1 GBP = 103.33
breaking news

കേരളപിറവി ദിനത്തിൽ മെഗാ ലൈവ് ഷോയുമായി യുക്മ; നൂപുരധ്വനി ഉയർത്തി ലാസ്യ-ഭാവ-താള-ലയങ്ങളൊരുക്കുന്നത് ബ്രിട്ടണിലെ പ്രമുഖ മലയാളി നർത്തകർ……

കേരളപിറവി ദിനത്തിൽ മെഗാ ലൈവ് ഷോയുമായി യുക്മ; നൂപുരധ്വനി ഉയർത്തി ലാസ്യ-ഭാവ-താള-ലയങ്ങളൊരുക്കുന്നത് ബ്രിട്ടണിലെ പ്രമുഖ മലയാളി നർത്തകർ……

കുര്യൻ ജോർജ്ജ്

(യുക്മ ദേശീയ സമിതി അംഗം)


കേരളപിറവി ദിനാഘോഷത്തിന് യുക്മ അണിയിച്ചൊരുക്കുന്ന മെഗാ ലൈവ് ഷോയ്ക്ക് മാറ്റ് കൂട്ടുവാനെത്തുന്നത് ബ്രിട്ടണിലെ അതിപ്രശസ്തരായ ഒരു കൂട്ടം നർത്തകരാണ്.  2019 യുക്മ ദേശീയ കലാമേളയിലെ കലാപ്രതിഭ ടോണി അലോഷ്യസ്, 2019 യുക്മ ദേശീയ കലാമേളയിലെ കലാതിലകം ദേവനന്ദ ബിബിരാജ്, അമൃത ജയകൃഷ്ണൻ, ബ്രീസ് ജോർജ്ജ്, സ്റ്റെഫി ശ്രാമ്പിക്കൽ, സബിത ചന്ദ്രൻ, പൂജ മധുമോഹൻ എന്നീ അനുഗ്രഹീത നർത്തകരാണ് നവംബർ ഒന്നിലെ ലൈവ് ഷോയിൽ അരങ്ങുണർത്താൻ എത്തുന്നത്.

 
യുക്മ വേദികളിലെ സ്ഥിര സാന്നിദ്ധ്യമായ ടോണി അലോഷ്യസ് യു കെ മലയാളികൾക്ക് സുപരിചിതനായ നർത്തകനാണ്. 10-ാമത് യുക്മ  ദേശീയ കലാമേളയിലെ കലാപ്രതിഭയായ ടോണി യു കെ യിൽ നൂറ് കണക്കിന് വേദികളിൽ തന്റെ നൃത്ത വൈഭവം തെളിയിച്ചിട്ടുണ്ട്. 2019 ൽ ടീൻ സ്റ്റാർ ഡാൻസ് വിഭാഗത്തിൽ ലണ്ടൻ ഏരിയ ഫൈനലിസ്റ്റായിരുന്നു ടോണി. എൻഫീൽഡിൽ വെച്ച് നടന്ന യുക്മ ആദരസന്ധ്യയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു ടോണിയുടെ നൃത്തം. നൃത്തത്തോടൊപ്പം പിയാനോയിലും ഡ്രംസിലും പരിശീലനം തുടരുന്ന ടോണി, ഈസ്റ്റ് ആംഗ്ളിയയിലെ ലൂട്ടണിലാണ് താമസിക്കുന്നത്.


2019 ലെ പത്താമത് യുക്മ ദേശീയ കലാമേളയിലെ കലാതിലകമായ ദേവനന്ദ ബിബിരാജ് എന്ന കൊച്ചു മിടുക്കി യു കെ മലയാളികൾക്ക് സുപരിചിതയാണ്. നോർത്ത് ലണ്ടനിലെ എൻഫീൽഡിൽ താമസിക്കുന്ന ബിബിൻ രാജിന്റേയും ദീപ്തിയുടേയും മകളായ ദേവനന്ദ തന്റെ നാലാമത്തെ വയസ്സ് മുതൽ യുകെയിലെ പ്രശസ്തയായ ഒരു ഗുരുവിൽ നിന്നും നൃത്തം അഭ്യസിച്ച് തുടങ്ങി. സംഗീതത്തിലും അഭിരുചിയുള്ള ദേവനന്ദ തന്റെ മാതാവിൽ നിന്ന് തന്നെയാണ് സംഗീതം പഠിക്കുന്നത്. 2017 മുതൽ യുക്മ റീജിയണൽ, നാഷണൽ കലാമേളകളിലും സ്പോർട്സിലും സ്ഥിരം സമ്മാനാർഹയായ ദേവനന്ദ എൻഫീൽഡിൽ വെച്ച് നടന്ന യുക്മ ആദരസന്ധ്യയിൽ കാണികളുടെ സ്നേഹാദരവുകൾ ഏറ്റ് വാങ്ങി.


മഹാകവി പ്രൊഫ. ഓ എൻ വി കുറുപ്പിന്റെ കൊച്ചുമകൾ ആമി എന്ന് വിളിപ്പേരുള്ള അമൃത ജയകൃഷ്ണൻ ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം എന്നീ നൃത്ത ഇനങ്ങളിൽ യൂറോപ്പിലെമ്പാടും ഏറെ പ്രശസ്തയാണ്. അതി പ്രഗത്ഭരായ ഗുരുക്കൻമാരിൽ നിന്നും നന്നേ ചെറുപ്പം മുതൽ നൃത്തം അഭ്യസിച്ച് തുടങ്ങിയ ആമി നല്ലൊരു നൃത്ത സംവിധായികയും കൂടിയാണ്. ലണ്ടനിൽ താമസക്കാരിയായ ആമി “പാദ പ്രതിഷ്ഠ” എന്ന പേരിൽ അവതരിപ്പിച്ച കുച്ചിപ്പുഡി നൃത്തം 2019 ലെ സൂര്യ ഫെസ്റ്റിവലിൽ ഏറെ പ്രശംസകൾ നേടിയിരുന്നു. 2019 ലെ ‘നാട്യ കൌസ്തുഭം’ അവാർഡ് ജേതാവായ ആമി 2016 മുതൽ  മായാലോക പ്രൊഡക്ഷൻസ് എന്ന പെർഫോമിംഗ് ഗ്രൂപ്പ് രൂപീകരിച്ച് യൂറോപ്പിലുടനീളം നൃത്ത പരിപാടികൾ അവതരിപ്പിച്ച് വരുന്നു. 2019 മുതൽ അറുപതിലധികം ഭരതനാട്യം നർത്തകർ ആഴ്ച തോറും ഒത്ത് ചേരുന്ന ‘ലണ്ടൻ അടവ്’ എന്ന നൃത്ത പരിശീലനവും  ആമിയുടെ നേതൃത്വത്തിൽ നടന്ന് വരുന്നു.

യുകെയിലെ നൃത്തവേദികൾക്ക് ഏറെ സുപരിചിതയാണ് ന്യൂ കാസിലിൽ നിന്നുള്ള ബ്രീസ് ജോർജ്ജ്. ഗുരു ബാബു ഭരതാഞ്ജലി, ഗുരു കലൈമാമണി ശ്രീമതി. ചാമുണ്ഡേശ്വരി പാണി എന്നിവരിൽ നിന്നും തന്റെ നാലാമത്തെ വയസ്സ് മുതൽ ഭരതനാട്യം അഭ്യസിച്ച് തുടങ്ങിയ ബ്രീസ്, യശശ്ശരീരനായ മഹാകവി പ്രൊഫ. ഓ എൻ വി കുറുപ്പിന്റെ മകൾ മായാദേവി കുറുപ്പിൽ നിന്നും മോഹിനിയാട്ടവും പരിശീലിച്ചു. ജസ്റ്റ് ബോളിവുഡ് നാഷണൽ യൂണിവേഴ്സിറ്റി ഡാൻസ് കോമ്പറ്റീഷനിൽ ബെസ്റ്റ് ഫീമെയിൽ ഡാൻസറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ബ്രീസ് 2015 ലെ BBC യംഗ് ഡാൻസർ ഷോയിലും പങ്കെടുത്തിട്ടുണ്ട്. യു.കെ മലയാളികൾക്ക് സുപരിചിതയായ ബ്രീസ് കഴിഞ്ഞ 12 വർഷമായി കുട്ടികൾക്ക് ഭരതന്യാട്യത്തിലും ബോളിവുഡ് ഡാൻസിലും പരിശീലനം നൽകി വരുന്നു.

ഓസ്ട്രിയയിലെ വിയന്നയിൽ താമസക്കാരിയാണെങ്കിലും യുകെയിലെ കലാ സാംസ്കാരിക കൂട്ടായ്മകളിലെ നർത്തന സാന്നിദ്ധ്യമാണ് സ്റ്റെഫി ശ്രാമ്പിക്കൽ. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി എന്നീ നൃത്ത ഇനങ്ങളിൽ തന്റെ ആറാമത്തെ വയസ്സ് മുതൽ പരിശീലനം നേടി തുടങ്ങിയ സ്റ്റെഫി യുക്മ ദേശീയ കലാമേള, സ്വിറ്റ്സർലണ്ടിലെ കേളി കലാമേള, ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കൺടസ്റ്റ് തുടങ്ങിയ വേദികളിൽ നിന്ന് കലാതിലകപ്പട്ടം ഉൾപ്പടെ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ലണ്ടനിൽ ജോലി ചെയ്യുന്ന സ്റ്റെഫി കുട്ടികളെ നൃത്തം പരിശീലിപ്പിക്കുവാനും സമയം കണ്ടെത്തുന്നു.


യുകെയിലെ നൃത്ത വേദികൾക്ക് സുപരിചിതയായ സബിത ചന്ദ്രൻ വിൽറ്റ്ഷയറിലെ സ്വിൻഡനിൽ താമസിക്കുന്നു. വളരെ ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ ഗുരു കലാമണ്ഡലം മണി, കലൈമാമണി ശ്രീമതി. രശ്മി മേനോൻ എന്നിവരിൽ നിന്നും ഭരതനാട്യം പഠിച്ച് തുടങ്ങിയ സബിത, പ്രശസ്ത മോഹിനിയാട്ടം ഗുരുവും നർത്തകിയുമായ  ഗോപികാ വർമ്മയിൽ നിന്നും മോഹിനിയാട്ടവും പരിശീലിച്ചു. യുക്മ റീജിയണൽ കലാമേളകളിൽ വിജയിയായിട്ടുള്ള ഈ അനുഗ്രഹീത നർത്തകി ഹെബ്ഡൻ ആർട്ട് ഫെസ്റ്റിവൽ ഉൾപ്പടെ നിരവധി ആർട്ട് ഫെസ്റ്റിവലുകളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.


യുകെയിലെ യുവ നർത്തകരിൽ ഏറെ ശ്രദ്ധേയയാണ് പൂജ മധുമോഹൻ.  വെയിൽസിലെ ന്യൂ പോർട്ടിൽ താമസിക്കുന്ന മധുമോഹൻ – ഗുരു ജിഷ ദമ്പതികളുടെ മകളാണ് പൂജ. അഞ്ചാമത്തെ വയസ്സ് മുതൽ ഭരതനാട്യം പഠിക്കുന്ന പൂജ തന്റെ മാതാവായ ഗുരു ജിഷയിൽ നിന്നുമാണ് പരിശീലനം നേടുന്നത്. നല്ലൊരു ഗായിക കൂടിയായ പൂജ കർണാടക സംഗീതത്തിൽ അഡ്വാൻസ്ഡ് ഡിപ്ളോമ പൂർത്തിയാക്കി. ഭരതനാട്യത്തിൽ ഡിപ്ളോമ പരിശീലനം തുടരുന്ന പൂജ കർണാടക സംഗീതത്തിൽ “കലാ ജ്യോതി” അവാർഡ് ജേതാവ് കൂടിയാണ്. യുക്മ കലാമേളകൾ ഉൾപ്പടെ നിരവധി കലാമേളകളിൽ സമ്മാനാർഹയായ പൂജ നല്ലൊരു കർണാടിക് വയലിനിസ്റ്റ് കൂടിയാണ്.

 
യുകെയിലെയും യൂറോപ്പിലെയും നൃത്തവേദികളെ നടന വൈഭവം കൊണ്ട് കീഴടക്കിയ ഈ യുവ നർത്തകർ യുക്മ ലൈവിൽ വൈവിധ്യമാർന്ന നൃത്ത ചുവടുകളുമായി അണി നിരക്കുമ്പോൾ പ്രേക്ഷകർക്ക് അതൊരു നവ്യാനുഭവമായിരിക്കും.
2000 വർഷത്തിലധികം പഴക്കമുള്ള മലയാള ഭാഷ, ശ്രേഷ്ഠ ഭാഷ പദവിയെന്ന (Classical language status) അപൂർവ്വ അംഗീകാരം നേടി വളർച്ചയുടെ പാതയിൽ മുന്നോട്ട് കുതിക്കുമ്പോൾ ഏതൊരു മലയാളിയുടേയും അന്തരംഗം അഭിമാന പൂരിതമാകും എന്ന് നിസ്സംശയം പറയാം.

മലയാളത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുവാൻ പോന്നവിധമുള്ള ഒരാഘോഷം ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് യുക്മ ദേശീയ നേതൃത്വം. യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാർ പിള്ള, ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, ദേശീയ വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ, യുക്മ കേരളപിറവി ദിനാഘോഷം ഒരു ചരിത്ര സംഭവമാക്കി മാറ്റുവാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

 
യുക്മ കലാഭൂഷണം പുരസ്കാര ജേതാവും യുകെയിലെ നൃത്ത കലാ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ ദീപ നായർ ലൈവ് പ്രോഗ്രാം ഹോസ്റ്റ് ചെയ്യുമ്പോൾ ലൈവിനാവശ്യമായ സാങ്കേതിക സഹായങ്ങൾ ഒരുക്കുന്നത് യുകെയിലെ പ്രശസ്തമായ റെക്സ് ബാൻഡിലെ റെക്സ് ജോസാണ്. യുക്മ കേരളപിറവി ദിനാഘോഷങ്ങളിലേക്ക് ഏവരേയും യുക്മ ദേശീയ സമിതി സാദരം സ്വാഗതം ചെയ്തു കൊള്ളുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more