1 GBP = 104.08

ബസ് ചാർജ് കൂട്ടി, മിനിമം എട്ട് രൂപ, സമരം തുടരുമെന്ന്

ബസ് ചാർജ് കൂട്ടി, മിനിമം എട്ട് രൂപ, സമരം തുടരുമെന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വർദ്ധിപ്പിച്ചു. ഇത് സംബന്ധിച്ച് ഇടതുമുന്നണി യോഗത്തിന്റെ ശുപാർശ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. ഇതോടെ മിനിമം ബസ് നിരക്ക് ഏഴിൽ നിന്ന് എട്ടു രൂപയാവും. ഫാസ്റ്റ് പാസഞ്ചറുകളുടെ നിരക്ക് 10ൽ നിന്ന് 11 രൂപയായും ഉയരും. അതേസമയം,​ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റമുണ്ടാവില്ല.
പുതുക്കിയ നിരക്കുകൾ പ്രകാരം 64 പൈസയായിരുന്ന കിലോമീറ്റർ നിരക്ക് 70 പൈസയായി വർദ്ധിക്കും. ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസ് ചാർജ് ഏഴിൽനിന്ന് എട്ട് രൂപയാകും. ഫാസ്റ്റ് പാസഞ്ചർ നിരക്ക് പത്തിൽനിന്ന് പതിനൊന്നും എക്സിക്യുട്ടീവ്, സൂപ്പർ എക്സ്പ്രസ് നിരക്ക് 13ൽനിന്ന് 15 രൂപയായും ഉയരും. സൂപ്പർ ഡീലക്‌സ് നിരക്ക് 22 രൂപ, ഹൈടെക് ലക്ഷ്വറി എ.സി 44 രൂപ, വോൾവോ 45 രൂപ എന്ന നിരക്കിലുമായിരിക്കും വർദ്ധനവ്.

പ്രൈവറ്റ് ബസ് ഉടമകൾ നേരത്തെ സമരം പ്രഖ്യാപിച്ചതിനെ തുടർന്നാണ് ബസ് ചാർജ് കൂട്ടാൻ സർക്കാർ നിർബന്ധിതമായത്. ബസ് നിരക്ക് കൂട്ടാതെ തരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇടതു മുന്നണി യോഗത്തിൽ പറഞ്ഞിരുന്നു. തുടർന്നാണ് സാധാരണക്കാർക്ക് അധികഭാരമുണ്ടാവാതെ നിരക്ക് വർദ്ധന നടപ്പാക്കാൻ യോഗം സർക്കാരിനോട് നിർദ്ദേശിച്ചത്. മിനിമം ബസ് ചാർജ് ഏഴിൽ നിന്ന് എട്ടാക്കി ഉയർത്താൻ ജസ്റ്റിസ് രാമചന്ദ്രൻ സമിതി സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു.

2014 മേയ് 20നാണ് ഒടുവിൽ ബസ് യാത്രാ നിരക്ക് വർദ്ധിപ്പിച്ചത്. ഡീസൽ വില കുതിച്ചുയർന്നതിനാൽ ചാർജ് വർദ്ധന അനിവാര്യമാണെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്. 2011ലാണ് വിദ്യാർ‌ത്ഥികളുടെ മിനിമം ചാർജ് 50 പൈസയിൽ നിന്ന് ഒരു രൂപയാക്കിയത്.

അതേസമയം, സർക്കാർ പ്രഖ്യാപിച്ച ചാർജ് വർദ്ധന അപര്യാപ്‌തമാണെന്ന് ബസുടമകളുടെ സംഘടന പ്രതികരിച്ചു. നിലവിലെ വിലക്കയറ്റവും ജീവനക്കാരുടെ കൂലിയും കണക്കിലെടുക്കുമ്പോൾ സർക്കാർ പ്രഖ്യാപിച്ച നിരക്ക് വർദ്ധന ബസുടമകൾക്ക് ഉപയോഗം ചെയ്യില്ല. അതിനാൽ മിനിമം ചാർജ് 10 രൂപയാക്കി വർദ്ധിക്കണം. അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ സമരം തുടരുമെന്നും ബസ് കോർഡിനേഷൻ കമ്മിറ്റി പ്രതികരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more