1 GBP = 103.94

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 25 പേരെ ചോദ്യം ചെയ്തു

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 25 പേരെ ചോദ്യം ചെയ്തു

 

ദില്ലി: സിബിഎസ്ഇ പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പ്രത്യേകസംഘം 25 പേരെ ചോദ്യം ചെയ്തു. ചോദ്യപേപ്പറിന്റെ കൈയെഴുത്ത് കോപ്പി ലഭിച്ച വിദ്യാര്‍ത്ഥികളാണ് ഇതിലേറെയും. അതേസമയം, റദ്ദാക്കിയ പരീക്ഷകളുടെ പുതുക്കിയ തീയതി ഈ ആഴ്ച അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ ബോര്‍ഡ് വ്യക്തമാക്കി.

സിബിഎസ്ഇ പത്താം ക്ലാസിലെ കണക്ക്, പന്ത്രണ്ടാം ക്ലാസിലെ എക്കണോമിക്‌സ് പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്. ഇതിനെ തുടര്‍ന്ന് രണ്ട് പരീക്ഷകളും സിബിഎസ്ഇ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി ദില്ലി പൊലീസിന് പരാതി നല്‍കുകയായിരുന്നു. മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ആര്‍പി ഉപാധ്യായയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെ കുറിച്ച് അന്വേഷിക്കുന്നത്.

അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ച്ചയെകുറിച്ച് സൂചന നല്‍കുന്ന ഒരു ഫാക്‌സ് മാര്‍ച്ച് 23 ന് ലഭിച്ചിരുന്നതായി ദില്ലി പൊലീസിന് നല്‍കിയ പരാതിയില്‍ സിബിഎസ്ഇ ചൂണ്ടിക്കാട്ടുന്നു. വടക്കന്‍ ദില്ലിയിലെ രജീന്ദര്‍ നഗറിലുള്ള ഒരാളാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതിന് പിന്നിലെന്ന് ഫാക്‌സ് സന്ദേശത്തില്‍ വ്യക്തമാക്കുന്നതായും പരാതിയില്‍ പറയുന്നു. ഇദ്ദേഹം ഒരു പരിശീലനകേന്ദ്രം നടത്തുകയാണ്.

വാട്ട്‌സ്ആപ്പിലൂടെ പ്രചരിച്ച ചോദ്യപേപ്പറിന്റെ കൈയെഴുത്ത് കോപ്പികള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പരീക്ഷാ ഇന്‍വിജിലേറ്റര്‍മാരെയോ സിബിഎസ്‌ഐ ഉദ്യോഗസ്ഥരെയോ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more