ജെഗി ജോസെഫ്, PRO BRISKA
ജനവാസ കേന്ദ്രങ്ങളില്‍ മോഷണ ശ്രമങ്ങള്‍ സാധാരണയാണെകിലും , അടുത്തിടെയായി മലയാളി കുടുംബങ്ങള്‍ക്ക് നേരെ തുടരെ തുടരെയുണ്ടാകുന്ന കവര്‍ച്ചാ ശ്രമങ്ങളില്‍ ബ്രിസ്റ്റോള്‍ മലയാളികളുടെ ആശങ്ക അകറ്റാന്‍ പോലീസ് കൂടുതല്‍ കരുതല്‍ നടപടിഎടുക്കണമെന്ന് ബ്രിസ്റ്റോള്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ (ബ്രിസ്‌ക) പോലീസിനോട് ആവശ്യപ്പെട്ടു . ഇതിനായി പരമാവധി പേര്‍ ഒപ്പിട്ട നിവേദനം പൊലീസിന് കൈമാറുമെന്ന് ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യു, ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരി എന്നിവര്‍ അറിയിച്ചു .
കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ബ്രാഡ്ലി സ്റ്റോക്ക്, സൗത്തമേഡ്, ഫില്‍ട്ടന്‍, ഫിഷ്‌പോന്‍ഡ്സ് മേഖലകളില്‍ നടന്ന ഭവന ഭേദനമാണ് മലയാളികള്‍ക്ക് ആശങ്കയേകുന്നത്. വീടിനുള്ളില്‍ കടന്നു, വീട്ടിലുള്ളവരെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടിയെടുക്കുന്നത് പതിവാക്കിയിരിക്കുന്നു. കഴുത്തിലും കാതിലുമുള്ളവ വരെ കത്തി മുനയില്‍ നിര്‍ത്തി ഊരി വാങ്ങുന്ന മോഷ്ടാക്കളില്‍ ഭൂരിഭാഗവും ഇംഗ്‌ളീഷുകാരല്ലാത്ത യൂറോപ്യന്‍സാണെന്നു ഭാഷാശൈലിയില്‍ നിന്നും അനുമാനിക്കുന്നു. ഏഷ്യന്‍സിനെ പ്രത്യേകിച്ച് മലയാളികളെ കൂടുതലായി ടാര്‍ഗറ്റ് ചെയ്യുന്ന ഈ കവര്‍ച്ചകള്‍ക്കു പിന്നില്‍ സ്വര്‍ണമാണ് പ്രധാന ലക്ഷ്യം എന്ന് അനുമാനിക്കുന്നു.
നാലുമണിയോടെ ഇരുട്ടുന്ന ഈ ശൈത്യ കാലത്തു വീടുകളില്‍ വൈകുന്നേരം മുതല്‍ ലൈറ്റ് ഇടുക, ബര്‍ഗ്ലര്‍ അലാറം സ്ഥാപിക്കുക, ആവശ്യമായ ബില്‍ഡിങ് – കണ്ടന്റ് ഇന്‍ഷുറന്‍സ് സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ കരുതല്‍ നടപടികള്‍ സ്വീകരിക്കുവാന്‍ എല്ലാ മലയാളികളും തയ്യാറാകണമെന്ന് ബ്രിസ്‌ക അഭ്യര്‍ത്ഥിക്കുന്നു .
click on malayalam character to switch languages