1 GBP = 104.04

കലാലയ രാഷ്ട്രീയം സംരക്ഷിക്കാൻ : വരുന്നു, പുതിയ നിയമം

കലാലയ രാഷ്ട്രീയം സംരക്ഷിക്കാൻ : വരുന്നു, പുതിയ നിയമം

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി ഉത്തരവ് മറികടക്കാൻ നിയമനിർമ്മാണം നടത്താനുള്ള സാദ്ധ്യത സർക്കാർ പരിശോധിക്കുന്നു. ഏതെങ്കിലും സംസ്ഥാനങ്ങളിൽ കോളേജ് രാഷ്ട്രീയം നിയമവിധേയമാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ നിയമവകുപ്പിന് സർക്കാർ നിർദ്ദേശം നൽകി. നിയമ നിർമാണത്തിന് കരട് തയ്യാറാക്കാൻ വിദ്യാഭ്യാസ വകുപ്പിനും നിർദേശമുണ്ട്. വിദ്യാഭ്യാസവകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓർഡിനൻസ് തയ്യാറാക്കാനാണ് നിയമവകുപ്പ് ഒരുങ്ങുന്നത്. വിദ്യാഭ്യാസവകുപ്പ് നിർദ്ദേശങ്ങൾ നൽകിയാൽ മൂന്നുദിവസം കൊണ്ട് ഓർഡിനൻസ് തയ്യാറാക്കാനാവുമെന്ന് നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് പറഞ്ഞു.

അഞ്ച് കോളേജുകൾ അടിച്ചുപൊളിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഗസ്റ്റിൽ സ്വാശ്രയ മാനേജ്മെന്റുകൾ നൽകിയ കേസിൽ ഹൈക്കോടതി സർക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. ഈ കേസിൽ കോളേജുകളിലെ രാഷ്ട്രീയം അനിവാര്യമാണെന്ന സർക്കാരിന്റെ സത്യവാങ്മൂലം ഹൈക്കോടതി സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എം.ഇ.എസ്, മാന്നാനം കെ.ഇ കോളേജുകളിലെ കേസുകളിൽ പ്രതികൂലമായി കടുത്ത പരാമർശമുണ്ടായത്. കലാലയ രാഷ്ട്രീയം നിരോധിച്ച ഉത്തരവ് 14വർഷമായി നിലനിൽക്കുന്നുണ്ട്. സുപ്രീംകോടതിയിൽ അപ്പീൽ നൽകിയാലും അനുകൂല ഉത്തരവുണ്ടാകുമോയെന്ന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് കലാലയ രാഷ്ട്രീയം നിയമവിധേയമാക്കി ജനുവരിയിലെ നിയമസഭാ സമ്മേളനത്തിൽ ഓർഡിനൻസ് കൊണ്ടുവരാനുള്ള നീക്കം.

നിയമം പാസാക്കിയാൽ കലാലയ രാഷ്ട്രീയത്തെ നിയമപരമായി എതിർക്കാൻ കോടതിക്ക് കഴിയില്ല. കാമ്പസിലെ അക്രമവും പഠനം മുടങ്ങുന്നതും ഒഴിവാക്കി കലാലയങ്ങളിൽ വിദ്യാർത്ഥികളുടെ രാഷ്ട്രീയപ്രവർത്തനം അനുവദിക്കാമെന്ന നിലപാടാണ് നിയമവകുപ്പിന്. കലാലയരാഷ്ട്രീയ നിരോധനം നടപ്പാക്കാത്തതിന് പൊലീസിനെതിരെ പൊന്നാനി എം.ഇ.എസ്, മാന്നാനം കെ.ഇ കോളേജുകളുടെ കോടതിയലക്ഷ്യ കേസാണ് ഇപ്പോൾ ഹൈക്കോടതിയിലുള്ളത്. ഈ കേസിലെ പ്രതികൂല ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നതിനുള്ള നടപടികൾക്ക് അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കലാലയരാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി ഉത്തരവ് യുക്തിരഹിതമായ അഭിപ്രായപ്രകടനമാണെന്നും ഉത്തരവ് മറികടക്കാൻ നിയമനിർമ്മാണം അനിവാര്യമാണെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്‌ണൻ വ്യക്തമാക്കിയിരുന്നു. വിദ്യാർത്ഥികൾക്ക് സംഘടനാ സ്വാതന്ത്ര്യവും പ്രതിഷേധ മാർഗങ്ങളും നിഷേധിക്കുന്നത് ജുഡിഷ്യൽ ആക്ടിവിസമാണെന്നും പരമമായ അധികാരം നിയമസഭയ്ക്കാണെന്നുമുള്ള സ്പീക്കറുടെ പരാമർശം കൂടി കണക്കിലെടുത്താണ് നിയമനിർമ്മാണത്തിന് സർക്കാർ ഒരുങ്ങുന്നത്. കലാലയ രാഷ്ട്രീയം അനിവാര്യമാണെന്നാണ് പ്രതിപക്ഷത്തിന്റെയും അഭിപ്രായം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more