1 GBP = 103.87

കരിമഷി പ്രതിഷേധം: ഭാഗ്യലക്ഷ്മിക്കും മൂന്ന് പേര്‍ക്കുമെതിരെ കേസ്; വീട് കയറി ആക്രമിച്ചെന്ന് വിജയ് പി നായരുടെ പരാതി

കരിമഷി പ്രതിഷേധം: ഭാഗ്യലക്ഷ്മിക്കും മൂന്ന് പേര്‍ക്കുമെതിരെ കേസ്; വീട് കയറി ആക്രമിച്ചെന്ന് വിജയ് പി നായരുടെ പരാതി

നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്കെതിരെ പൊലീസ് കേസ്. സ്ത്രീകളെ അധിക്ഷേപിച്ച വീഡിയോ ചെയ്ത യുട്യൂബര്‍ക്ക് നേരെ കരിമഷി പ്രതിഷേധം നടത്തിയ സംഭവത്തേത്തുടര്‍ന്നാണ് നിയമനടപടി. അധിക്ഷേപ വീഡിയോ ചെയ്ത വിജയ് പി നായര്‍ ഭാഗ്യലക്ഷ്മിയ്ക്കും ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കുമെതിരെ പരാതി നല്‍കിയിരുന്നു. വീടു കയറി അക്രമിച്ച് മൊബൈല്‍, ലാപ്‌ടോപ്പ് എന്നിവ അപഹരിച്ചെന്നാണ് പരാതി. മൂവര്‍ക്കുമെതിരെ മോഷണക്കുറ്റം, ദേഹോദ്രപമേല്‍പ്പിക്കല്‍, അസഭ്യം പറയല്‍ എന്നീ വകുപ്പുകളും ചുമത്തും.

സ്ത്രീകളെ രൂക്ഷമായി അധിക്ഷേപിക്കുന്ന വീഡിയോ പ്രചരിപ്പിച്ച ഡോ. വിജയ് പി നായര്‍ എന്നയാളേക്കൊണ്ട് ഭാഗ്യലക്ഷ്മിയും സംഘവും ഫേസ്ബുക്ക് ലൈവില്‍ മാപ്പ് പറയിച്ചിരുന്നു. സംസ്ഥാനത്തെ നിയമസംവിധാനം കടമ നിര്‍വ്വഹിക്കാത്തതുകൊണ്ടാണ് തങ്ങള്‍ക്ക് ഇത് ചെയ്യേണ്ടിവന്നതെന്ന് ഭാഗ്യലക്ഷ്മിയും ദിയയും പ്രതികരിച്ചു. പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.

സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരായ സ്ത്രീകളെ കടുത്ത ഭാഷയില്‍ അധിക്ഷേപിക്കുന്ന യു ട്യൂബ് വീഡിയോ ഒരു മാസം മുമ്പാണ് വിജയ് പി നായര്‍ പോസ്റ്റ് ചെയ്തത്. വെട്രിക്സ് സീന്‍ എന്ന യുട്യൂബ് ചാനലിലെ വീഡിയോ രണ്ടര ലക്ഷം പേര്‍ കണ്ടു. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന വീഡിയോക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. വിജയ് പി നായരുടെ വീഡിയോകളെ പിന്തുണച്ചും ഒരു വിഭാഗമാളുകള്‍ രംഗത്തെത്തി. ‘കേരളത്തിലെ സ്ത്രീകളെ അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പരസ്യമായി മാപ്പ് പറയുകയാണെന്ന് വിജയ് പി നായര്‍’ പറഞ്ഞു. യുട്യൂബിലെ അധിക്ഷേപ വീഡിയോ നീക്കം ചെയ്യാമെന്നും ഇയാള്‍ ഉറപ്പുനല്‍കി.

വിജയ് പി നായര്‍ നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more