1 GBP = 97.91
breaking news

Spiritual

ബിർമിങ്ങ്ഹാം:  ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായി നാല് വർഷം പൂർത്തിയായപ്പോൾ തന്നെ രൂപതയിലെ വൈദികരെയും, സന്യസ്തരെയും, അല്മായ പ്രതിനിധികളെയും ഉൾപ്പെടുത്തികൊണ്ടു  നൂറ്റി അറുപത്തി ഒന്ന്  പ്രതിനിധികൾ ഉൾപ്പെട്ട രൂപത പാസ്റ്ററൽ കൗൺസിൽ രൂപീകൃതമായി.  കോവിഡിന്റെ  പശ്ചാത്തലത്തിൽ സർക്കാർ നിർദേശങ്ങൾ അനുസരിച്ചു കൊണ്ട്  വീഡിയോ കോൺഫറൻസിലൂടെ നടന്ന പ്രഥമ പാസ്റ്ററൽ കൗൺസിൽ സമ്മേളനത്തിൽ വച്ച് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആണ് അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ നിലവിൽ വന്നതായുള്ള പ്രഖ്യാപനം നടത്തിയത്.  മുൻ സുപ്രീം കോടതി ജസ്റ്റിസ് കുര്യൻ ജോസഫ് സമ്മേളനത്തിൽ മുഖ്യാതിഥി ആയിരുന്നു . പ്രഥമ അഡ്‌ഹോക്ക് കമ്മറ്റിയുടെ സെക്രെട്ടറിയായി ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ഇടവക അംഗം  റോമിൽസ്  മാത്യുവിനേയും, ജോയിന്റ് സെക്രെട്ടറിയായി മിഡിൽസ് ബറോ സെന്റ് എലിസബത്ത് മിഷനിൽ  നിന്നുള്ള ജോളി മാത്യുവിനേയും നിയമിച്ചു. സഭയെ കെട്ടിപ്പടുക്കുക എന്ന ദൗത്യമാണ് ഓരോ അല്മയന്റെയും ധർമ്മം. തീർഥാടകയായ  സഭയുടെ ആ ദൗത്യത്തിൽ സഭാ ഗാത്രത്തോട് ചേർന്ന് നിന്ന്  ദൃശ്യവും സ്പർശ്യവുമായ രീതിയിൽ ഓരോരുത്തരും ആയിരിക്കുന്ന ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്ന മാതൃകകളാകുക എന്നതാണ് ഓരോ അല്മായന്റെയും  ദൗത്യവും കടമയുമെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു. സീറോ മലബാർ സഭയുടെ  ആരാധനാക്രമത്തിലും, വിശ്വാസാചാരാനുഷ്ഠാനങ്ങളിലും, പാരമ്പര്യങ്ങളിലും ഉള്ള അന്യാദൃശ്യമായ  സൗന്ദര്യം  മനസിലാക്കി വരും തലമുറകളിലേക്ക് അത് കൈമാറി  നൽകുവാനും അതിലൂടെ സഭയെ കെട്ടിപ്പടുക്കുവാനും ഉള്ള വലിയ വിളി ഏറ്റെടുത്തു നടപ്പിലാക്കുക എന്നത് ഓരോ അല്മായന്റെയും കടമയും ഉത്തരവാദിത്വവും ആണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.  സീറോ മലബാർ സഭ അംഗങ്ങൾ എന്ന നിലയിൽ ആഗോള സഭയെ ശക്തിപ്പെടുത്താനുള്ള വലിയ ഉത്തരവാദിത്വം ആണ്  യു കെ യുടെ പ്രത്യേക സാഹചര്യത്തിൽ  ഗ്രേറ്റ്  ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ നിക്ഷിപ്‌തമായിരിക്കുന്നതെന്നു  രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ  തന്റെ ഉത്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. വിശ്വാസത്തിൽ ഉള്ള ഉറപ്പും പ്രത്യാശ നിറഞ്ഞ ജീവിതവും സഭാ ആധ്യാത്മികതയിൽ ഉള്ള ആഴപ്പെടലും വഴി പരസ്പര സ്നേഹത്തിൽ രൂപതയേയും സഭയെയും കെട്ടിപ്പടുക്കാനും അതുവഴി നവ സുവിശേഷ വൽക്കരണത്തിന്റെ വക്താക്കൾ ആകാനും പുതിയ പാസ്റ്ററൽ കൗൺസിലിന് കഴിയട്ടെ എന്നും പിതാവ് പറഞ്ഞു. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ആന്റണി ചുണ്ടെലിക്കാട്ട്  സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. ചാൻസിലർ  റെവ.ഡോ. മാത്യു പിണക്കാട്ട് പാസ്റ്ററൽ  കൗൺസിലിന്റെ പ്രവർത്തന രീതികൾ വിശദീകരിച്ചു. വികാരി ജനറാൾമാരായ റെവ. ഫാ. ജോർജ്  ചേലക്കൽ, റെവ. ഫാ. ജിനോ അരീക്കാട്ട്, റെവ.ഫാ. സജിമോൻ മലയിൽ പുത്തൻപുര,  വൈസ് ചാൻസിലർ റെവ. ഫാ. ഫാൻസ്വാ പത്തിൽ,  റോമിൽസ്  മാത്യു , ജോളീ  മാത്യു തുടങ്ങിയവർ സമ്മേളനത്തിന്  ആശംസകൾ അർപ്പിച്ചു സംസാരിച്ചു. Fr Tomy Adattu PRO, Syro-Malabar Eparchy of Great Britain
ബിർമിംഗ്ഹാം: ലോകസമാധാനത്തിനും ആത്മാക്കളുടെ രക്ഷക്കുമായി തന്റെ വിമലഹൃദയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുവാൻ ദൈവം ആഗ്രഹിക്കുന്നതായി ഫാത്തിമയിലെ പ്രത്യക്ഷീകരണത്തിലൂടെ പരിശുദ്ധ ജനനി ലോകത്തെ അറിയിച്ചിരുന്നു. പരിശുദ്ധ ദൈവമാതാവിന്റെ ഈ ഫാത്തിമരഹസ്യത്തിനു പ്രത്യുത്തരമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ആദ്യശനിയാഴ്ച ധ്യാനത്തിന് തുടക്കമാകുന്നു. രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 1 ശനിയാഴ്ച മുതൽ എല്ലാ ആദ്യശനിയാഴ്ചകളിലും രാവിലെ 10 മണിമുതൽ വൈകിട്ട് 5 മണി വരെയായിരിക്കും ആരാധനയും ധ്യാനവും നടക്കുക.   വിശുദ്ധ കുർബാന, തിരുമണിക്കൂർ ആരാധന, കരുണക്കൊന്ത, ജപമാല, ദൈവവചനപ്രഘോഷണം എന്നീ രീതിയിലാണ് ആദ്യശനിയാഴ്ച ആചരണം ക്രമീകരിച്ചിരിക്കുന്നത്. പുതുതലമുറയുടെ ആത്മീയ വളർച്ചയിൽ വിമലഹൃദയ ഭക്തിക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് ഇംഗ്ളീഷിലായിരിക്കും ശുശ്രൂഷകൾ നടക്കുക. ബിർമിംഗ്ഹാം സെന്റ്. തെരേസ ദേവാലയത്തിൽ നിന്നും തത്സമയം സംപ്രേഷണം ചെയ്യുന്ന ഈ പ്രോഗ്രാം രൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും ഫേസ്ബുക് പേജിലും ലഭ്യമായിരിക്കും.  അഭിവന്ദ്യപിതാവിനോടൊപ്പം റവ. ഫാ. ആന്റണി പറങ്കിമാലിൽ VC , റവ.ഫാ. ജോയ് ചെഞ്ചേരിൽ MCBS എന്നിവരും ഈ ശുശ്രൂഷയിൽ പങ്കുചേരുന്നു. ഫാത്തിമരഹസ്യങ്ങളോട് ചേർന്ന് നിന്നുകൊണ്ട് ലോകസമാധാനത്തിനും ആത്മാക്കളുടെ രക്ഷക്കുമായി പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിൽ അഭയം തേടുവാൻ ശനിയാഴ്ച നടക്കുന്ന ഈ ശുശ്രൂഷയിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.  ശുശ്രൂഷകൾ തത്സമയം കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://youtu.be/aCp4V79CGcQ ഫാ. ടോമി എടാട്ട് പിആർഒ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത
ഫാ. ടോമി എടാട്ട്,  പിആർഒ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വാൽസിംഗ്ഹാം: ആയിരക്കണക്കിന് വിശ്വാസികൾ അഭയം തേടിയെത്താറുള്ള  വാൽസിംഗ്ഹാമിലെ മാതൃസന്നിധിയിൽ ഇത്തവണ തികച്ചും വ്യത്യസ്തമായ ഒരു തിരുന്നാൾ ആചരണം. ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികളുടെ നാലാമത്തെ വാൽസിംഗ്ഹാം തീർത്ഥാടനം കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി ഹ്രസ്വമായി ആചരിച്ചു.    ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ നടന്ന തീർത്ഥാടനത്തിൽ രൂപതയിലെ തെരഞ്ഞെടുക്കപ്പെട്ട വൈദികരും പരിമിതമായ വിശ്വാസസമൂഹവും പങ്കെടുത്തു.   ജൂലൈ 18 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ജപമാലയോടുകൂടി ആരംഭിച്ച തിരുക്കർമ്മങ്ങൾ പൂർണ്ണമായും ഇംഗ്ലീഷിലാണ് ക്രമീകരിച്ചിരുന്നത്. ജപമാലക്കു ശേഷം അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് ദിവ്യകാരുണ്യ ആരാധനയും നടന്നു.  ഈ മഹാമാരിയുടെ നിഴലിൽ വാൽസിംഗ്ഹാമിലെ പരിശുദ്ധ അമ്മയ്ക്കായി രൂപതാകുടുംബത്തെ മുഴുവൻ സമർപ്പിക്കുന്നതായും മറിയത്തിന്റെ മാർഗനിർദേശവും സംരക്ഷണവും യാചിക്കുന്നതായും അഭിവന്ദ്യ പിതാവ് തന്റെ സന്ദേശത്തിൽ പറഞ്ഞു. മറിയത്തിൽ അഭയം തേടുന്നതും പ്രയാസങ്ങളിലും  അപകടങ്ങളിലും അവളുടെ മാതൃനന്മയിൽ സമാധാനം തേടുന്നതും കത്തോലിക്കരുടെ പതിവാണ്. ഏറ്റവും അനുഗ്രഹീതയായ ഈ കന്യകയിലൂടെ പാടുകളോ ചുളിവുകളോ ഇല്ലാതെ പൂർണ്ണതയിലെത്തുവാൻ  സഭക്ക് കഴിഞ്ഞിട്ടുണ്ട്.  ദൈവം അലങ്കരിക്കുന്ന അതേ മഹത്വത്തിൽ പരിശുദ്ധ കന്യകയെ നാം  സ്വീകരിച്ചാൽ, സാത്താൻ നമ്മുടെ ജീവിതത്തിൽ നിന്ന് ഒളിച്ചോടും. ഈശോമിശിഹായെ  പരിശുദ്ധ അമ്മ വളർത്തുകയും സംരക്ഷിക്കുകയും ചെയ്തതുപോലെ, നമ്മുടെ ജീവിതത്തിലും ദൗത്യത്തിലും മറിയത്തെ  സ്വീകരിക്കാനുള്ള ദൈവത്തിന്റെ പദ്ധതി അംഗീകരിക്കാൻ സഭ നമ്മെ വിളിക്കുന്നതായും പിതാവ് ഉദ്ബോധിപ്പിച്ചു.  ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സ്ഥാപനത്തിനുശേഷം കഴിഞ്ഞ മൂന്നു വർഷമായി രൂപതയുടെ ആഭിമുഖ്യത്തിലാണ് വാൽസിംഗ്ഹാം തീർത്ഥാടനം നടന്നുവരുന്നത്. ഓരോ വർഷവും ബ്രിട്ടന്റെ വിവിധഭാഗങ്ങളിൽ നിന്നും യൂറോപ്പിൽ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികളാണ് മാതാവിന്റെ മാധ്യസ്ഥം യാചിച്ചുകൊണ്ട് ഈ തീർത്ഥാടനത്തിൽ പങ്കുചേരാറുള്ളത്. എന്നാൽ ഇത്തവണ  കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വിശ്വാസികൾക്ക് തങ്ങൾ ആയിരിക്കുന്നിടത്തു നിന്ന് തീർത്ഥാടനത്തിൽ പങ്കുചേരുവാൻ സാധ്യമാകുന്ന രീതിയിൽ രൂപതയുടെ  ഔദ്യോഗിക യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും തിരുനാൾ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. 
വാൽസിംഗ്ഹാം: ഇംഗ്ലണ്ടിലെ ഏറ്റവും പുരാതന മരിയൻ തീർത്ഥാടനകേന്ദ്രമായ വാൽസിംഗ്ഹാമിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള വാൽസിംഗ്ഹാം തീർത്ഥാടനം ജൂലൈ 18 ശനിയാഴ്ച നടത്തുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടായിരിക്കും തിരുനാൾ നടത്തുകയെന്ന് രൂപത കേന്ദ്രത്തിൽ നിന്നറിയിച്ചു. പൊതുജനപങ്കാളിത്തമുള്ള പരിപാടികൾക്ക് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പരിമിതമായ ആളുകളെ മാത്രമാണ് തീർത്ഥാടനത്തിൽ ഉൾപ്പെടുത്തുക. രൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും തിരുനാൾ തത്സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും.  ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ജപമാലയോടുകൂടി ആരംഭിക്കുന്ന തിരുക്കർമ്മങ്ങൾക്ക് അഭിവന്ദ്യ പിതാവും രൂപതയിലെ വൈദികരും നേതൃത്വം നൽകും. 3 മണിക്ക് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന നടക്കും. 4 .15 ന് നടക്കുന്ന ദിവ്യകാരുണ്യ ആരാധനയോടുകൂടി തിരുക്കർമ്മങ്ങൾ അവസാനിക്കും.  ലോകം വലിയ പ്രതിസന്ധിയെ നേരിടുന്ന ഈ സാഹചര്യത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം യാചിച്ചു കൊണ്ട് ഈ തിരുനാളിൽ ഭക്തിപൂർവ്വം പങ്കുകൊള്ളുവാൻ എല്ലവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.  തിരുക്കർമ്മങ്ങൾ തത്സമയം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക:  ഫാ. ടോമി എടാട്ട്  പിആർഒ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത
പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ആരംഭം കുറിച്ച “സോൾട്ട് ഓഫ് ദി എർത്ത്” എന്ന ഓൺലൈൻ പ്രോഗ്രാമിന് വൻസ്വീകാര്യത. ജൂലൈ 3 വെള്ളിയാഴ്ച തുടക്കം കുറിച്ച “സോൾട്ട് ഓഫ് ദി എർത്ത്” വിശുദ്ധരുടെ ജീവചരിത്രം വിശ്വാസസമൂഹത്തിനു പരിചയപ്പെടുത്തുന്ന പരിപാടിയാണ്. കുടുംബങ്ങളെയും കുട്ടികളെയും അഭൂതപൂർവമായ ആത്മീയ ഉണർവിലേക്കും അറിവിലേക്കും നയിക്കാൻ ഈ പ്രോഗ്രാമിന് ഇതിനോടകം സാധിച്ചതായി മീഡിയ കമ്മീഷൻ ചെയർമാൻ ഫാ. ടോമി എടാട്ട് പറഞ്ഞു.  രൂപതയുടെ ഒദ്യോഗിക യുട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ഈ പ്രോഗ്രാം തത്സമയം സംപ്രേഷണം ചെയ്തുവരുന്നു. എപ്പിസോഡുകളുടെ അവസാനം നൽകുന്ന 5 ചോദ്യങ്ങൾക്ക് ശരിയുത്തരം ആദ്യം അയയ്ക്കുന്ന ആൾക്ക് സമ്മാനവും നൽകുന്നു. രൂപതയിലെ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമായി നിരവധി കുടുംബങ്ങളാണ് കഴിഞ്ഞ എപ്പിസോഡിലെ മത്സരത്തിൽ പങ്കെടുത്തത്. ശരിയായ ഉത്തരങ്ങൾ അയച്ച് സമ്മാനം നേടിയ വ്യക്തിയെ വെള്ളിയാഴ്ച നടക്കുന്ന അടുത്ത എപ്പിസോഡിൽ പ്രഖ്യാപിക്കുന്നതാണ്.   എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് 8 മണിക്ക് സംപ്രേഷണം ചെയ്യുന്ന ഈ പ്രോഗ്രാമിനോടനുബന്ധിച്ച് നടത്തുന്ന മത്സരത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാവുന്നതാണ്. ശരിയുത്തരങ്ങൾ 07438028860 എന്ന വാട്ട്സ്ആപ്പ് നമ്പരിലേക്ക് Answers 1,2,3,4 & 5, Full Name, Address എന്ന ഫോർമാറ്റിൽ ആണ് അയയ്ക്കേണ്ടത്. “സോൾട്ട് ഓഫ് ദി എർത്ത്” പ്രോഗ്രാമുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 07448836131 എന്ന നമ്പരിൽ വിളിക്കാവുന്നതാണ്.  മീഡിയ കമ്മീഷൻ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത
പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “സോൾട്ട് ഓഫ് ദി എർത്ത്” എന്ന ഓൺലൈൻ പ്രോഗ്രാമിന് ജൂലൈ 3 വെള്ളിയാഴ്ച ആരംഭം കുറിക്കുന്നു. ലോക്ഡൗൺ സമയങ്ങളിൽ വിശ്വാസസമൂഹത്തിന് ആത്മീയഉണർവേകുന്ന നിരവധി ഓൺലൈൻ പ്രോഗ്രാമുകൾ സമ്മാനിച്ച രൂപതയുടെ മീഡിയ കമ്മീഷന്റെ മറ്റൊരു സ്നേഹോപഹാരമാണ് “സോൾട്ട് ഓഫ് ദി എർത്ത്” എന്ന് കമ്മീഷൻ ചെയർമാൻ ഫാ. ടോമി എടാട്ട് പറഞ്ഞു. ഈ ലോകത്തിൽ ജീവിച്ച് ക്രിസ്തുവിന് സാക്ഷ്യം നൽകി കടന്നുപോയ സഭയിലെ വിശുദ്ധരുടെ ജീവചരിത്രം കുട്ടികളേയും കുടുംബങ്ങളേയും പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. ജൂലൈ 3 ന് വൈകിട്ട് 8 മണിക്ക് ആരംഭം കുറിക്കുന്ന ഈ പ്രോഗ്രാം തുടർന്ന് എല്ലാ വെള്ളിയാഴ്ചകളിലും ഇതേ സമയം തന്നെ ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. രൂപതയുടെ ഒദ്യോഗിക യുട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ഈ പ്രോഗ്രാം തത്സമയം സംപ്രേഷണം ചെയ്യുന്നു.  ഓരോ എപ്പിസോഡിന്റേയും അവസാനം നൽകുന്ന 5 ചോദ്യങ്ങൾക്ക് ശരിയുത്തരം അയയ്ക്കുന്ന ആദ്യ വ്യക്തിക്ക് സമ്മാനവും ഏർപ്പെടുത്തിയിട്ടുണ്ട്. അതതു ദിവസത്തെ പ്രോഗ്രാമിൽ നിന്നുമായിരിക്കും ചോദ്യങ്ങൾ നൽകുക. കുട്ടികൾക്കും മുതിർന്നവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ശരിയുത്തരം നൽകി വിജയിക്കുന്ന വ്യക്തിയെ അടുത്ത എപ്പിസോഡിൽ പ്രഖ്യാപിക്കുന്നതായിരിക്കും.. ഉത്തരങ്ങൾ 07438028860 എന്ന വാട്ട്സ്ആപ്പ് നമ്പരിലേക്ക് Answers 1,2,3,4 & 5, Full Name, Address എന്ന ഫോർമാറ്റിൽ അയയ്ക്കേണ്ടതാണ്. പുതുതലമുറയുടെ വിശ്വാസജീവിതം വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ഈ കാലഘട്ടത്തിൽ അവരെ വിശ്വാസത്തിൽ ആഴപ്പെടുത്തുവാനും സഭക്കും സമൂഹത്തിനും ഉതകുന്ന മാതൃകാ വ്യക്തികളായി വളർത്തിക്കൊണ്ടുവരുവാനും അങ്ങനെ ഭൂമിയുടെ ഉപ്പായി മാറുവാനും ഈ പ്രോഗ്രാം സഹായിക്കുമെന്ന് മീഡിയ കമ്മീഷൻ പ്രത്യാശ പ്രകടിപ്പിച്ചു. “സോൾട്ട് ഓഫ് ദി എർത്ത്” പ്രോഗ്രാമുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 07448836131 എന്ന നമ്പരിൽ വിളിക്കാവുന്നതാണ്.  മീഡിയ കമ്മീഷൻ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത
ഫാ. ടോമി എടാട്ട്പിആർഒ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ ഭവനങ്ങളും ജൂൺ 19  വെള്ളിയാഴ്ച അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ പ്രത്യേക ശുശ്രൂഷയിലൂടെ ഈശോയുടെ പരിശുദ്ധ തിരുഹൃദയത്തിന് പുനഃപ്രതിഷ്ഠിക്കപ്പെടുകയാണ്. എല്ലാ ഭവനങ്ങളും ഇതിനായി പ്രത്യേകം ഒരുങ്ങിക്കൊണ്ടിരിക്കുന്നു. വൈകുന്നേരം 7 . 30  ന് രൂപതയുടെ യൂട്യൂബ് ചാനലിലൂടെ അഭിവന്ദ്യ പിതാവ് എല്ലാ ഭാവനങ്ങൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ഭവനങ്ങളിൽ തിരുഹൃദയ പ്രതിഷ്ഠ നടത്തുകയും ചെയ്യുന്നു.  എല്ലാ കുടുംബാംഗങ്ങളും ഈ ശുശ്രൂഷയിൽ പങ്കുചേർന്നുകൊണ്ട് ഈശോയുടെ തിരുഹൃദയത്തിനു പ്രത്യേകമായി  പ്രതിഷ്ഠിക്കപ്പെടുന്നതിനുവേണ്ടി ഒരുങ്ങണമെന്ന് അഭിവന്ദ്യ പിതാവും പ്രോട്ടോ സിഞ്ചെല്ലൂസ് പ്രിയ ബഹുമാനപ്പെട്ട ആന്റണി ചുണ്ടെലിക്കാട്ട് അച്ചനും രൂപതയിലെ വിശ്വാസികളോട് ആഹ്വാനം ചെയ്തു. വിശുദ്ധ മാർഗരീത്ത മറിയത്തിലൂടെ ഈശോ അരുളിച്ചെയ്ത പന്ത്രണ്ടു വലിയ നന്മകൾ സാധാരണ ജീവിതത്തിലും കുടുംബത്തിലെ പ്രത്യേക സാഹചര്യങ്ങളിലും ലഭ്യമാക്കുവാൻ ഈ ശുശ്രൂഷ സഹായിക്കും. കൂടുതൽ ആത്മീയ പ്രകാശമുള്ളവരായി ഈ കോവിഡ് കാലത്തെ ആത്മീയമായി അതിജീവിക്കുവാൻ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും രൂപത വിശ്വാസസമൂഹത്തോട് അഭ്യർത്ഥിച്ചു. തിരുഹൃദയപ്രതിഷ്ഠാ ശുശ്രൂഷക്കുവേണ്ടി വലിയ ഒരുക്കങ്ങളാണ് എല്ലാ ഭവനങ്ങളിലും നടക്കുന്നത്.തിരുഹൃദയരൂപം പ്രതിഷ്ഠിച്ചും തിരുഹൃദയപ്രതിഷ്ഠക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിച്ച ഒരുങ്ങിയും കുടുംബത്തിലെ നിയോഗങ്ങൾ സമർപ്പിച്ചുകൊണ്ടും ഈ ശുശ്രൂഷയിൽ പങ്കുചേരാൻ ദൈവജനം ഒരുങ്ങിക്കഴിഞ്ഞു. 
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തുന്ന ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഇന്ന് തിരി തെളിയിക്കും .   വൈകുന്നേരം 7 .45 ന്  പിതാവ് ഔദ്യോഗികമായി ഓൺലൈൻ മത്സരങ്ങൾ ഉദ്‌ഘാടനം ചെയ്യും  . തുടർന്ന് ബഹുമാനപെട്ട പ്രോട്ടോസിഞ്ചെല്ലൂസ് ആന്റണി ചുണ്ടലിക്കാട്ട് അച്ചനും  വികാരി ജനറൽ ബഹുമാനപെട്ട ജിനോ അരീക്കാട്ട് അച്ചനും കുട്ടികൾക്കായുള്ള സന്ദേശം നൽകും . രൂപതയുടെ ഫേസ്ബുക് പേജിലും യു ട്യൂബ് ചാനലിലും  തത്സമയം കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതായി രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് കോഓർഡിനേറ്റർ ആന്റണി മാത്യു അറിയിച്ചു . താഴെ കാണുന്ന യു ടുബ് ലിങ്ക് ക്ലിക്ക് ചെയ്യുക. https://youtu.be/5iUl-NwZYtI  ഉദ്‌ഘാടന ചടങ്ങുകൾ മാഗ്ന വിഷൻ ടിവി യിൽ തത്സമയം സംപ്രഷണം ചെയ്യും. ആയിരത്തിഅഞ്ഞൂറിലധികം കുട്ടികളാണ് ഇന്ന് നടക്കുന്ന പ്രാക്ടീസ് ടെസ്റ്റിൽ പങ്കെടുക്കുക. വൈകുന്നേരം എട്ടുമണി മുതൽ കുട്ടികൾക്ക് പ്രാക്ടീസ് ടെസ്‌റ്റിൽ പങ്കെടുക്കാൻ സാധിക്കും . മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കുള്ള യൂസർ നൈമും പാസ്‌വേർഡും ഇതിനോടകം അയച്ചുകഴിഞ്ഞു . മത്സരത്തിൽ പങ്കെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അടങ്ങിയ യൂസർ മനുവേലും കുട്ടികൾക്ക് ഈമെയിലിനോടൊപ്പം അയച്ചിട്ടുണ്ട് . ഓൺലൈൻ മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഇനിയും പേര് രജിസ്റ്റർ ചെയ്യാൻ അവസരം . ജൂൺ 10 ആണ് പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി . ജൂൺ ആറാം തിയതിക്ക് മുൻപ് രജിസ്റ്റർ ചെയ്യുന്നവർക്ക് പത്തിന്  നടക്കുന്ന പ്രാക്ടീസ് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കും . ജൂൺ 13 മുതൽ ആദ്യ റൌണ്ട് മത്സരങ്ങൾ ആരംഭിക്കും . ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ ഓൺലൈൻ മത്സരത്തിന് ഇതിനോടകം ആയിരത്തിഅഞ്ഞൂറിലധികം കുട്ടികൾ രജിസ്റ്റർ ചെയ്തതായി രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ഡയറക്ടർ ജോർജ് എട്ടുപറ  അച്ചൻ അറിയിച്ചു. മൂന്ന് ഏജ് ഗ്രൂപ്പുകളായിട്ടാണ് മത്സരങ്ങൾ നടത്തുക . ഓരോ ഗ്രൂപ്പിലുമുള്ള കുട്ടികൾക്കുള്ള ബൈബിൾ ടോപിക്സ് രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട് . ജൂൺ 6 ന് ആരംഭിക്കുന്ന മത്സരങ്ങൾ ഓഗസ്റ്റ് 29 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീരകരിച്ചിരിക്കുന്നത് . നാല് ആഴ്ചകൾ നീളുന്ന ആദ്യ റൗണ്ടിൽ ആദ്യ ആഴ്ചത്തെ മത്സരങ്ങൾ ടെസ്റ്റ് പ്രാക്ടീസ് ആണ് . ജൂൺ 10 ന് ഒരു ടെസ്റ്റ് പ്രാക്ടിസിനുള്ള അവസരം കൂടി കുട്ടികൾക്ക് നൽകുന്നതായിരിക്കും .എല്ലാ ശനിയാഴ്ചകളിലുമായിരിക്കും മത്സരങ്ങൾ നടത്തുക . ആഗസ്റ്റ് 29 തിന് ഫൈനൽ മത്സരം നടത്തും . ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ ഇതിനായി പ്രവർത്തിക്കുന്നു . ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ഓൺലൈൻ ബൈബിൾ ക്വിസ് പി .ആർ. ഓ. ജിമ്മിച്ചൻ ജോർജ് അറിയിച്ചു   മത്സരത്തിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി ഈ wed site ക്ലിക്ക് ചെയ്യുക. http://smegbbiblekalotsavam.com/?page_id=595.  ഓൺലൈൻ ബൈബിൾ ക്വിസ് മത്സരത്തിന് പേര് നിർദേശ്ശിക്കാൻ അവസരം . ബൈബിൾ ബന്ധിതമായ സുറിയാനി ഭാഷയിലെ പേരുകളാണ് വേണ്ടത് .പേരുകൾ നിർദേശിക്കേണ്ട അവസാന തിയതി ജൂൺ 10 ന് ആയിരിക്കും.പങ്കെടുക്കുന്നവർ അവരുടെ മുഴുവൻ പേര് , മിഷൻ/ ഇടവക എന്നിവ കൃത്യമായി ചേർത്തിരിക്കണം . മത്സരത്തോടൊപ്പം നിങ്ങൾ തിരെഞ്ഞെടുത്ത പേരിന്റെ അർത്ഥം തിരഞ്ഞെടുക്കാനുള്ള കാരണം ബിബ്ലിക്കൽ പ്രസക്തി എന്നിവ ചുരുങ്ങിയ വാക്കുകളിൽ പ്രതിപാധിച്ചിരിക്കണം . കുട്ടികൾക്കും മുതിർന്നവർക്കും മത്സരത്തിൽ പങ്കെടുക്കാം . നിങ്ങളുടെ മത്സരങ്ങൾ bibleapostolate@csmegb.org എന്ന ഇമെയിലിൽ അയക്കുക ഈമെയിലിൽ സബ്ജെക്ട് csmegbonline Bible quiz എന്ന് ചേർത്തിരിക്കണം .
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ മതപഠനക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായി ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങൾ നടത്തുന്നു. കുട്ടികളുടെ ബൈബിൾ പഠനത്തെപ്രോത്സാഹിപ്പിക്കാനും വിശ്വാസത്തിൽഉറപ്പുള്ളവരാക്കുവാനും തങ്ങൾക്കു ലഭിച്ച അറിവിനെ പങ്കുവയ്ക്കാനുമുള്ള ഒരു വേദി കുട്ടികൾക്കായിതുറന്നിടുകയാണ് . രൂപത ബൈബിൾ അപ്പസ്റ്റോലറ്റിന്റെനേതൃത്വത്തിൽ നടത്തുന്ന ഈ ഓൺലൈൻ മത്സരംമൂന്നു എയ്ജ് ഗ്രൂപ്പുകളിലായിട്ട് മൂന്ന് റൗണ്ട് മത്സരങ്ങൾആണ് നടത്തപ്പെടുന്നത് . ജൂൺ 6 ന് ആരംഭിക്കുന്നമത്സരങ്ങൾ ഓഗസ്റ്റ് 29 ന് അവസാനിക്കുന്നരീതിയിലാണ് ക്രമീരകരിച്ചിരിക്കുന്നത് . നാല്ആഴ്ചകൾ നീളുന്ന ആദ്യ റൗണ്ടിൽ ആദ്യ ആഴ്ചത്തെമത്സരങ്ങൾ ടെസ്റ്റ് പ്രാക്ടീസ് ആണ് . ജൂൺ 10 ന്  ഒരുടെസ്റ്റ് പ്രാക്ടിസിനുള്ള അവസരം കൂടി കുട്ടികൾക്ക്നൽകുന്നതായിരിക്കും . ജൂൺ 13 ന് മുതൽമത്സരങ്ങൾ ആരംഭിക്കും . ജൂൺ 3 ന് മുമ്പ് രജിസ്‌ട്രേഷൻ നടത്തുന്നവർക്ക് ജൂൺ6 ലെ പ്രാക്ടീസ് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കും . ജൂൺ 7 ന് മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് 10 ന്നടത്തുന്ന പ്രാക്ടീസ് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കും. ജൂൺ 10 ന്  രജിസ്‌ട്രേഷൻ ക്ലോസ് ചെയ്യും .  എല്ലാ ശനിയാഴ്ചകളിലുമായി നടത്തപെടുന്ന മത്സരം 3  ഗ്രൂപ്പുകളിലായി വിവിധ സമയങ്ങളിലായിനടത്തപ്പെടും . എയ്ജ് ഗ്രൂപ്പ് 8 – 10 , വൈകുന്നേരം 8മണിക്കും   11 -13 ഗ്രൂപ്പിന് 8 .20 തിനും 14 -17 ഗ്രൂപ്പിന് 8 .40 നുംനടത്തും. ആദ്യ റൗണ്ട് മത്സരങ്ങൾ മൂന്ന് ആഴ്ചകളിലായിനടത്തുമ്പോൾ രണ്ടാം റൗണ്ട് മത്സരങ്ങൾ നാല്ആഴ്ചകളിലായും മൂന്നാം റൗണ്ട് മൽസരങ്ങൾ മൂന്ന്‌ ആഴ്ചകളിലുമായി നടത്തി ഓഗസ്റ്റ് 29 തിന് ഫൈനൽമത്സരം നടത്തും . അഭിവാദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെഅനുഗ്രഹത്തോടെ രൂപത ബൈബിൾ അപ്പസ്റ്റോലറ്റിന്റെനേതൃത്വത്തിൽ നടത്തുന്ന ഈ ബൈബിൾ ക്വിസ്     മത്സരങ്ങൾ ബഹുമാനപ്പെട്ട ജോർജ് എട്ടുപറ അച്ചന്റെനേതൃത്വത്തിൽ വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽനടത്തുന്നു.  മത്സരത്തിൽ പങ്കെടുക്കുന്നതിനുംകൂടുതൽ വിവരങ്ങൾക്കുമായി ഈ wed site
ഫാ. ടോമി എടാട്ട്, പിആർഒ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത പ്രെസ്റ്റൻ: അപ്രതീക്ഷിതമായെത്തിയ മഹാമാരിയിൽ ലോകം ഉഴലുമ്പോൾ അതീവജാഗ്രതയോടെ അതിനെ നേരിടുന്ന മുൻനിരപോരാളികളായ പ്രിയപ്പെട്ട നേഴ്‌സുമാർക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാകുടുംബത്തിന്റെ സ്നേഹാദരം. അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ നാല് വ്യത്യസ്ത വീഡിയോകളിൽ രൂപതാധ്യക്ഷനോടൊപ്പം  ആശംസകളുമായെത്തുന്നത് രൂപതയിലെ വൈദിൿരും വിമൻസ് ഫോറവും, സൺഡേസ്കൂൾ കുട്ടികളും ബ്രിട്ടനിൽ നിന്നുള്ള ഗായകരും. ജീവന്റെ ശുശ്രൂഷക്കു വിളിക്കപ്പെട്ടിരിക്കുന്ന നഴ്സുമാരുടെ വിലപ്പെട്ട പ്രവർത്തനങ്ങളെ ശ്ലാഖിച്ചുകൊണ്ടും അവർക്ക് ആശംസകളർപ്പിച്ചും അവർക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ടുമാണ് എല്ലാ വീഡിയോകളും പുറത്തിറക്കിയിരിക്കുന്നത്. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അനുഗ്രഹാശിസുകളോടെ ആരംഭിക്കുന്ന ആദ്യ വീഡിയോയിൽ  ലോകമെമ്പാടും ആതുര സേവന രംഗത്തു ജോലിചെയ്യുന്ന നഴ്‌സുമാർക്ക് അനുഗ്രഹങ്ങളും, പ്രാർത്ഥനകളും ആശംസകളും അർപ്പിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ എല്ലാ വൈദികരും എത്തുന്നു. വീഡിയോ ലിങ്കിന് ഇവിടെ ക്ലിക്ക് ചെയ്യുക: https://youtu.be/KT-4jUVILWs മറ്റൊരു വീഡിയോയിൽ രൂപതാ കുടുംബത്തിലെ മഹാഭൂരിപക്ഷം വരുന്ന നഴ്സുമാരുടെ പ്രതിനിധികളായി  രൂപതയിലെ വിമൻസ് ഫോറം എത്തുന്നു. വിമൻസ് ഫോറം ഡയറക്ടർ സിസ്റ്റർ കുസുമം എസ്.എച്ച് ന്റെ ആമുഖ പ്രാർത്ഥനയോടെ ആരംഭിക്കുന്ന സന്ദേശത്തിൽ ആശംസകൾ നേരുന്നത് രൂപതാ വിമൻസ് ഫോറത്തിന്റെ ഭാരവാഹികളും ദൈവവചനസന്ദേശവുമായി അഭിവന്ദ്യ പിതാവുമാണ്. വീഡിയോ ലിങ്കിന് ഇവിടെ ക്ലിക്ക് ചെയ്യുക: https://youtu.be/IOWsVBIEQnI നേഴ്‌സുമാർക്ക് അഭിനന്ദനവർഷവുമായി രൂപതാ മീഡിയ കമ്മീഷൻ ചെയർമാൻ ഫാ. ടോമി എടാട്ട് രചിച്ച് റവ. ഫാ. ജോസ് അഞ്ചാനിക്കൽ ഈണം നൽകിയ ആയിരം ദീപങ്ങൾ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വൈദികരും  സിസ്‌റ്റേഴ്സും ഉൾപ്പെടെ  ബ്രിട്ടനിൽ നിന്നുമുള്ള 48 ഗായകരാണ്. നൊമ്പരത്തിലും പുഞ്ചിരി സമ്മാനിക്കുന്ന ജീവന്റെ തോഴരായ ആതുരശുശ്രൂഷകരെയും അവരിൽ നിറയുന്ന ദൈവികസാന്നിദ്ധ്യത്തെയും അവരുടെ വീരോചിതമായ ജീവത്യാഗത്തെയും കുറിച്ചാണ് ശ്രുതിമധുരമായി ചിട്ടപ്പെടുത്തിയിരിക്കുന്ന  ഈ അഭിനന്ദനഗാനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോ ലിങ്കിന് ഇവിടെ ക്ലിക്ക് ചെയ്യുക: https://youtu.be/t5Q6nhdKC64 നഴ്സുമാരായ മാതാപിതാക്കൾക്കും ലോകം മുഴുവനുമുള്ള നേഴ്‌സുമാർക്കും ആശംസകൾ അർപ്പിച്ചുകൊണ്ട് രൂപതയിലെ എയ്‌ൽസ്‌ഫോർഡ് സെന്റ് പാദ്രെ പിയോ മിഷനിലെ സൺഡേസ്‌കൂൾ കുട്ടികൾ ഒത്തുചേർന്നപ്പോൾ, ഈ മഹാമാരിയുടെ നടുവിൽ രാപ്പകൽ ജോലിചെയ്യുന്ന നേഴ്‌സുമാർക്കുള്ള ആശ്വാസവചസുകളായി അത് മാറി. ഇംഗ്ലീഷ്, മലയാളം, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ, റഷ്യൻ, ജർമൻ, ലാറ്റിൻ തുടങ്ങിയ എട്ടു ഭാഷകളിലായി 50 കുട്ടികൾ ചേർന്നാണ് ഈ ആശംസാ വീഡിയോ സമർപ്പിച്ചിരിക്കുന്നത്. വീഡിയോ ലിങ്കിന് ഇവിടെ ക്ലിക്ക് ചെയ്യുക: https://youtu.be/eMR6p6YfLxQ നഴ്സുമാരുടെ അറിവ് , വൈദഗ്ധ്യം,  ശുശ്രൂഷ, പ്രാർത്ഥനാജീവിതം എന്നിവയെവിലമതിക്കുന്നതായും അവരുടെ ത്യാഗപൂർണ്ണമായ പ്രവർത്തികൾക്കുമുമ്പിൽ ശിരസ്സുനമിക്കുന്നതായും അഭിവന്ദ്യ പിതാവ് തന്റെ ആശംസാ സന്ദേശത്തിൽ പറഞ്ഞു.
show more