1 GBP = 103.68

ബ്രക്‌സിറ്റ് സമയപരിധി നിശ്ചയിക്കുന്ന പ്രമേയത്തില്‍ മേയക്ക് മിന്നും ജയം, പ്രമേയത്തെ അനൂകൂലിച്ചത് 461 പേര്‍, എതിര്‍ത്തവര്‍ 89

ബ്രക്‌സിറ്റ് സമയപരിധി നിശ്ചയിക്കുന്ന പ്രമേയത്തില്‍ മേയക്ക് മിന്നും ജയം, പ്രമേയത്തെ അനൂകൂലിച്ചത് 461 പേര്‍, എതിര്‍ത്തവര്‍ 89

ആര്‍ട്ടിക്കിള്‍ 50 ഉന്നയിക്കുന്നതിന് സമയപരിധി നിശ്ചിയിക്കുന്നത് സംബന്ധിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ റിമോണേഴ്‌സിനെ നോക്കുകുത്തിയാക്കികൊണ്ട് തെരേസാ മേയുടെ മിന്നും പ്രകടനം. ബ്രക്‌സിറ്റിനെ പാര്‍ലമെന്റില്‍ വോട്ടിനിട്ട് പരാജയപ്പെടുത്താമെന്ന റിമോണേഴ്‌സിന്റെ നീക്കത്തിനാണ് മേയ് പ്രമേയത്തിലൂടെ തടയിട്ടിരിക്കുന്നത്. കോമണ്‍സില്‍ നടന്ന വോട്ടെടുപ്പില്‍ 89 ന് എതിരേ 461 വോട്ടുകള്‍ നേടിയാണ് മേയ് വിജയം കൈപ്പിടിയിലൊതുക്കിയിരിക്കുന്നത്. ഇതോടെ 2017 മാര്‍ച്ച് അവസാനം ആര്‍ട്ടിക്കിള്‍ 50 ഉന്നയിച്ചുകൊണ്ട് ബ്രക്‌സിറ്റ് പ്രക്രീയകള്‍ ആരംഭിക്കാന്‍ തെരേസയ്ക്ക് സാധിക്കുന്നതാണ്.

യുകെ ഇയുവില്‍ നിന്നും വിട്ടുപോകുന്നതിനെ എതിര്‍ക്കുന്ന 89 എംപിമാരാണ് ഇന്നലെ കോമണ്‍സില്‍ നടന്ന വോട്ടെടുപ്പില്‍ പ്രമേയത്തിന് എതിരായി വോട്ട് ചെയ്തത്. പ്രമേയത്തിന് എതിരേ വോട്ട് ചെയ്ത ഏക കണ്‍സര്‍വേറ്റീവ് എംപി കെന്‍ ക്ലാര്‍ക്കാണ്. ഇദ്ദേഹത്തിനൊപ്പം 23 ലേബര്‍ എംപിമാരും അഞ്ച് ലിബറല്‍ ഡെമോക്രാറ്റിക് എംപിമാരും 51 എസ്എന്‍പി എംപിമാരും മറ്റ് 10 എംപിമാരും യുകെ ഇയു ഉപേക്ഷിച്ച് പോകുന്നതിന് എതിരേ നിലപാട് കൈകൊണ്ടു. വിദേശപര്യടനത്തിലായിരുന്ന തെരേസാ മേയും ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.

ബ്രക്‌സിറ്റ് സംബന്ധിച്ച ഔദ്യോഗിക വിലപേശലില്‍ യുകെയുടെ പദ്ധതികള്‍ നേരത്തെ പാര്‍ലമെന്റിന് മുന്നില്‍ അവതരിപ്പിക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ അനുകൂലനിലപാട് എടുക്കാന്‍ മേയ് തയ്യാറായിരുന്നില്ല. എന്നാല്‍ പ്രമേയം അവതരിപ്പിക്കുന്നതിന് മുന്നോടിയായി വിലപേശല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ലമെന്റിന് മുന്നില്‍ അവതരിപ്പിക്കാമെന്ന് മേയ് നിലപാട് മാറ്റിയതോടെയാണ് പ്രമേയത്തെ അനൂകൂലിച്ച് വോട്ട് ചെയ്യാന്‍ ടോറി എംപിമാര്‍ തീരുമാനിച്ചത്.

ബ്രക്‌സിറ്റ് സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 50 ഉന്നയിക്കുന്നതിന് മുന്നോടിയായി ഇക്കാര്യത്തില്‍ പാര്‍ലമെന്റ് അനുവാദം വാങ്ങിയിരിക്കണമെന്ന ഹൈക്കോടതി വിധിയില്‍ സുപ്രീംകോടതി വാദം കേട്ടുകൊണ്ടിരിക്കവേയാണ് മേയ് പാര്‍ലമെന്റില്‍ പ്രമേയം പാസ്സാക്കിയിരിക്കുന്നത്. സുപ്രീംകോടതിയില്‍ നിസ്സാരമായി വിജയം നേടാനാകുമെന്ന് ഗവണ്‍മെന്റ് കരുതിയിരിക്കുകയായിരുന്നുവെങ്കിലും ജഡ്ജിമാരില്‍ ഭൂരിഭാഗവും ബ്രസ്സല്‍സ്സ് പക്ഷത്തായത് കേസിനെ ബാധിക്കുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രമേയം വന്‍ ഭൂരിപക്ഷത്തില്‍ പാസ്സാക്കിയതോടെ ബ്രക്‌സിറ്റ് വിഷയത്തില്‍ പാര്‍ലമെന്റ് ഒറ്റക്കെട്ടാണ് എന്ന് സുപ്രീംകോടതിയെ ബോധ്യപ്പെടുത്താനും മേയ് സര്‍ക്കാരിന് കഴിഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more