1 GBP = 104.04
breaking news

കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഗ്ലാസ്ഗോയിലെത്തി; ഉഷ്മളസ്വീകരണം നൽകി സ്രാമ്പിക്കൽ പിതാവും ഗ്രേറ്റ് ബ്രിട്ടൻ രൂപതയും…

കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഗ്ലാസ്ഗോയിലെത്തി; ഉഷ്മളസ്വീകരണം നൽകി സ്രാമ്പിക്കൽ പിതാവും ഗ്രേറ്റ് ബ്രിട്ടൻ രൂപതയും…
ഗ്ലാസ്‌ഗോ: പ്രവാസിമക്കളെ സന്ദർശിക്കാനും ആത്‌മീയ ജീവിതത്തിന്റെ പുതിയ പാഠങ്ങൾ പറഞ്ഞുതരാനുമായി സീറോ മലബാർ സഭാമക്കളുടെ വലിയപിതാവ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി രണ്ടാഴ്ച നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി യൂകെയിലെത്തി.  ഇന്നലെ വൈകിട്ട് ഏഴു മുപ്പതിനുള്ള എമിറേറ്റ്സ്  വിമാനത്തിലാണ് മാർ ആലഞ്ചേരി ഗ്ലാസ്‌ഗോ വിമാനത്താവളത്തിലെത്തിയത്. ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, സെക്രട്ടറി റെവ. ഫാ. ഫാൻസുവ പത്തിൽ, ഗ്ലാസ്‌ഗോ റീജിയണൽ കോ ഓർഡിനേറ്റർ റെവ. ഫാ. ജോസഫ് വെമ്പാടുംതറ വി. സി., റെവ. ഫാ. ജോസഫ് പിണക്കാട്ട്, റെവ. ഫാ. ബിനു കിഴക്കേഇളംതോട്ടം സി. എം. എഫ്., റെവ. ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പള്ളിൽ, കൈക്കാരൻമാർ, കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ ചേർന്ന് പൂച്ചെണ്ടുനൽകി സഭാതലവനെ  സ്വീകരിച്ചു.

ഹാമിൽട്ടണിൽ ഇന്നലെ രാത്രി വിശ്രമിച്ചശേഷം ഇന്ന് വൈകിട്ട് 6 മണിക്ക് അദ്ദേഹം അബർഡീനിൽ സെന്റ് മേരീസ് മിഷൻ സെന്റർ പ്രഖ്യാപിക്കുകയും വി. കുർബാനയ്ക്ക് മുഖ്യകാർമ്മികത്വം വഹിക്കുകയും ചെയ്യും. ഇന്ന് രാവിലെ മദർവെൽ രൂപത മെത്രാൻ ജോസഫ് എ. ട്രോളുമായും  ഉച്ചയ്ക്ക് ഡാൻഡി രൂപത മെത്രാൻ തോമസ് ഗ്രഹാം റോസുമായും കർദ്ദിനാൾ കൂടിക്കാഴ്ച നടത്തും. രണ്ടു വര്ഷം മുൻപ് നടന്ന രൂപതാസ്ഥാപനത്തിനും മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിനും ശേഷം ഇതാദ്യമായാണ് രണ്ടാഴ്ച നീളുന്ന സന്ദർശനത്തിനായി കർദ്ദിനാൾ ആലഞ്ചേരി യൂകെയിലെത്തുന്നത്.
വിവിധ സ്ഥലങ്ങളിൽ വി. കുര്ബാനകൾക്കും മിഷൻ സെന്ററുകൾ പ്രഖ്യാപിക്കുന്ന ചടങ്ങുകളിലും കുട്ടികളുടെ വർഷത്തിന്റെ സമാപനത്തിനും യൂവജന വർഷത്തിന്റെ ആരംഭത്തിനും സെഹിയോൻ മിനിസ്ട്രിസ് നേതൃത്വം നൽകുന്ന രണ്ടാം ശനിയാഴ്ച ശുശ്രുഷകൾക്കും മാർ ആലഞ്ചേരി ഈ ദിവസങ്ങളിൽ മുഖ്യകാർമ്മികത്വം വഹിക്കും. അതോടൊപ്പം, വിവിധ രൂപതകളിൽ മെത്രാന്മാരുടെ കൂടിക്കാഴ്ച നടത്താനും സമയം കണ്ടെത്തും. ഇന്ന് അബർദീനിലും നാളെ ഗ്ലാസ്‌ഗോ, എഡിൻബറോ, ഹാമിൽട്ടൺ എന്നിവിടങ്ങളിലും തിരുക്കർമ്മങ്ങളിൽ മാർ ആലഞ്ചേരി മുഖ്യകാർമ്മികനായിരിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more