1 GBP = 103.22
breaking news

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ബ്രിസ്‌റ്റോൾ ദേവാലയ നിർമാണത്തിന് അനുമതി ലഭിച്ചു; ദൈവീക പദ്ധതിയിൽ പ്രാർത്ഥനയോടെയും കൃതജ്ഞതയോടെയും ബ്രിസ്‌റ്റോള്‍ സെന്റ്. തോമസ് സീറോ മലബാര്‍ സമൂഹം….

ഗ്രേറ്റ് ബ്രിട്ടൻ  സീറോ മലബാർ രൂപതയുടെ ബ്രിസ്‌റ്റോൾ ദേവാലയ നിർമാണത്തിന്    അനുമതി ലഭിച്ചു; ദൈവീക പദ്ധതിയിൽ പ്രാർത്ഥനയോടെയും കൃതജ്ഞതയോടെയും ബ്രിസ്‌റ്റോള്‍ സെന്റ്. തോമസ് സീറോ മലബാര്‍ സമൂഹം….

ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ സമൂഹത്തിന്റെ ദീര്‍ഘ നാളായുള്ള പ്രാര്‍ത്ഥനയുടേയും പ്രവര്‍ത്തനത്തിന്റെയും ഫലമായി കൗണ്‍സില്‍ നിഷേധിച്ച പ്ലാനിങ് പെര്‍മിഷന്‍ അപ്പീലിലൂടെ നേടാനായത് ദൈവ പരിപാലനയുടേയും പദ്ധതിയൂടെയും സാക്ഷ്യമായി കരുതുന്നു.

ബഹുമാനപ്പെട്ട പോള്‍ വെട്ടിക്കാട്ട് അച്ചന്‍ 2012 ല്‍ ചുമതലയേറ്റ ശേഷം ദീര്‍ഘ വീക്ഷണത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി 2013 ല്‍ തന്നെ സ്വന്തമായ ഒരു ദേവാലയം എന്ന ആശയം ഉടലെടുക്കുകയും കൂട്ടായ ചിന്തകള്‍ രൂപപ്പെടുകയും ചെയ്തു. ഇതിന്റെ സാക്ഷാത്കാരത്തിനായി സാമ്പത്തിക അടിത്തറയ്ക്ക് ഒപ്പം ഒരു രജിസ്റ്റേര്‍ഡ് ചാരിറ്റി വേണം എന്ന തിരിച്ചറിവില്‍ ആവശ്യമായ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം 2014 ഒക്ടോബര്‍ 30ാം തീയതി ഒരു ചാരിറ്റി കമ്പനി രൂപീകരിക്കുകയും ചെയ്തു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ആരംഭിക്കുന്നതിന് മുമ്പ് അപ്പോസ്‌തോലിക ചുമതല വഹിച്ചിരുന്ന അഭിവന്ദ്യ സെബാസ്റ്റിയന്‍ വടക്കേല്‍ പിതാവിന്റെയും നാഷണല്‍ കോര്‍ഡിനേറ്റര്‍ ബഹു തോമസ് പാറയടിയിലച്ചന്റെയും അനുവാദത്തോടെ രജിസ്റ്റര്‍ ചെയ്ത ചാരിറ്റിയുടെ ക്രമീകരണത്തിന് സാങ്കേതിക സഹായം നല്‍കിയത് ബര്‍മ്മിങ്ഹാം അതിരൂപതയിലെ ഡീക്കന്‍ ഡേവിഡ് പാമര്‍ ആയിരുന്നു.

തുടര്‍ന്ന് സാമ്പത്തിക അടിത്തറ പണിയുന്നതിന് പ്രത്യേക കമ്മറ്റികള്‍ രൂപീകരിച്ചു. പ്രതിമാസ സംഭാവനകളും വിവിധ ധനശേഖരണ പരിപാടികളും വഴി സമാഹരിച്ച തുക ചാരിറ്റി ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിച്ചുകൊണ്ട് ലഭ്യമായ എല്ലാ സ്ഥല സൗകര്യങ്ങളെ കുറിച്ചും അന്വേഷണം തുടര്‍ന്നു. ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലൂടെ വിവിധ പള്ളികളും കെട്ടിടങ്ങളും കാണുകയും പഠിക്കുകയും ചെയ്തു. 15 ലേറെ പദ്ധതികള്‍ ആലോചിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. നീണ്ട അഞ്ചു വര്‍ഷത്തെ തീവ്രമായ അന്വേഷണത്തിനൊടുവില്‍ ബ്രിസ്റ്റോളില്‍ ഒരു ദേവാലയമോ അനുബന്ധ സൗകര്യങ്ങളോ സമീപ ഭാവിയിലൊന്നും ലഭിക്കുകയില്ലെന്ന ബോധ്യത്തില്‍ നിന്നാണ് സ്ഥലം വാങ്ങി ദേവാലയം പണിയുക എന്ന ആശയത്തിലേക്ക് എത്തിച്ചേര്‍ന്നത്.

ഗ്രേറ്റ് ബ്രിട്ടണില്‍ സീറോ മലബാര്‍ രൂപതാ രൂപീകരിക്കപ്പെട്ട ശേഷം തന്റെ ആദ്യ സന്ദര്‍ശനത്തില്‍ തന്നെ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ദേവാലയ പദ്ധതിയെ പറ്റി അന്വേഷിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങളും ആശംസകളും പ്രാര്‍ത്ഥനകളും നല്‍കുകയും ചെയ്തു.

2017 ല്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് ബ്രിസ്റ്റോളില്‍ വന്നപ്പോള്‍ ദേവാലയ പദ്ധതിയെ പറ്റി അറിഞ്ഞ് നിങ്ങളായിരിക്കും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ആദ്യം ദേവാലയം പണിയുക എന്ന് ആശിര്‍വദിച്ചപ്പോള്‍ ഒരു ദേവാലയം ഈ രാജ്യത്ത് നിര്‍മ്മിക്കാന്‍ സാധ്യമാകുമോ എന്ന ആശങ്ക പലരുടേയും മനസിലുണ്ടായിരുന്നു. എന്നാല്‍ ദൈവിക പദ്ധതിയുടെ ഭാഗമായി 2018 ഒക്ടോബറില്‍ എട്ട് വീടുകള്‍ നിര്‍മ്മിക്കാന്‍ തത്വത്തില്‍ അംഗീകാരമുള്ള ഒരു സ്ഥലം ലേലത്തിലൂടെ വാങ്ങുവാന്‍ ലഭ്യമാകുകയും അതിലേക്കായി ആവശ്യമായ പഠനങ്ങളും അന്വേഷണങ്ങളും നടത്തുകയും ചെയ്തു.

ആവശ്യമായ സൗകര്യങ്ങളോടു കൂടിയ ദേവാലയവും പാരിഷ് ഹാളും നിര്‍മ്മിക്കുന്നതിന് വേണ്ട പ്രീ പ്ലാന്നിങ് ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചത് അംഗീകരിച്ചതോടെ ദേവാലയ നിര്‍മ്മാണം സാധ്യമാകുമെന്ന ആത്മവിശ്വാസത്തോടെ പ്രസ്തുത സ്ഥലം വാങ്ങുവാന്‍ രൂപതാദ്ധ്യക്ഷന്റെ അനുവാദത്തോടെ സമൂഹം ഒറ്റക്കെട്ടായി തീരുമാനിച്ചു. 2018 നവംബറില്‍ ശേഖരിച്ചുവച്ച തുകയും സ്വകാര്യ വ്യക്തികളില്‍ നിന്നു വാങ്ങിയ വായ്പകളും ചേര്‍ത്ത് ഒരു സ്ഥലം വാങ്ങുവാന്‍ കഴിഞ്ഞത് ദൈവിക പദ്ധതിയുടെ അടുത്ത ഘട്ടത്തിന്റെ പൂര്‍ത്തീകരണമായിരുന്നു. തുടര്‍ന്ന് 2018 ഡിസംബര്‍ 2ാം തീയതി അഭിവന്ദ്യ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി തന്റെ രണ്ടാമത്തെ ബ്രിസ്‌റ്റോള്‍ സന്ദര്‍ശനത്തില്‍ ദേവാലയത്തിന് വേണ്ട അടിസ്ഥാന ശിലയുടെ ആശിര്‍വാദം നടത്തിയത് ഇതിനു തെളിവാണ്.

തുടര്‍ന്ന് വിപുലമായ ദേവാലയ നിര്‍മ്മാണ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചത്. എന്തെല്ലാം സൗകര്യങ്ങളോടെയായിരിക്കണം ദേവാലയം നിര്‍മ്മിക്കേണ്ടത് എന്നതിനെ പറ്റി സമൂഹത്തില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ടായിരുന്നു. ഫാമിലി യൂണിറ്റ് അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചകളിലൂടേയും യുവാക്കളില്‍ നിന്നും വേദപാഠ വിദ്യാര്‍ത്ഥികളില്‍ നിന്നും ഓരോ കുടുംബത്തില്‍ നിന്നും പ്രത്യേക ഫോം വഴി സ്വീകരിച്ച നിര്‍ദ്ദേശങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടും ലഭ്യമായ സ്ഥലത്തിന്റെ പരമാവധി ഉപയോഗം ഉറപ്പാക്കി നിയമപരമായ എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തി പാലിച്ചുകൊണ്ട് ആര്‍ക്കിടെക്ട് ശ്രീ ജോജി മാത്യുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച് പ്ലാന്നിങ് ആന്‍ഡ് ഡിസൈന്‍ കമ്മറ്റി രൂപപ്പെടുത്തിയ പ്ലാന്‍ 2018 ഡിസംബര്‍ മുതല്‍ 2019 ജൂലൈ വരെ വിവിധ പൊതു യോഗങ്ങളില്‍ അവതരിപ്പിക്കുകയും വിശദമായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. വേണ്ട മാറ്റങ്ങള്‍ വരുത്തി രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അംഗീകാരത്തോടെ പൂര്‍ത്തിയാക്കി. 2019 ഒക്ടോബറില്‍ സമര്‍പ്പിച്ച ആദ്യ പ്ലാന്‍ കുറേക്കൂടി ലളിതമാക്കണമെന്ന നിര്‍ദ്ദേശം കൗണ്‍സിലില്‍ നിന്നുണ്ടായി. ഇതുപ്രകാരം രണ്ടു പ്രാവശ്യം അളവു കുറച്ച് ലളിതമായ പ്ലാന്‍ അവതരിപ്പിച്ചെങ്കിലും കൗണ്‍സിലിന്റെ നിലപാട് മാറ്റമില്ലാതെ തുടര്‍ന്നു. നിര്‍ദ്ദിഷ്ട ദേവാലയം പുറമേ നിന്നും കാര്യമായി ദൃശ്യമാകാത്ത വിധത്തിലുള്ള പ്ലാന്‍ സമര്‍പ്പിച്ചാല്‍ മാത്രമേ ആവശ്യമായ വലുപ്പവും സൗകര്യങ്ങളുമുള്ള നിര്‍മ്മാണം സാധ്യമാകൂ എന്ന തിരിച്ചറിവോടെ കൂടുതല്‍ താഴ്ന്ന സ്ഥലത്തേക്ക് മാറ്റി. രണ്ടു നിലകള്‍ തന്നെയെങ്കിലും മുന്‍ വശത്തു നിന്ന് നോക്കുമ്പോള്‍ ഒരു നിലയായി തോന്നന്നക്ക വിധത്തിലും ദേവാലയത്തിലേക്ക് നേരിട്ടു പ്രവേശിക്കത്തക്ക വിധത്തിലും മാറ്റം വരുത്തി സമര്‍പ്പിച്ച അവസാന പ്ലാനും സാങ്കേതിക കാരണത്താല്‍ കൗണ്‍സില്‍ നിഷേധിക്കുകയാണുണ്ടായത്.

തികച്ചും നിരാശാജനകമായ തീരുമാനമാണ് കൗണ്‍സിലിന്റെ ഭാഗത്തു നിന്നുണ്ടായതെങ്കിലും ദൈവ പരിപാലനത്തില്‍ അടിയുറച്ചുവിശ്വസിച്ചുകൊണ്ട് ദേവാലയം പൂര്‍ത്തിയായാലുള്ളതും പകരം എട്ടു വീടുകള്‍ നിര്‍മ്മിക്കപ്പെട്ടാലുള്ളതുമായ ദൃശ്യങ്ങളുടെ താരതമ്യ പഠനം ഉള്‍പ്പെടുത്തി പ്ലാനിംഗ് വിദഗ്ധരായ ടെട്‌ലൗ കിങ് പ്ലാനിങ് വഴി സമര്‍പ്പിച്ച അപ്പീലാണ് ഇപ്പോള്‍ വിജയം നേടിയിരിക്കുന്നത്.

അനുവദിക്കപ്പെട്ട പ്ലാന്‍ അനുസരിച്ച് മുകള്‍ നിലയില്‍ ദേവാലയം രൂപ കല്‍പ്പന ചെയ്തിരിക്കുന്നു.അള്‍ത്താരയോട് ചേര്‍ന്ന് നൂറു പേര്‍ക്കിരിക്കാവുന്ന ഭാഗം തിരുകര്‍മ്മങ്ങള്‍ക്ക് മാത്രമായി ഉപയോഗിച്ചുകൊണ്ട് ബാക്കിഭാഗം മടക്കിമാറ്റാവുന്ന ഭിത്തികൊണ്ട് വേര്‍തിരിച്ചു സ്‌റ്റേജ് സൗകര്യങ്ങളുള്ള ഹാളായി ഉപയോഗിക്കാവുന്ന രീതിയില്‍ ക്രമപ്പെടുത്തിയിരുന്നു.

താഴത്തെ നിലയില്‍ റിസപ്ഷന്‍ ഏരിയയായും കോഫി ഷോപ്പ്, ഓഫീസുകള്‍, ടോയ്‌ലറ്റ് സൗകര്യങ്ങള്‍, അടുക്കള, മ്യൂസിയം, ക്ലാസ് മുറികള്‍ എന്നീ സൗകര്യങ്ങള്‍ക്കൊപ്പം ചാപ്പലും ക്രമീകരിച്ചിരിക്കുന്നു. ക്ലാസ് മുറികള്‍ മടക്കി മാറ്റാവുന്ന ഭിത്തികള്‍കൊണ്ട് വേര്‍തിരിക്കുന്നതിനാല്‍ ഹാള്‍ ആയി ഉപയോഗിക്കുകയും ചെയ്യാം. അതുപോലെ ചാപ്പലില്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന അറകളില്‍ സമൂഹാംഗങ്ങളുടെ മരണ ശേഷം അവരുടെ ഭൗതിക അവശിഷ്ടമായ ആഷ് സൂക്ഷിക്കുന്നതിന് ഓരോ കുടുംബത്തിനും സൗകര്യം ലഭിക്കത്ത വിധം കൊളംബേറിയം ഒരുക്കുന്നുണ്ട്.

അപ്പീല്‍ തീരുമാനം കാത്തിരിക്കുന്നതിനിടെ എട്ടു വീടുകള്‍ക്ക് ഔട്ട്‌ലൈന്‍ പെര്‍മിഷന്‍ ഉണ്ടായിരുന്നത് ഫുള്‍ പെര്‍മിഷന്‍ ആക്കി മാറ്റുന്നതിന് നല്‍കിയ അപേക്ഷയും വിശദ വിവരങ്ങളും ഈ അപ്പീലിന്റെ വിജയത്തിന് സഹായകരമായി എന്നത് എടുത്തു പറയേണ്ടതാണ്.

സാധാരണയായി പല നിബന്ധനകള്‍ക്കും വിധേയമായി മാത്രം നല്‍കപ്പെടുന്ന അനുവാദം ഏറ്റവും ചുരുക്കം നിബന്ധനകളോട് കൂടെയാണ് ലഭിച്ചിട്ടുള്ളത് എന്നത് പ്രത്യേക ദൈവാനുഗ്രഹത്തിന്റെ വ്യക്തമായ അടയാളമാണ്.

ദൈവ പരിപാലനയുടേയും ദൈവിക പദ്ധതിയുടേയും നേര്‍സാക്ഷ്യമായി ലഭിച്ച ഈ അനുവാദം കൃതജ്ഞതാപൂര്‍വ്വം സ്വീകരിച്ചുകൊണ്ട് ഇതിനായി പ്രവര്‍ത്തിച്ച എല്ല കമ്മറ്റിയംഗങ്ങള്‍ക്കും തീക്ഷ്ണതയോടെ പ്രാര്‍ത്ഥിച്ച എല്ലാ സമൂഹാംഗങ്ങള്‍ക്കും മറ്റെല്ലാവര്‍ക്കും പ്രത്യേകം നന്ദി പറയുന്നതായി ഫാദര്‍ പോള്‍ വെട്ടിക്കാട്ട് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more