ലണ്ടൻ: ബ്രെക്സിറ്റ് പൂർണ്ണമായും നടപ്പിലാക്കുമ്പോൾ ബ്രിട്ടനിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന കുടിയേറ്റ നിയന്ത്രണത്തിൽ കാതലായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെരേസാ മെയ് ഹോം സെക്രട്ടറിയായിരുന്ന സമയത്ത് കൊണ്ടുവന്നിരുന്ന കുടിയേറ്റ നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കിയെന്നാണ് ബ്രെക്സിറ്റ് പ്ലാനുകളിൽ കാണുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് കൺസർവേറ്റിവ് പാർട്ടിയുടെ മുഖ്യ അജണ്ടയായിരുന്നു ഇമിഗ്രെഷൻ ക്യാപ് എന്നത്. എന്നാൽ ഇത്തരമൊരു പദ്ധതി ബ്രെക്സിറ്റ് പ്ലാനിൽ എവിടെയും ഇല്ലായെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും വ്യക്തമാക്കി.
ബ്രെക്സിറ്റിന് ശേഷം യുകെ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതിന് കുടിയേറ്റ തൊഴിലാളികളുടെ ശക്തമായ സാന്നിദ്ധ്യം ആവശ്യമാണെന്ന് അംഗീകരിക്കുന്നതാണ് മേയുടെ ബ്രെക്സിറ്റ് പദ്ധതികൾ. 2010 ലും 2015 ലും കഴിഞ്ഞ വർഷവും തിരഞ്ഞെടുപ്പുകളിൽ കൺസർവേറ്റിവുകളുടെ പ്രധാന വാഗ്ദാനമായിരുന്നു കുടിയേറ്റ നിരക്ക് കുറയ്ക്കുക എന്നത്. ഇതനുസരിച്ച് വിവിധ തൊഴിൽ മേഖലകളിൽ എത്തുന്നവരിൽ കൃത്യമായ എണ്ണവും ഹോം ഓഫീസ് കണക്കാക്കിയിരുന്നു. എന്നാൽ ബ്രെക്സിറ്റ് നടപ്പിലാകുന്നതോടെ വിവിധ മേഖലകളിൽ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമാകുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബ്രെക്സിറ്റ് പ്ലാനുകളിൽ പൂർണ്ണമായും കുടിയേറ്റ നിയന്ത്രണം സംബന്ധിച്ച പരാമർശം ഒഴിവാക്കിയതെന്നാണ് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്.
ബ്രെക്സിറ്റ് സംബന്ധിച്ച സൂചനകൾ വന്നതോടെ തന്നെ എൻ എം സിയും തങ്ങളുടെ രജിസ്ട്രേഷന് ആവശ്യമായ നിബന്ധനകളിൽ ഇളവ് വരുത്തിയിരുന്നു. ബ്രെക്സിറ്റ് നടപ്പിലാകുന്നതോടെ കൂടുതൽ തൊഴിൽ മേഖലകളിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ബ്രിട്ടനിൽ ഉണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.
click on malayalam character to switch languages