്തായി. 15 പന്തിൽ 17 റൺസുമായി റെയ്നയും ആറു പന്തിൽ ഏഴ് റൺസോടെ ജഡേജയും പുറത്താകാതെ നിന്നു. 

നേരത്തെ ഹൈദരാബാദ് നിശ്ചിത ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി. അർധ സെഞ്ചുറി നേടിയ ഡേവിഡ് വാർണറുടേയും മനീഷ് പാണ്ഡെയുടേയും ബാറ്റിങ് മികവാണ് ഹൈദരാബാദിനെ തുണച്ചത്. ഹൈദരാബാദ് ബാറ്റിങ്ങിനെ വരിഞ്ഞുമുറുക്കിയ ചെന്നൈ ബൗളർമാർ അവസാന മൂന്നു ഓവറിൽ കളി കൈവിട്ടു. അവസാന 18 പന്തിൽ 44 റൺസാണ് ഹൈദരാബാദ് അടിച്ചെടുത്തത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് തുടക്കത്തിൽ തന്നെ ജോണി ബെയർസ്റ്റോയെ നഷ്ടപ്പെട്ടു. ഏഴ് റൺസായിരുന്നു ബെയർസ്റ്റോയുടെ സമ്പാദ്യം. പിന്നീട് ഡേവിഡ് വാർണറും മനീഷ് പാണ്ഡെയും ഒത്തുചേർന്നു. ഇരുവരും 87 പന്തിൽ 106 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. വാർണർ 55 പന്തിൽ മൂന്നു ഫോറും രണ്ട് സിക്സും സഹിതം 57 റൺസ് നേടി. മനീഷ് പാണ്ഡെ 46 പന്തിൽ അഞ്ചു ഫോറിന്റേയും ഒരു സിക്സിന്റേയും സഹായത്തോടെ 61 റൺസ് അടിച്ചു. 

10 പന്തിൽ 26 റൺസ് അടിച്ച കെയ്ൻ വില്ല്യംസണും നാല് പന്തിൽ 12 റൺസ് നേടിയ കേദർ ജാദവും അവസാന ഓവറുകളിൽ ഹൈദരാബാദിന്റെ സ്കോറിങ് വേഗത കൂട്ടി. ചെന്നൈയ്ക്കായി ലുങ്കി എൻഗിഡി രണ്ടും സാം കറൻ ഒരു വിക്കറ്റും നേടി.

വിജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ രണ്ടാം സ്ഥാനത്തേക്ക് വീണു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more