1 GBP = 103.70

ബ്രെക്സിറ്റ്‌; വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് വിദേശകാര്യ സെക്രട്ടറി

ബ്രെക്സിറ്റ്‌; വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് വിദേശകാര്യ സെക്രട്ടറി

ലണ്ടൻ: ബ്രെക്‌സിറ്റിനു ശേഷമുള്ള വ്യാപാര ഇടപാടിനെക്കുറിച്ച് യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചയുടെ അവസാന ഘട്ടത്തിലാണ് യുകെ എന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു.
ചർച്ചകൾ പുരോഗമിക്കുകയാണെന്നും യൂറോപ്യൻ യൂണിയൻ “പ്രായോഗികത” കാണിക്കുന്നുണ്ടെങ്കിൽ ഒരു കരാർ സാധ്യമാകുമെന്നും ഡൊമിനിക് റാബ് പറഞ്ഞു.

മത്സ്യബന്ധന അവകാശങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ ചർച്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാല് ആഴ്ചയ്ക്കുള്ളിൽ ബ്രെക്സിറ്റിന് ശേഷമുള്ള നടപടികളുടെ ‌ സമയപരിധി അവസാനിക്കുന്നതിനിടെയാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ചർച്ചകൾക്കായി യൂറോപ്യൻ യൂണിയൻ ബ്രെക്സിറ്റ്‌ ചീഫ് നെഗോഷ്യേറ്റർ മൈക്കിൾ ബാർനിയർ കഴിഞ്ഞയാഴ്ച്ച ലണ്ടനിലെത്തിയിരുന്നു.

സഹപ്രവർത്തകന് കോവിഡ് -19 പോസിറ്റീവ് ആയതോടെ സ്വയം നിരീക്ഷണത്തിലായിരുന്ന മൈക്കൽ ബാർനിയർ വാരാന്ത്യത്തിലാണ് മുഖാമുഖ ചർച്ചകൾ പുനരാരംഭിച്ചത്. ഡിസംബർ 31 ന് യുകെയുടെ ബ്രെക്സിറ്റിനു ശേഷമുള്ള പരിവർത്തന കാലയളവ് അവസാനിക്കുന്നതിന് മുൻപ് ഇരു രാജ്യങ്ങളും തങ്ങളുടെ വ്യാപാര ബന്ധം നിയന്ത്രിക്കുന്നതിനുള്ള കരാറിൽ ഒപ്പിടാനുള്ള ശ്രമത്തിലാണ്.

ജനുവരി 31 ന് യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയിരുന്നു, എന്നാൽ 11 മാസത്തെ പരിവർത്തന കാലയളവിന്റെ ഭാഗമായി വർഷാവസാനം വരെ ബ്ളോക്കിന്റെ നിയമങ്ങൾ പാലിക്കുന്നത് തുടരുകയാണ്. പരിവർത്തന കാലയളവിന് മുൻപായി ഒരു വാണിജ്യ കരാർ അംഗീകരിക്കുന്നില്ലെങ്കിൽ, ഇരുവരും തമ്മിലുള്ള വ്യാപാരം സ്ഥിരമായി ലോക വ്യാപാര സംഘടന നിയമങ്ങൾക്ക് വിധേയമായിരിക്കും.

യൂറോപ്യൻ യൂണിയനും യുകെക്കും ഇതിനുശേഷം വേണമെങ്കിൽ ചർച്ചകൾ തുടരാം, എന്നാൽ ഇരു കക്ഷികൾക്കും ഇടയിലുള്ള വ്യാപാരത്തിന് ഇറക്കുമതി നികുതി നേരിടേണ്ടിവരും. യൂറോപ്യൻ യൂണിയന്റെ ഊർജ്ജ വിപണിയിലേക്ക് യുകെക്ക് പ്രവേശനമുണ്ടാകില്ല, പോലീസും ജുഡീഷ്യൽ സഹകരണവും സംബന്ധിച്ചും കരാറുകളില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more