1 GBP = 103.69

ബ്രെക്സിറ്റ്‌ വാഗ്ദാനങ്ങൾ യാഥാർഥ്യമാകുന്നു; എൻ എച്ച് എസിന് കൂടുതൽ ഫണ്ട് അനുവദിക്കുമെന്ന ഉറപ്പുമായി പ്രധാനമന്ത്രി തെരേസാ മേയ്

ബ്രെക്സിറ്റ്‌ വാഗ്ദാനങ്ങൾ യാഥാർഥ്യമാകുന്നു; എൻ എച്ച് എസിന് കൂടുതൽ ഫണ്ട് അനുവദിക്കുമെന്ന ഉറപ്പുമായി പ്രധാനമന്ത്രി തെരേസാ മേയ്

ലണ്ടൻ: ബ്രെക്സിറ്റ്‌ റഫറണ്ടത്തോടനുബന്ധിച്ചുള്ള വാഗ്ദാനങ്ങൾ യാഥാർഥ്യമാകുന്നു. എൻ എച്ച് എസിന് കൂടുതൽ ഫണ്ട് അനുവദിക്കുമെന്ന് തെരേസാ മെയ്. ബ്രെക്സിറ്റ്‌ റഫറണ്ടം മുന്നോട്ട് വച്ചപ്പോൾ തന്നെ സർക്കാരിന്റെ പ്രധാന വാഗ്ദാനമായിരുന്നു, യൂറോപ്യൻ യൂണിയന് നൽകുന്ന പണം എൻ എച്ച് എസ് പ്രവർത്തനങ്ങൾക്ക് വകമാറ്റുമെന്നത്. ഇത് തന്നെയായിരുന്നു ജനങ്ങളെ ബ്രെക്സിറ്റ്‌ ആവശ്യമെന്ന നിലയിലേക്ക് ചിന്തിക്കാൻ പ്രേരിപ്പിച്ചതും.

എന്നാല്‍ ബ്രക്‌സിറ്റ് വിജയം നേടിയ ശേഷം ഇതൊന്നും നടക്കില്ലെന്ന മട്ടിലേക്ക് ചില നേതാക്കള്‍ നിലപാട് മാറ്റി. ഖജനാവ് സൂക്ഷിപ്പുകാരനായ ചാന്‍സലര്‍ ഈ നീക്കത്തെ നഖശിഖാന്തം എതിര്‍ത്തു. ഇതോടെ നിരാശയിലായ ജനങ്ങളെ പിന്തുണച്ച് കൊണ്ട് സാക്ഷാല്‍ പ്രധാനമന്ത്രി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ബ്രക്‌സിറ്റില്‍ നിന്നും മിച്ചം പിടിക്കുന്ന കോടികള്‍ എന്‍എച്ച്എസിന് നല്‍കാനുള്ള ദീർഘകാല പദ്ധതി തെരേസ മേയ് നേരിട്ട് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

വേനല്‍ക്കാലം കടന്ന് ശൈത്യകാലത്തേക്ക് എത്തുമ്പോഴേക്കും എന്‍എച്ച്എസ് സമ്മര്‍ദത്തിലാകും. ആവശ്യത്തിന് ജോലിക്കാരെ ബുദ്ധിമുട്ടുന്നതോടൊപ്പം ബജറ്റ് വെട്ടിക്കുറവ് മൂലം പല ചികിത്സകളും നല്‍കാന്‍ കഴിയാതെ പോകും. എന്നാല്‍ രോഗികളുടെ എണ്ണമേറുന്നതോടെ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത വിധം സമ്മര്‍ദത്തിലാകും എന്‍എച്ച്എസിന്റെ പ്രവര്‍ത്തനം. കഴിഞ്ഞ ശൈത്യകാലത്തെ തലവേദനകള്‍ ഇപ്പോഴും ഒഴിഞ്ഞ് പോയിട്ടില്ല. ഇതോടെയാണ് ഓരോ വര്‍ഷത്തെ ബജറ്റിന് പകരം 10 വര്‍ഷത്തേക്കെങ്കിലും ഫണ്ട് വകയിരുത്തുകയാണ് പരിഹാരം എന്ന് സ്ഥിരീകരിച്ചത്. പക്ഷെ അപ്പോഴും ചാന്‍സലര്‍ എതിര്‍ത്തു.

ഈ എതിര്‍പ്പുകളെല്ലാം വകവെയ്ക്കാതെ തെരേസ മേയ് പദ്ധതിയുമായി മുന്നോട്ട് പോകുകയാണ്. വാര്‍ഷികമായി മൂന്ന് ശതമാനം വീതം വര്‍ദ്ധിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. യൂറോപ്യന്‍ യൂണിയന്‍ മെംബര്‍ഷിപ്പ് ഫീസ് കൊടുക്കുന്നത് അവസാനിക്കുന്നതില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതം ഉപയോഗിച്ചാകും ഈ അധിക ഫണ്ട് പ്രദാനം ചെയ്യുക. ബ്രക്‌സിറ്റും, എന്‍എച്ച്എസും തമ്മില്‍ നേരിട്ട് ബന്ധപ്പെടാന്‍ അനുവദിക്കില്ലെന്ന ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിന്റെ നിലപാടാണ് പ്രധാനമന്ത്രി കീറിയെറിയുന്നത്. ബ്രക്‌സിറ്റ് മന്ത്രിമാരായ ബോറിസ് ജോണ്‍സണ്‍, മൈക്കിള്‍ ഗോവ് തുടങ്ങിയവരുടെ ശ്രമങ്ങളുടെ വിജയം കൂടിയാകും ഇത്.

എന്‍എച്ച്എസിന്റെ 70ാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ ലഭിക്കുന്ന അധിക ഫണ്ട് കൂടുതല്‍ ജീവനക്കാരെ ആകര്‍ഷിക്കാന്‍ ഫലപ്രദമായി വിനിയോഗിക്കാം. ടിയര്‍ 2 വിസ ക്യാപ്പില്‍ നിന്നും നഴ്‌സുമാരെയും, ഡോക്ടര്‍മാരെയും ഒഴിവാക്കിയതിനാൽ ആശുപത്രികള്‍ക്ക് ഫണ്ട് നല്ല രീതിയില്‍ വിനിയോഗിക്കാനുള്ള അവസരമാണ് ലഭിക്കുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more