1 GBP = 103.12

ബ്രെക്സിറ്റ് എന്ന ബിസ്കറ്റിന് മധുരമോ, കയ്പോ?

ബ്രെക്സിറ്റ് എന്ന ബിസ്കറ്റിന് മധുരമോ, കയ്പോ?

ഡൊമിനിക് മാത്യൂ

അണിയറയില്‍ ബ്രെക്സിറ്റ് എന്ന ബിസ്കറ്റിന്റെ ബേകിംഗ് തകൃതിയ്യായി നടന്നു കൊണ്ടിരിക്കുകയാണ്. മുൻകൂട്ടി നിശ്ചയിച്ച പല ചേരുവകകൾ കൂടിയും കുറച്ചും പരീക്ഷിച്ചിട്ടും ബിസ്കറ്റിന് വിചാരിച്ചത്ര സ്വാദ് കിട്ടുന്നില്ല .പരീക്ഷിച്ചു, പരീക്ഷിച്ചു, കുക്കും മടുത്തു, ശുഭാപ്തി വിശ്വാസവും പോയി. എന്നാല്‍, ഇതു ഇനി വേണ്ട എന്ന് വച്ചിട്ട് പണി നിര്‍ത്താന്‍ ആത്മാഭിമാനം അനുവദിക്കുന്നുമില്ല. നല്ല രുചിയുള്ള ബിസ്കറ്റ് എപ്പോള്‍ കൊണ്ടുവരും എന്ന് പ്രതീക്ഷിച് ഡൈനിങ്ങ്‌ മുറിയില്‍ ഇരിക്കുന്നവരുടെയും ക്ഷമ കെട്ടു.

ഈ സാഹചര്യത്തില്‍ ബ്രെക്സിറ്റ് ന്‍റെ നാള്‍ വഴികളിലുടെ ഒന്ന് സഞ്ചരിക്കുന്നത് അനുചിതം എന്ന് കരുതുന്നു. നാടിനെ ബ്രെക്സിറ്റ് എന്ന ചിന്തയിലേക്ക് നയിച്ച സാഹചര്യം എന്താണ്. കുറെ നാളുകളായി ,ഒരു നല്ല വിഭാഗം ബ്രിട്ടീഷ്‌കാര്‍ക്ക്, ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരുന്നത് കൊണ്ട്, പലതും കൈമോശം വന്നു കൊണ്ടിരിക്കുന്നു എന്ന വികാരം സക്തമായിരുന്നു.അതുകൊണ്ട് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്ത് വരണം എന്ന് അവര്‍ ഇവിടുത്തെ രാഷ്ട്രീയ പാർട്ടികളിൽ സമ്മര്‍ദം ചെലുത്തിക്കൊണ്ടുമിരുന്നു. ഈ സന്ദര്‍ഭത്തിലാണ് ശ്രീ ഡേവിഡ്‌ കാമറോണിന്റെ നേതൃത്വത്തില്‍ തിരഞ്ഞടുപ്പിനെ നേരിടുന്ന സാഹചര്യം ഉണ്ടായതു.

പാര്‍ട്ടി നേതാവായ ശ്രീ കാമാരോണ്‍ ഈ ജനവികാരം ശമിപ്പിക്കാൻ, തങ്ങളെ ജയിപ്പിച്ചു ലേബര്‍ പാര്‍ട്ടിയെ തള്ളി ,അധികാരത്തിൽ കൊണ്ടുവന്നാല്‍ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു പോകണമോ വേണ്ടയോ എന്നകാര്യത്തില്‍ ഒരു അഭിപ്രായ വോട്ടെടുപ്പ് നടുത്തുമെന്ന് പ്രഖ്യാപിച്ചു. ഇതിനു അനുകുല പ്രതികരണം എന്ന പോലെ ആ തെരഞ്ഞെടുപ്പില്‍ കൺസർവേറ്റിവ് പാര്‍ട്ടി അധികാരത്തില്‍ വന്നു, ശ്രീ ഡേവിഡ്‌ കാമറോൺ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായി. തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാന്‍ വേണ്ടി മാത്രം ശ്രീ കാമറോൺ ബ്രെക്സിറ്റ്‌ എന്ന പേരില്‍ ഒരു ജനഹിത പരിശോധനക്ക് തയാറായി. ഈ ഹിത പരിശോധനയില്‍ ബ്രെക്സിറ്റ് നു മുന്‍ തൂക്കം കിട്ടുകയില്ലെന്നും റിസള്‍ട്ട്‌ വരുമ്പോള്‍ ബ്രെക്സിറ്റ് തള്ളിപ്പോകുമെന്നും കൺസർവേറ്റിവ് പാർട്ടിയും ഡേവിഡ് കാമറോണും അന്ധമായി വിശ്വസിച്ചു. അതിനാല്‍ ബ്രെക്സിറ്റ് അനുകുല ജനവിധി വന്നാലും തന്‍ പ്രധാന മന്ത്രി ആയി തുടരുമെന്നും പറഞ്ഞുകൊണ്ടിരുന്നു.

എന്നാല്‍ റിസള്‍ട്ട്‌ വന്നപ്പോല്‍ അപ്രതീഷിതമായി ബ്രക്സിറ്റ് പക്ഷം നേരിയ ഭൂരിപക്ഷത്തിനു വിജയിക്കുന്നതാണ് കണ്ടത്.തന്ത്ര പ്രധാനമായ ഒരു ഹിത പരീക്ഷണത്തിന്‌ മുതിരുമ്പോള്‍ വെറും 50% ഭൂരിപക്ഷം ഉണ്ടെങ്കില്‍ ബ്രെക്സിറ്റ് നടപ്പാക്കും എന്നതിന് പകരം, അപകടം മുന്നില്‍ കണ്ടു 60 ഓ 70 ഓ ശതമാനം വോട്ട് ഉണ്ടെങ്കിലെ ബ്രെക്സിറ്റ് അനുവദിക്കൂ എന്ന് നേരത്തെ നിയമം പാസ്സാക്കേണ്ടിയിരുന്നു. കാരണം ഒരു രാജ്യത്തിന്‍റെ ഭാവി നിര്‍ണയിക്കുന്ന ഒരു തീരുമാനം ഒരു ചെറിയ ശതമാനത്തിന്റെ ഭൂരിപക്ഷത്തിൽ തീരുമാനിക്കപ്പെടേണ്ടതല്ല എന്ന് ഞാന്‍ കരുതുന്നു.

ബ്രെക്സിറ്റിൽ അവിചാരിത തോല്‍വി നേരിട്ടപ്പോള്‍ സ്വയം വരുത്തിവച്ച അബദ്ധത്തിലേക്ക് രാജ്യത്തെ തള്ളിവിട്ടിട്ടു, ഒരു ഭീരുവിനെപ്പോലെ പ്രധാനമന്ത്രി ഡേവിഡ് കാമറോൺ രാഷ്ട്രീയ വനവാസത്തിനു ഒളിച്ചോടുന്നതാണ് നാം കണ്ടത്. ഒരു പ്രതിസന്ധി ഘട്ടത്തിൽ അന്തസ്സുള്ള ഒരു നേതാവ് കാണിക്കുന്ന ഒരു പ്രവര്‍ത്തിയായി ഇതിനെ കാണാനാവില്ല.

ബ്രക്സിറ്റ് ജനവിധിക്ക്‌ മുന്നോടിയായി നടത്തിയ നാഷണൽ ഡിബേറ്റുകളിൽ ബ്രക്സിറ്റ് അനുകുലികള്‍ പൊതുജനങ്ങളിൽ അടിസ്ഥാന രഹിതമായ പല പൊള്ളത്തരങ്ങളും സാമ്പത്തിക ലാഭകണക്കുകളും ബ്രെക്സിറ്റ് കൊണ്ട് രാജ്യത്തിന്‌ ഉണ്ടാകും എന്നാ ധാരണ പരത്തി.ഈ ധാരണ ഒരു നല്ല ജനവിഭാഗത്തെ ബ്രെക്സിറ്റ് അനുകുലമായി വോടുചെയ്യാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ ഇതില്‍ പലതും വാസ്തവമല്ലെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നു. ബ്രിട്ടന്‍ സ്വപ്നം കണ്ടത് പോലെ ഒരു ബ്രെക്സിറ്റ് കിട്ടിയിരുന്നെങ്കിൽ ഗുണമുണ്ടായേനെ .എന്നാല്‍ അതല്ലല്ലോ ഇപ്പോള്‍ കാണുന്നത്.

ബ്രെക്സിറ്റിന്റെ രണഭൂമിയില്‍, നിന്ന് നയിക്കേണ്ട പട നായകന്‍ ഒളിച്ചോടിയപ്പോൾ പിന്നെ മുന്‍നിരയിലുണ്ടായിരുന്ന പാവം, ശ്രീമതി തെരേസ മേയുടെ ചുമലില്‍ ചുമതല വന്നു പെട്ടു. ബ്രെക്സിറ്റ് അനുകുലി അല്ലാതിരുന്ന അവര്‍ ജനഹിതം മാനിച് ബ്രെക്സിറ്റ്നായി പടപൊരുതി, തുടരെ തോല്‍വികള്‍ ഏറ്റുവാങ്ങുന്ന അസുഖകരമായ കാഴ്ചയാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. തുടക്കം മുതല്‍ “No deal is better than bad deal” എന്ന് തുടരെ വീരവാദം മുഴക്കികൊണ്ടിരുന്നവര്‍ തന്നെ, ഇപ്പോള്‍ ഒരു കാരണവശാലും നോ ഡീൽ വേണ്ടേ വേണ്ട എന്ന് പറഞ്ഞു കരയുന്നു.ബ്രിട്ടന് ഒരു ബുദ്ധിമുട്ടും ഇല്ലാതെ, സ്വന്തമായ തീരുമാനങ്ങള്‍ നിരത്തി, യൂറോപ്യൻ യൂണിയനിൽ നിന്നും ബാക്സിറ്റ് നേടിയെടുക്കാം എന്നുകരുതിയവര്‍ ഇന്നു “ഇല്ലത്ത് നിന്ന് പുറപ്പെട്ടു,അമ്മത്ത് ഒട്ട് എത്തിയുമില്ല “ എന്ന അവസ്ഥയിലാണ്. അമിത ആവേശത്താല്‍ ഒരു വലിയ ദുരന്തത്തിലേക്ക് ചിന്താ ശൂന്യനായി നടന്നു കയറിയ അഭ്യാസിയെപ്പോലെ തലയൂരാന്‍ പാടുപെടുകയാണിപ്പോൾ. എങ്ങിനെ കളിച്ചാലും പരിക്ക് ഉറപ്പ്. പരിക്ക് എങ്ങിനെ കുറയ്ക്കാം എന്ന് മാത്രം ചിന്തിക്കേണ്ട അവസ്ഥ.

എന്തൊക്കെയാണ് ജനത്തെ ബ്രെക്സിറ്റിലേക്ക് നയിച്ച വികാരങ്ങള്‍? ബ്രിട്ടന്റെ പരമാധികാരങ്ങളില്‍ യൂറോപ്യൻ യൂണിയൻ കൈകടത്തുന്നു, ഇ.യു .രാജ്യങ്ങള്‍ തമ്മില്ലുള്ള ആളുകളുടെ സ്വതന്ത്ര സഞ്ചാരത്തിന്റെ ദുരുപയോഗത്താല്‍ നമുക്ക് വലിയ സാമ്പത്തിക നഷ്ടം, അടിസ്ഥാന സർവീസുകൾക്ക് താങ്ങാനാവാത്ത തിരക്ക്, മൂന്നാം രാജ്യങ്ങളില്‍ നിന്നും യൂറോപ്യൻ യൂണിയൻ വഴി വരുന്ന അനിയന്ത്രിത കുടിയേറ്റം, അതിന്റെ സാമ്പത്തിക ഭാരം, പല ,ഇ.യു നിയമങ്ങലോടുള്ള ബ്രിട്ടന്റെ എതിര്‍പ് . ഒറ്റയ്ക്ക് നിന്നാല്‍ രാജ്യത്തിന്‌ കൂടുതല്‍ വളര്‍ച്ച ഉണ്ടാകും,ഇങ്ങനെ പലതും.

മേൽപ്പറഞ്ഞ കാര്യങ്ങളിൽ കുറെയൊക്കെ വാസ്തവം ഇല്ലാതില്ല. ബ്രിട്ടനെപ്പോലെയുള്ള ചെറിയ ഒരു രാജ്യത്തിന് അനിയന്ത്രിതമായ കുടിയേറ്റം, തത്ഫലമായി ഉണ്ടാകുന്ന സാമൂഹിക, സാമ്പത്തിക ബാധ്യതകൾ മുതലായവ താങ്ങാൻ ബുദ്ധിമുട്ട് വരും. ബ്രെക്സിറ്റ്‌ എന്ന ആശയത്തിലേക്ക് നയിച്ച മറ്റു പല ഘടകങ്ങളും കുറെയെങ്കിലും അതിന്റെ ഉദ്ദേശശുദ്ധിയെ ന്യായീകരിക്കുന്നു.

പക്ഷേ ബ്രെക്സിറ്റ്‌ നടന്നാലുണ്ടാകുന്ന ഭവിഷ്യത്തുകളെയോ അവയെ നേരിടാനുള്ള മുന്നൊരുക്കങ്ങളെക്കുറിച്ചോ വേണ്ടത്ര യുക്തിസഹമായ ആലോചനകളോ ചിന്തകളോ ഇല്ലാതെ പൊള്ളയായ കണക്കുകൾ നിരത്തി, ജനങ്ങളെ വിശ്വസിപ്പിച്ച്, വോട്ട് ചെയ്യിച്ച് ഭൂരിപക്ഷം നേടിയെടുത്ത മേലാളന്മാർക്ക് പതിമൂന്നാം മണിക്കൂറിൽ മാത്രമാണ്, ബ്രെക്സിറ്റ്‌ നടത്തിയെടുക്കുന്നതിന്റെ ബുദ്ധിമുട്ട് മനസ്സിലായത്. ഇത് തികഞ്ഞ ബുദ്ധിശൂന്യത തന്നെ.

ബ്രിട്ടനെ നല്ലൊരു ഡീൽ നൽകി യൂറോപ്യൻ യൂണിയൻ യാത്രയാക്കിയാൽ, ഇത് നല്ലതെന്ന് കണ്ടു ഇതേ പാത പിന്തുടർന്ന് യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകാൻ വെമ്പുന്ന മറ്റ് രാജ്യങ്ങൾക്ക് പ്രചോദനമാകും. അതുകൊണ്ട് തന്നെ ബ്രിട്ടന് മാത്രമായി നല്ലൊരു ഡീൽ നൽകാൻ യൂറോപ്യൻ യൂണിയൻ തയ്യാറാകും എന്നത് കണ്ടു തന്നെയറിയണം. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ബ്രെക്സിറ്റ്‌ ഉണ്ടോ, നടക്കുമോ, അതോ മറ്റു സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞു എന്നേക്കുമായി ബ്രെക്സിറ്റ്‌ ഇല്ലാതാകുമോ എന്നതൊക്കെ പ്രവചിക്കാൻ അസാദ്ധ്യം. ബ്രെക്സിറ്റ്‌ ബ്രിട്ടൻ പ്രതീക്ഷിച്ച രീതിയിൽ നടന്നാൽ, അതുകൊണ്ടു രാജ്യത്തിന് ഗുണമുണ്ടാകുമെന്ന് കരുതിയിരുന്ന ജനത്തിന്റെ ഒരു പ്രതിനിധിയാണ് ഞാനും. എന്നാൽ അത് യാഥാർഥ്യവുമായി വളരെ അകലെയാണെന്ന് സംശയം കൂറുന്നവരുടെ കൂടെയാണ് ഇപ്പോൾ എന്റെയും നില.

ഒന്ന് പറയാതെ വയ്യ, രാഷ്ട്രീയ പാർട്ടികളും ചില നേതാക്കന്മാരും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ബ്രെക്സിറ്റ്‌ വരുത്തി വച്ചിട്ട്, ഇപ്പോൾ അബദ്ധം പറ്റിയെന്ന് തോന്നുന്ന ജനത്തിന്റെ ‘ബ്രെക്സിറ്റ്‌ ജനഹിതം’ എന്ത് വിലകൊടുത്തും രാജ്യത്തിന് നഷ്ടം വന്നാലും നടത്തിയെടുക്കും എന്ന രാഷ്ട്രീയക്കാരുടെ ‘ജനവാത്സല്യം’ എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല………

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more