1 GBP = 104.01

കോവിഡ്: വിദ്യാർത്ഥികൾക്ക് സർവ്വകലാശാലയിൽ നിന്ന് പണം തിരിച്ച് കിട്ടുമോ?

കോവിഡ്: വിദ്യാർത്ഥികൾക്ക് സർവ്വകലാശാലയിൽ നിന്ന് പണം തിരിച്ച് കിട്ടുമോ?

സുരേന്ദ്രൻ ആരക്കോട്ട്
(യുക്മ ന്യൂസ് എഡിറ്റർ)

20 ദശലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് സർവകലാശാലാ വർഷം ആരംഭിക്കുകയായി. ഇതിൽ പലരും യുകെയിൽ പുതിയ ആളുകളുമായി താമസിക്കുവാൻ പോകുകയാണ്.

എന്നാൽ 40 ഓളം സർവകലാശാലകളിലെ കൊറോണ വൈറസ് കേസുകൾ ഇതിനകം തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . ഇതിനർത്ഥം ആയിരക്കണക്കിന് വിദ്യാർഥികൾ ഇതിനകം തന്നെ സ്വയം ഒറ്റപ്പെട്ടു കഴിയേണ്ടി വന്നിട്ടുണ്ട് – അവർക്ക് ക്ലാസ്സുകളിൽ പങ്കെടുക്കാനോ സാമൂഹിക സൗഹൃദങ്ങളിൽ പങ്കെടുക്കാനോ കഴിയുന്നില്ല.

ഈ വര്ഷം വ്യക്തിഗതവും ഓൺലൈൻ അദ്ധ്യാപനവും സമന്വയിപ്പിച്ച് മിക്ക സർവകലാശാലകളും പുതിയ അധ്യയന വർഷത്തിലേക്ക് കടന്നു. എന്നാൽ ചില സർവകലാശാലകൾ – ഉദാഹരണത്തിന്, അബെറിസ്റ്റ്വിത്ത് – ഇപ്പോൾ വ്യക്തിഗത അധ്യാപനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു.

ഇത്തരം സാഹചര്യങ്ങളിൽ വിദ്യാർത്ഥികൾക്കുണ്ടായേക്കാവുന്ന സംശയങ്ങൾ ദുരീകരിക്കാൻ ശ്രമിക്കുകയാണിവിടെ:

എന്റെ യൂണിവേഴ്സിറ്റി വ്യക്തിഗത അധ്യാപനം നിർത്തിവെച്ചാൽ എനിക്ക് ഫീസ് തിരികെ ലഭിക്കുമോ?

സർവ്വകലാശാലകൾ വ്യക്തിഗത അദ്ധ്യാപനം ലഭ്യമാക്കുന്നില്ലെങ്കിലും, നിങ്ങളുടെ കോഴ്‌സ് ഓൺലൈനിൽ പ്രാപ്യമാണെങ്കിൽ നിങ്ങൾക്ക് പണം തിരികെ ലഭിക്കാൻ സാധ്യതയല്ല.

മതിയായ ഓൺലൈൻ പഠനം ലഭിക്കുന്നുണ്ടെങ്കിൽ വിദ്യാർത്ഥികൾക്ക് റീഫണ്ട് പ്രതീക്ഷിക്കരുതെന്ന് സർക്കാർ സൂചിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, ചില എം‌.പിമാർ വിദ്യാർത്ഥികൾക്ക് ഇത്തരം സാഹചര്യങ്ങളിൽ ഫീസിൽ ഇളവ് നല്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പഠന നിലവാരത്തെ സാരമായി ബാധിച്ചാൽ പണം തിരികെ നൽകണമെന്ന് നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡന്റ്സ് ആവശ്യപ്പെടുന്നു.

മറ്റെന്തെങ്കിലും സാഹചര്യങ്ങളിൽ ഫീസ് തിരിച്ചു കിട്ടാൻ സാധ്യതയുണ്ടോ?

വിദ്യാർത്ഥികൾക്ക് ഓൺലൈൻ ട്യൂഷൻ ലഭിക്കുന്നുണ്ടാകാം, പക്ഷേ യൂണിവേഴ്സിറ്റികളിലെ മറ്റ് സൗകര്യങ്ങൾ ഉപയോഗിക്കാൻ വിദ്യാർത്ഥികൾക്ക് അവകാശമുണ്ട്.

“അവർക്ക് ലൈബ്രറികളിലേക്കും ഗവേഷണ സ്ഥാപനങ്ങളിലേക്കും പ്രവേശനമില്ലെങ്കിൽ, യൂണിവേഴ്സിറ്റിയും വിദ്യാർത്ഥിയും തമ്മിലുള്ള കരാർ ലംഘിച്ചതിന് വിദ്യാർത്ഥികൾക്ക് അവകാശവാദം ഉന്നയിക്കാവുന്നതാണ്‌”, ലീ ഡേ സോളിസിറ്റേഴ്സിലെ ഉപഭോക്തൃ നിയമ മേധാവി ബോസ് മൈക്കലോവ്സ്ക-ഹൊവെൽസ് പറയുന്നു. “സൗകര്യങ്ങൾ നൽകാത്തതിലൂടെയോ സർക്കാർ പദ്ധതികൾ നടപ്പാക്കാതെയോ സർവ്വകലാശാലകൾ ലാഭിക്കുന്ന പണം ഫീസ് ഇളവുകളായി വിദ്യാർത്ഥികൾക്ക് കൈമാറേണ്ടതാണ്”, അവർ കൂട്ടിച്ചേർത്തു.

മാനദണ്ഡങ്ങൾ പരിരക്ഷിക്കുന്നതിന് സർവകലാശാലകൾ ന്യായമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് വിശ്വസിക്കുന്നുവെങ്കിൽ ഹയർ എഡ്യൂക്കേഷൻ റെഗുലേറ്റർ ഓഫീസ് ഫോർ സ്റ്റുഡന്റ്സ് (ഒഎഫ്എസ്) അന്വേഷിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് പറയുന്നു.

യൂണിവേഴ്സിറ്റി ക്യാമ്പസിൽ താമസിക്കുന്നവരും ഹ്രസ്വമായ അറിയിപ്പിനെ തുടർന്ന് സ്വയം ഒറ്റപ്പെടേണ്ടി വന്നവർക്കും അധിക സഹായത്തിന് അർഹത ഉണ്ടായിരിക്കും.

ഉദാഹരണത്തിന്, ഈ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റി ഭക്ഷണം, അവശ്യവസ്തുക്കൾ, സാമ്പത്തിക സഹായം എന്നിവ നൽകുന്നു. ഗ്ലാസ്ഗോ യൂണിവേഴ്സിറ്റി എല്ലാ വിദ്യാർത്ഥികൾക്കും അവരുടെ താമസസ്ഥലത്ത് ഒരു മാസത്തെ വാടക റീഫണ്ടും ഭക്ഷണത്തിന് 50 പൗണ്ടും നൽകുന്നു.

ക്യാമ്പസ് താമസസ്ഥലം വിടുന്നതിൽ നിന്ന് എന്നെ തടയാനാകുമോ?

നിങ്ങളുടെ താമസസ്ഥലത്ത് ആരെങ്കിലും കൊറോണ വൈറസ് ലക്ഷണങ്ങൾ പ്രദർശിപ്പിക്കുകയാണെങ്കിൽ – ഒരു പുതിയ, തുടർച്ചയായ ചുമ, പനി അല്ലെങ്കിൽ രുചി അല്ലെങ്കിൽ മണം നഷ്ടപ്പെടൽ – നിങ്ങൾ ഉടനടി സ്വയം ഒറ്റപ്പെടണം.

നിങ്ങളുടെ താമസസ്ഥലത്തെ മറ്റുള്ളവരും 14 ദിവസത്തേക്ക് സ്വയം ഒറ്റപ്പെടണം. അല്ലാത്തപക്ഷം 10,000 പൗണ്ട് വരെ പിഴ അടക്കേണ്ടി വന്നേക്കാം.

ഇത്തരം സാഹചര്യങ്ങളിൽ ‘മുഴുവൻ ഗാർഹിക ഒറ്റപ്പെടൽ’ എന്താണ് അർത്ഥമാക്കുന്നത് എന്ന് മനസ്സിലാക്കാൻ സർവകലാശാലകൾ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടുമായി പ്രവർത്തിക്കണമെന്ന് സർക്കാർ മാർഗ്ഗനിർദ്ദേശം പറയുന്നു. സാധാരണയായി ‘ഒരേ ഫ്ലാറ്റിലോ ഒരേ നിലയിലോ താമസിക്കുന്ന വിദ്യാർത്ഥികൾ – പാചകം അല്ലെങ്കിൽ വാഷിംഗ് സൗകര്യങ്ങൾ പങ്കിടുന്നവർ’ ഈ നിർവചനത്തിൽ ഉൾപ്പെടുമെന്ന് പറയുന്നു.

മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ യൂണിവേഴ്‌സിറ്റിയിൽ 120 ൽ കൂടുതൽ വിദ്യാർഥികൾ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് രണ്ട് താമസ ബ്ലോക്കുകളിലായി 1,700 വിദ്യാർത്ഥികളോട് സ്വയം ഒറ്റപ്പെടുവാൻ ആവശ്യപ്പെടുകയുണ്ടായി. രോഗ മുക്തി നേടിയ ചിലരെ സെക്യൂരിറ്റി ഗാർഡുകൾ തങ്ങളുടെ ഹാളുകൾ വിടുന്നത് തടഞ്ഞുവെന്ന് ചിലർ അവകാശപ്പെട്ടു – അവരുടെ സ്വയം ഒറ്റപ്പെടൽ കാലാവധി കഴിഞ്ഞതിനുശേഷം പോലും!

വിദ്യാർത്ഥികൾ പോകുന്നത് തടയാൻ സർവകലാശാലയ്ക്ക് അധികാരമില്ലെന്ന് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പിന്നീട് പറഞ്ഞു. എന്നാൽ, സർക്കാരും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടും ഇറക്കിയിട്ടുള്ള സ്വയം ഒറ്റപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.

എനിക്ക് ക്രിസ്മസിന് വീട്ടിലേക്ക് പോകാൻ കഴിയുമോ?

ക്രിസ്മസ് ഉൾപ്പെടെയുള്ള അവസരങ്ങളിൽ പോലും വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങുന്നത് സർവ്വകലാശാലകൾ തടയുമെന്ന ആശങ്ക ഇതിനകം ഉയർന്ന് വന്നിട്ടുണ്ട്.

അങ്ങനെ ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ എം.‌പിമാരോട് പറഞ്ഞു. എന്നാൽ ഇംഗ്ലണ്ടിലെ ചില വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് സ്വയം ഒറ്റപ്പെടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിനു മുന്നോടിയായി വ്യക്തിഗതമായ അധ്യാപനം ഈ സെമസ്റ്റർ അവസാനിക്കുന്നതിനുമുമ്പ് പൂർത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്കോട്ലൻഡിൽ യൂണിവേഴ്സിറ്റി താമസത്തിൽ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ നാട്ടിലേക്ക് മടങ്ങാൻ അനുവാദമുണ്ട്. ക്രിസ്മസിന് വിദ്യാർത്ഥികൾക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയുമെന്ന് ഉറപ്പാക്കേണ്ടത് തങ്ങളുടെ പ്രധാന പരിഗണനയായിരിക്കുമെന്ന് സ്കോട്ലൻഡിലെ പ്രഥമ മന്ത്രി നിക്കോള സ്റ്റർജിയൻ പ്രസ്താവിച്ചു.

എന്റെ സർവ്വകലാശാല പ്രാദേശിക അടച്ചുപൂട്ടലിൽ കുടുങ്ങിയാലോ?

നിങ്ങളുടെ സർവകലാശാല പ്രാദേശിക കോവിഡ് നിയമങ്ങൾ പ്രഖ്യാപിച്ച പ്രദേശത്താണെങ്കിൽ, നിങ്ങളുടെ യാത്ര നിയന്ത്രിക്കപ്പെട്ടക്കാം.

ഇംഗ്ലണ്ടിലെ സർക്കാർ മാർഗ്ഗനിർദ്ദേശം അനുസരിച്ച്, ‘ഒരു പ്രാദേശിക പ്രദേശത്ത് പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുകയോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്താൽ വിദ്യാർത്ഥികൾ അവരുടെ യൂണിവേഴ്സിറ്റി താമസസ്ഥലം വിട്ട് വീട്ടിലേക്ക് പോകരുത്’ എന്നാണ്. എന്നിരുന്നാലും, ഇത് നിയമപരമായി നടപ്പിലാക്കാൻ കഴിയില്ല. കൂടാതെ സ്കോട്ട്ലൻഡിൽ, വിദ്യാർത്ഥികൾക്ക് ‘ന്യായമായ കാരണങ്ങൾ’ ഉണ്ടെങ്കിൽ അവർക്ക് ദീർഘകാലാടിസ്ഥാനത്തിൽ നാട്ടിലേക്ക് മടങ്ങാൻ കഴിയുമാറ് മാർഗ്ഗനിർദ്ദേശങ്ങളിൽ ഈയിടെ മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. (മാനസിക ക്ഷേമവുമായി ബന്ധപ്പെട്ടതോ അല്ലെങ്കിൽ ശവസംസ്കാര ചടങ്ങുകളോ ദുഃഖാചരണവുമായി ബന്ധപ്പെട്ടതോ ആയ കാര്യങ്ങൾ മാത്രമാണ് ‘ന്യായമായ കാരണങ്ങൾ’ എന്നാണറിവ്).

എല്ലാ അടച്ചു പൂട്ടൽ മേഖലകളിലും ഒരേ നിയന്ത്രണങ്ങളല്ല നിലവിലുള്ളത്. ഉദാഹരണത്തിന്, ലെസ്റ്റെറിലും ഓൾഡ്‌ഹാമിലും ആളുകൾക്ക് പ്രദേശത്തും പുറത്തും യാത്ര ചെയ്യാൻ അനുമതിയുണ്ട്. പ്രാദേശിക ലോക്ക്ഡൗണിന് കീഴിലുള്ള വെയിൽസിലെ ചില ഭാഗങ്ങളിൽ, അകത്തും പുറത്തും ഉള്ള ഏതൊരു യാത്രയ്ക്കും ‘ന്യായമായ കാരണങ്ങൾ’ കാണിക്കേണ്ടത് അനിവാര്യമാണ്.

ആരൊക്കെയായി ഇടപഴകാൻ എനിക്ക് അനുവാദമുണ്ട്?

സ്കോട്ട്ലൻഡിലെ വിദ്യാർത്ഥികൾക്ക് അവരുടെ വീടിന് പുറത്ത് സാമൂഹികമായി ഇടപഴകാൻ അനുവാദമില്ല. വാരാന്ത്യത്തിൽ പബ്ബുകളിലോ ബാറുകളിലോ റെസ്റ്റോറന്റുകളിലോ പോകരുതെന്നും അവരോട് ആവശ്യപ്പെട്ടിരിക്കയാണ്.

എന്നാൽ ഇംഗ്ലണ്ടിൽ പ്രാദേശിക ലോക്ക്ഡൌൺ പ്രഖ്യാപിച്ചിട്ടില്ലാത്ത പ്രദേശങ്ങളിൽ ആറ് വരെ ആൾക്കാർ ഉൾപ്പെടുന്ന ഗ്രൂപ്പുകളെ സാമൂഹികമായി ഇടപഴകാൻ അനുവദിച്ചിരിക്കുന്നു.

യൂണിവേഴ്സിറ്റിയിൽ, ഒരു കുടുംബം എന്ന് പറയുന്നത് ഒരേ അടുക്കളയും കുളിമുറിയും പങ്കിടുന്ന ആളുകളെ ആയിരിക്കും. ഒരേ ബ്ലോക്കിൽ‌ ഉള്ള എല്ലാവരും ഇതിൽ ഉൾ‌പ്പെടുന്നില്ല.

വടക്കൻ അയർലണ്ടിലെ സാമൂഹിക ഇടപഴകൽ നിയമങ്ങൾ അതീവ കർശനമാണ്.

വെയിൽസിൽ വിവിധ വീടുകളിൽ നിന്നുള്ള 30 പേർക്ക് പുറത്ത് വച്ച് ഒത്തു ചേരലാകാം. പ്രാദേശിക നിയന്ത്രണങ്ങളുള്ള പ്രദേശങ്ങൾക്ക് വ്യത്യസ്ത നിയമങ്ങളുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more